EID AL FITR | വ്രതശുദ്ധിയുടെ നിറവില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; നാടെങ്ങും പ്രാര്‍ഥനയും ആഘോഷങ്ങളും

Update: 2025-03-30 06:45 GMT

ദുബൈ: വ്രതശുദ്ധിയുടെ നിറവില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകിട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ് റൈന്‍ തുടങ്ങി 11 രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

ഇവിടെ 29 നോമ്പ് പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍, ജോര്‍ദാന്‍, സിറിയ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങള്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഇന്ന് റമസാന്‍ 30 പൂര്‍ത്തിയാക്കി നാളെ പെരുന്നാള്‍ ആഘോഷിക്കും. നാടും നഗരവും അലങ്കരിച്ച് കൊണ്ട് പെരുന്നാളിനെ വരവേല്‍ക്കുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം ആളുകളുടെ തിരക്കാണ്. കച്ചവടങ്ങളെല്ലാം പൊടിപൊടിക്കുന്നു.

കുവൈത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് പിറക് വശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അബ്ദുല്‍ നാസര്‍ മുട്ടിലും സാല്‍മിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അല്‍വുഹൈബിന് മുന്‍വശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അല്‍ അമീന്‍ സുല്ലമിയും നേതൃത്വം നല്‍കി.

മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അല്‍ അജ്മിയില്‍ മുര്‍ഷിദ് അരീക്കാടും മെഹബൂല ഓള്‍ഡ് എന്‍.എസ്.സി ക്യാമ്പ് മസ്ജിദില്‍ ശാനിബ് പേരാമ്പ്രയും പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. നമസ്‌കാര സമയം 5.56 നാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

രാവിലെ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാണ് സൗദിയില്‍ ഈദുല്‍ ഫിത് ര്‍ നമസ്‌കാരം. ഈദുല്‍ ഫിത് ര്‍ നമസ്‌കാരത്തിനായി സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയതായി മതകാര്യ വകുപ്പ് അറിയിച്ചിരുന്നു.

വിവിധ പ്രദേശങ്ങളിലായി 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഒരുക്കിയിരുന്നു. ഉമ്മുല്‍ ഖുറ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും ഈദ് നമസ്‌കാരം. 5.43 നാണ് ഖത്തറില്‍ പെരുന്നാള്‍ നമസ്‌കാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ഓളം കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് മതകാര്യ മന്ത്രാലയം സൗകര്യം ഒരുക്കി.

ദുബൈ, ഷാര്‍ജ, അജ് മാന്‍, എന്നിവിടങ്ങളില്‍ മലയാളി ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. നമസ്‌ക്കാരത്തിനുശേഷം ചില സ്ഥലങ്ങളില്‍ ഈദ് പീരങ്കികള്‍ മുഴക്കിയിട്ടുണ്ട്.

Similar News