ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് എട്ടരക്കോടിയോളം രൂപയുടെ സമ്മാനം
വേണുഗോപാലും കുടുംബവും
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്ക് എട്ടര കോടിയോളം രൂപയുടെ സമ്മാനം. അജ്മാനില്‍ താമസിക്കുന്ന കുണ്ടംകുഴിയിലെ വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളറാണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍. 10 ലക്ഷം ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനുമാണ്. 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കാറുള്ള വേണുഗോപാലിനെ ഇത്തവണ ഭാഗ്യം തേടിയെത്തുകയായിരുന്നു. അജ്മാനിലെ കമ്പനിയില്‍ ഐ.ടി സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയാണ് വേണുഗോപാല്‍. ഏപ്രില്‍ 23ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. 15 വര്‍ഷമായി താന്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ഇതുവരെയും ആ ഞെട്ടലില്‍ നിന്ന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
25 വര്‍ഷത്തിലേറെയായി പലരുടെയും ജീവിതങ്ങള്‍ മാറ്റിമറിച്ചതാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്.