പ്രവാസികളുടെ മരണാനന്തര നടപടികള്‍ എളുപ്പമാക്കാന്‍ അബുദാബി; സനദ്‌കോം പദ്ധതി വിപുലീകരിക്കും

Update: 2024-12-20 06:42 GMT

അബുദാബി: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാനും ചിലവുകള്‍ ഏറ്റെടുക്കാനും അബുദാബി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'സനദ്കോം' പദ്ധതിക്ക് ഇനി സ്വീകര്യത ഏറും. പ്രവാസികള്‍ ഉള്‍പ്പെടെ എമിറേറ്റിലെ എല്ലാ താമസക്കാരെയും ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചിരിക്കുകയാണ്.2024 ജനുവരിയിലാണ് സനദ്‌കോം പദ്ധതിക്ക് തുടക്കമായത്. അബുദാബി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പദ്ധതിയിലൂടെ മരണ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനും ശ്മശാനങ്ങള്‍ ക്രമീകരിക്കുന്നതിനും ആവശ്യമെങ്കില്‍ ഭൗതികദേഹം യാത്രയ്ക്ക് സജ്ജമാക്കുന്നതിനും സഹായം ലഭിക്കും. ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് കേന്ദ്രീകൃതമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുഖേനയായിരിക്കും സേവനം. ഇനി വ്യക്തികള്‍ക്ക് നേരിട്ട് ഇവിടങ്ങളില്‍ സന്ദര്‍ശിക്കേണ്ടി വരില്ല.

അബുദാബിയിലെ സാമൂഹ്യ സന്നദ്ധ സംഘടനയായ മാഅന്‍ മായും പദ്ധതിയിലൂടെ സഹകരിക്കും. മരണാനന്തരം കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നേരിടുന്ന പണച്ചെലവ് തടയാനാണ് മാഅന്‍ പ്രവര്‍ത്തിക്കുന്നത്.മരണം എവിടെയാണോ സംഭവിച്ചത്, അവിടുത്തെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കും. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിനും മറ്റ് അനുമതികള്‍ നേടുന്നതിനും ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സഹായവും ലഭിക്കും.

Similar News