ബോര്‍ഡിങ് പാസ് അനുവദിച്ചെങ്കിലും വിമാനത്തില്‍ കയറിയപ്പോള്‍ ഇറക്കിവിട്ടു; മലയാളി ഡോക്ടര്‍ ദമ്പതികള്‍ക്ക് കുവൈത്ത് എയര്‍വേഴ്‌സ് നല്‍കേണ്ടത് 10 ലക്ഷം
കുവൈത്ത് : മലയാളി ഡോക്ടര്‍ ദമ്പതികളുടെ പരാതിയില്‍ കുവൈത്ത് എയര്‍വേഴ്‌സിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍. ഡോക്ടര്‍മാരായ ദമ്പതികള്‍ക്ക് വിമാനത്തില്‍ ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ പേരിലാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. വളാഞ്ചേരി സ്വദേശികളായ ഡോ. എന്‍.എം.മുജീബ് റഹ് മാന്‍, ഭാര്യ ഡോ.സി.എം.ഷക്കീല എന്നിവരാണ് പരാതിക്കാര്‍. 2023 നവംബര്‍ 30നും ഡിസംബര്‍ 10നും ഇടയിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
2023 നവംബര്‍ 30ന് കൊച്ചിയില്‍ നിന്ന് കുവൈത്ത് വഴി ബാര്‍സിലോനയിലേക്കും ഡിസംബര്‍ 10ന് മഡ്രിഡില്‍ നിന്ന് ഇതേ വഴി തിരിച്ചും യാത്ര ചെയ്യാന്‍ കുവൈത്ത് എയര്‍വേഴ്‌സില്‍ ബിസിനസ് ക്ലാസില്‍ ദമ്പതികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ തിരിച്ചുള്ള യാത്രയില്‍ ഇവരെ കുവൈത്തില്‍ ഇറക്കുന്നതിന് പകരം ദോഹയിലാണ് ഇറക്കിയത്.
കുവൈത്ത് വഴിയല്ല ദോഹ വഴിയാണ് വിമാനം പോകുന്നതെന്ന് മഡ്രിഡില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് യാത്രക്കാരെ അറിയിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ബിസിനസ് ക്ലാസ് ടിക്കറ്റില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന വിശ്രമ സൗകര്യമോ ഭക്ഷണമോ നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഇവര്‍ക്ക് ബോര്‍ഡിങ് പാസ് അനുവദിച്ചെങ്കിലും വിമാനത്തില്‍ കയറിയപ്പോള്‍ ഇറക്കിവിട്ടുവെന്നും പറയുന്നു.
പിന്നീട് വിമാനക്കമ്പനി മറ്റൊരു വിമാനത്തില്‍ യാത്ര ഏര്‍പ്പാട് ചെയ്‌തെങ്കിലും നേരത്തെ ബുക്ക് ചെയ്തതില്‍ നിന്ന് 24 മണിക്കൂര്‍ വൈകിയാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞത്. ഇതോടെയാണ് വിമാനകമ്പനിയുടെ സേവനത്തിലെ വീഴ്ചയ്‌ക്കെതിരെ ദമ്പതികള്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.
കുവൈത്തില്‍ കാലാവസ്ഥ മോശമായതിനാല്‍ പരാതിക്കാരുടെ സുരക്ഷ കാരണമാണ് യാത്ര ദോഹ വഴിയാക്കിയതെന്നായിരുന്നു കമ്പനിയുടെ വാദം. ബോര്‍ഡിങ് പാസ് നല്‍കുമ്പോഴുള്ള ഉപദേശങ്ങള്‍ പാലിക്കാത്തതിനാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നിന്ന് ഇറക്കേണ്ടി വന്നതെന്നും സേവനത്തില്‍ വീഴ്ച വരുത്തിയില്ലെന്നും കമ്പനി വാദിച്ചു. തുടര്‍ന്ന് വാദങ്ങളും രേഖകളും പരിശോധിച്ച കമ്മിഷന്‍ കുവൈത്ത് എയര്‍വേഴ്‌സിന്റേത് സേവനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. പരാതിക്കാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നല്‍കണമെന്നാണ്് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചത്.