ബഷീറിന്റെ കൈവിലങ്ങ് എന്ന കഥയിലെ ഒരു വാക്യമാണ് ബഷീര്‍ ദിനത്തില്‍ ഞാന്‍ നിങ്ങള്‍ക്കായി എഴുതുന്നത്. നമ്മളാരും ഒറ്റയ്ക്കാകുമ്പോള്‍ അതില്‍ രസം കാണുന്നവരല്ല. എനിക്കാരുമില്ലല്ലോ എന്ന് ദു:ഖിക്കുന്നവരാണ്. ഒറ്റയ്ക്കാവുന്നതില്‍ വലിയൊരു രസം കണ്ടിരുന്ന ആളാണ് ബഷീര്‍. ''ഭീരുക്കളെപ്പോലെ ഞാന്‍ ഒറ്റയ്ക്കായിപ്പോയി, എനിക്കാരുമില്ലല്ലോ എന്ന് ബഷീര്‍ വിലപിച്ചിരുന്നില്ല. അദ്ദേഹം ദൈവം ഇല്ലെങ്കില്‍ ഞാന്‍ ദൈവത്തെ ഉണ്ടാക്കിക്കാണിക്കും'' എന്ന് പറഞ്ഞതുപോലെ തന്നെയാണ് ഈ വാക്യവും. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്ന എത്രയോ മനുഷ്യരുണ്ട്. അവര്‍ക്കൊക്കെ നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന വാക്യമാണിത്. ഒറ്റയ്ക്ക് നില്‍ക്കുന്നവനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന ആളാണ് ബഷീര്‍. കൈവിലങ്ങിലെ കഥ നടക്കുന്നത് 1936ന് ശേഷമാണ്. ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് അദ്ദേഹം എറണാകുളത്തെത്തി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കാലം. സര്‍സിപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ സ്വന്തം പേരിലും മറ്റു പേരിലും നിരന്തരം ലഘുലേഖകള്‍ എഴുതി. ആദ്യത്തെ എഴുത്ത് കഥയായിരുന്നില്ല. ഫാസിസത്തിന് എതിരെയുള്ള ലഘുലേഖയായിരുന്നു. യാത്രയില്‍ അദ്ദേഹം പേഷവാറിലും പോയിരുന്നു. അവിടെയുള്ള ഇംഗ്ലീഷ് പത്രത്തില്‍ അദ്ദേഹം കോപ്പി ഹോള്‍ഡര്‍ ആയിരുന്നു. വൈക്കം ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴാണദ്ദേഹം ഉത്തരേന്ത്യയിലേക്ക് പോകുന്നത്. പേഷവാറില്‍ ബഷീറിന് ഇംഗീഷ് അറിയുന്നത് കൊണ്ടാണ് ഇംഗ്ലീഷ് പത്രത്തില്‍ ജോലി കിട്ടുന്നത്. ഫാസിസത്തെതുരത്താന്‍ ലഘുലേഖയുണ്ടാക്കുക അന്ന് ലോകവ്യാപകമായി നടക്കുന്ന ഒരു പ്രതിരോധപ്രവര്‍ത്തനമായിരുന്നു. താന്‍ മാതൃ ദേശത്തും അതു തന്നെയാണ് എന്ന് ബഷീര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. അങ്ങനെയാണ് കൊച്ചിയില്‍ സര്‍ സി.പിക്കെതിരെ ധര്‍മ്മരാജ്യം എന്ന ലഘുലേഖയുമായി രംഗപ്രവേശം ചെയ്യുന്നത്. ആ കാലഘട്ടത്തില്‍ ലോകത്ത് നിലനില്‍ക്കുന്ന ഫാസിസം (മുസ്സോളിനി) പോലെ തന്നെയാണ് കേരളത്തിലെ സര്‍ സി.പി. ഭരണവും എന്ന് ബഷീര്‍ സ്വയം തിരിച്ചറിഞ്ഞു. ധര്‍മ്മരാജ്യം സര്‍ സി.പിയുടെ പൊലീസ് കണ്ടുകെട്ടി ബഷീറിനെ തിരുവിതാംകൂറില്‍ നിന്ന് പുറത്താക്കി. അദ്ദേഹം തന്റെ ഏകാന്തതയെ അതിജീവിക്കാന്‍ സംഗീതമുള്ള ഗ്രാമ ഫോണും സൈക്കിളുമായി ഊരുചുറ്റി. അവസാനം കൊല്ലം കസബാ ലോക്കപ്പില്‍ വിചാരണത്തടവുകാരനായി. ഓരോ തവണയും കോടതിയില്‍ ഹാജരാക്കി കേസ് അനന്തമായി നീട്ടുന്ന രീതിയായിരുന്നു അന്ന്. അത് ഒരു വര്‍ഷത്തോളം നീണ്ടു. ഇടയ്ക്കിടയ്ക്ക് കോടതിയില്‍ കൊണ്ടുപോയി വിചാരണ നടത്തി വീണ്ടും ലോക്കപ്പിലാക്കും. കഥാസന്ദര്‍ഭം അതാണ്. ബഷീറിന്റെ ഇടത്തേ കൈയില്‍ വിലങ്ങിട്ട് മറ്റൊരു തടവുകാരന്റെ കൈകൊണ്ട് ബന്ധിപ്പിക്കും. രണ്ടു പേരുള്ള 16 ജോഡികളില്‍ ഒരു ജോഡിയായി ബഷീര്‍ മുതുകില്‍ തന്റെ വസ്തുവകകളും ചുമന്നാണ് ആ 32 പേരുമായിപ്പോകുന്നത്. കോടതിയിലെത്തുമ്പോള്‍ അന്ന് വിചാരണയുള്ള ഒരു കോണ്‍ഗ്രസുകാരനും ഭാര്യയുമുണ്ട്. ഭാര്യ ഭര്‍ത്താവിന്റെ വിധിയറിയാന്‍ അണിഞ്ഞൊരുങ്ങി വന്നിട്ടുണ്ട്. ബഷീറിന്റെ കൂടെ കൈയാമം വെച്ച വിചാരണത്തടവുകാരനേയുള്ളു. ഖദര്‍ ധരിച്ച കോണ്‍ഗ്രസ്സുകാരന്റെ വിധി ജഡ്ജി വായിച്ചു. രണ്ടു വര്‍ഷം തടവും ആയിരം രൂപ പിഴയും. ഇതു കേട്ട അദ്ദേഹത്തിന്റെ ഭാര്യ തലചുറ്റി കോടതിയില്‍ വീണു. അതുകണ്ടു എല്ലാവരും സ്തബ്ധരായി അപ്പോള്‍ ബഷീര്‍ പറയുന്ന വാക്യമാണ്: എനിക്കാരും ഇല്ലാത്തതില്‍ ഒരു രസമുണ്ട്. തനിക്ക് വേണ്ടി ബോധം കെട്ടു വീഴുവാന്‍ ആരുമില്ല എന്നത് ബഷീറിനെ സന്തോഷിപ്പിച്ചു. ഇത് പിന്നീട് ബഷീറിന്റെ ജീവിത വാക്യവുമായി. ആ വാക്യവുമായി അരനൂറ്റാണ്ടിലധികം കാലം കേരളത്തില്‍ ജീവിച്ചു. ഏകാകിയാകുന്ന ഓരോ മനുഷ്യനും അതിജീവനം നല്‍കിക്കൊണ്ട്. ഇന്ന് മരണാനന്തരവും ആ വാക്യങ്ങള്‍ മനുഷ്യര്‍ക്ക് അഭയമാകുന്നുണ്ട്, എനിക്കാരുമില്ലാത്തതില്‍ ഒരു രസമുണ്ട്.