ഒരു കാര്‍ യാത്ര മുന്‍വിധികളെല്ലാം വി.എസ് മാറ്റിമറിച്ചു
പ്രകൃതി സംരക്ഷണത്തിനായും ചൂഷണവ്യവസ്ഥക്കെതിരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും സന്ധിയില്ലാ സമരം ചെയ്യാന്‍ തന്റെ ആയുസ്സ് മുഴുവന്‍ പ്രയോജനപ്പെടുത്തിയ ഒരു ജനനേതാവ് ആയിരുന്നല്ലോ വി.എസ്.
1992ലെ ഒരു ഡിസംബര്‍ മാസം. കല്‍ക്കട്ടയുടെ ആകാശത്തില്‍ മൂടല്‍മഞ്ഞു തിങ്ങിനിറഞ്ഞ ആ സായഹ്നത്തില്‍ വി.എസ്. അച്യുതാനന്ദനെ സ്വീകരിക്കാന്‍ അവിചാരിതമായി കിട്ടിയ ഒരു നിയോഗം.
എന്റെ സുഹൃത്ത് മാവേലിക്കരക്കാരന്‍ വിജയന്‍ വര്‍ഷങ്ങളായി പാര്‍ക്ക് സ്ട്രീറ്റില്‍ താമസിക്കുന്ന തികഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍. ഗൗരിയമ്മയുടെ ഒരു അകന്ന ബന്ധു കൂടിയായിരുന്നു, വിജയന്‍. കേരളത്തിലെ ഒട്ടുമിക്ക ഇടതുനേതാക്കളുടെയും അറിയപ്പെടുന്ന ഒരു പ്രതിനിധി. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിലെ ഉന്നതരുമായുള്ള വിജയന്റെ ബന്ധം കേരള നേതാക്കള്‍ക്ക് ഒട്ടേറെ ഉപകാരപ്രദവുമായിരുന്നു. പരേതനായ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കല്‍ക്കട്ടയില്‍ വന്നാലൊക്കെ വിജയന്റെ വീട്ടിലായിരുന്നു താമസം. വി.എസ് വരുന്നതറിഞ്ഞു സ്വീകരിക്കാന്‍ എന്നെയും കൂട്ടിയാണ് വിജയന്‍ കല്‍ക്കട്ട എയര്‍പോര്‍ട്ടില്‍ പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളിലോ, നേതാക്കളിലോ വലിയ മതിപ്പൊന്നുമില്ലാതിരുന്ന എനിക്ക് ഒരു മുന്‍വിധി കൂടിയുണ്ടായിരുന്നു. മുമ്പൊരിക്കല്‍ ഇ.കെ നായനാരെ പരിചയപ്പെടാനിടയായപ്പോള്‍ ആ മുന്‍വിധി തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതുമാണ്.
വളരെ സൗമ്യനായി, കയ്യില്‍ കുറേ പത്രങ്ങളുമായി, ഒരു കൊച്ചു ബാഗ് തോളില്‍വെച്ച് എയര്‍ പോര്‍ട്ടില്‍ നിന്ന് നടന്നടുത്ത വി.എസിനെ അടുത്തു കണ്ടപ്പോള്‍ തെല്ലൊരു ഭയമുണ്ടായിരുന്നു. എന്നാല്‍ മുളിയാറുകാരനാണെന്നും കേരള മാര്‍ക്കറ്റ്‌ഫെഡിന്റെ കല്‍ക്കട്ട മാനേജറാണ് ഞാനെന്ന് വിജയന്‍ പറഞ്ഞപ്പോള്‍ വി.എസ് ചുമലില്‍ തട്ടി എന്നെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ ബാഗ് വിജയനെ ഏല്‍പ്പിച്ച് കാര്‍ പാര്‍ക്കിങ്ങിലേക്ക് നടക്കുമ്പോള്‍ മുതല്‍ ഗ്രേറ്റ് ഈസ്റ്റേണ്‍ ഹോട്ടലിലെ മുറിയില്‍ എത്തുന്നതുവരെ വിവിധ വിഷയങ്ങളെക്കുറിച്ച് സഗൗരവം സംസാരിക്കാനുള്ള സന്മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പൗത്രനാണ് ഞാനെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ വാത്സല്യം ഞാനിപ്പോഴും ഓര്‍മ്മിച്ചെടുക്കുന്നു. അദ്ദേഹം കൂടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം നടത്തിയ പോരാളിയായിരുന്നല്ലോ.
ഞാനൂഹിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നില്ല വി.എസ്. തെറ്റിദ്ധരിച്ചത് പോലെ ഗൗരവക്കാരനല്ല. അഹങ്കാരവും ഒട്ടുമില്ല. ഏതു വിഷയത്തിലും അതിന്റെ മര്‍മ്മമറിഞ്ഞ് അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. കല്‍ക്കട്ട എന്ന മഹാനഗരത്തില്‍ കുടിയേറിയ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ സഹായം സംസ്ഥാനത്തിന് നല്‍കാത്തതില്‍ അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തി. വ്യവസായികളുമായുള്ള ചന്ദന്‍ ബസുവിന്റെ (അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ മകന്‍) അതിരുവിട്ട ബന്ധം പാര്‍ട്ടിക്ക് നല്ലതല്ല എന്നുള്ള അഭിപ്രായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അക്കാലത്ത് അതൊരു വലിയ ചര്‍ച്ചാ വിഷയവുമായിരുന്നു. വ്യക്തിപരമായി എനിക്ക് ബംഗാളികളെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ താല്‍പര്യപ്പെട്ട അദ്ദേഹത്തോട് മനസ്സ് തുറന്നു സംസാരിക്കാന്‍ ആ കാര്‍ യാത്രയില്‍ സാധിച്ചു. കാളിദേവിയും കാറല്‍ മാര്‍ക്‌സും ജ്യോതി ബസുവും ബംഗാളികളുടെ പൂജാ മുറികളില്‍ തുല്യപ്രാധാന്യത്തോടെ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തിക്ഷയം വരാത്തത് എന്ന് തൊണ്ണൂറുകളിലെ എന്റെ അനുഭവംവെച്ച് ഞാന്‍ പറയുകയുണ്ടായി. കേരളത്തിലാണെങ്കില്‍ ക്ഷേത്രവും പൂജകളുമെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിഷിദ്ധമായിരുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നല്ലോ. 'ഈ മോഹനന്‍ വലിയ ഗവേഷകനാണല്ലോ വിജയാ...' എന്നായിരുന്നു വി.എസിന്റെ തമാശയില്‍ പൊതിഞ്ഞ പ്രതികരണം.
വിജയനും മകന്‍ വിനേഷ് വിജയനും പാര്‍ക്ക് സ്ട്രീറ്റിലെ വീട്ടില്‍ വി.എസിനൊപ്പം
പില്‍ക്കാലത്ത് കൂടുതല്‍ തീവ്രനിലപാടുകള്‍ നടപ്പിലാക്കിയ, കോണ്‍ഗ്രസിലെ വിമതയായി മാറിയ മമത ബാനര്‍ജിക്ക് മുമ്പില്‍ ഒരിക്കല്‍ അജയ്യമായി നിന്ന ഇടതുപക്ഷം ബംഗാളില്‍ തകര്‍ന്നടിഞ്ഞു പോയി എന്നത് ചരിത്രം. അതിലൊക്കെ വി.എസിനെ പോലുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് ഏറെ ദു:ഖമുണ്ടായിട്ടുണ്ടാകണം. എന്റെ കുടുംബ കാര്യങ്ങള്‍, കുട്ടികളെ കുറിച്ചും എന്റെ ഭാവി പദ്ധതികളെ കുറിച്ചുമെല്ലാം വളരെ താല്‍പര്യത്തോടെയാണ് ആ തൊഴിലാളി നേതാവിന്റെ ചോദ്യങ്ങള്‍. അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചുള്ള എന്റെ തെറ്റായ മുന്‍ധാരണകളെല്ലാം അപ്പാടെ മാറിമറിഞ്ഞു.
ആ ഒരു മണിക്കൂര്‍ കാര്‍ യാത്രയിലൂടെ പിന്നീട് തന്റെ 82-ാം വയസ്സില്‍ മുഖ്യമന്ത്രിയായ വി.എസിനെ ഞാന്‍ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റ് ഫെഡിന്റെ കല്‍ക്കട്ട ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പിന്നീട് ത്രിപുരയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇ.കെ നായനാരും വി.എസും ആയുള്ള എന്റെ വ്യക്തിബന്ധങ്ങള്‍ ഏറെ സഹായിച്ചിരുന്നു. പ്രകൃതി സംരക്ഷണത്തിനായും ചൂഷണവ്യവസ്ഥക്കെതിരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും സന്ധിയില്ലാ സമരം ചെയ്യാന്‍ തന്റെ ആയുസ്സ് മുഴുവന്‍ പ്രയോജനപ്പെടുത്തിയ ഒരു ജനനേതാവ് ആയിരുന്നല്ലോ വി.എസ്. ഇന്നിപ്പോള്‍ അദ്ദേഹം നിരന്തരം പോരാടി ഇല്ലാതാക്കിയ വിഷയങ്ങളില്‍ പലതും തലനീട്ടി തിരികെ വരുന്നത് കാണുമ്പോള്‍ വി.എസ് എന്ന നേതാവിന്റെ അഭാവം നാം തിരിച്ചറിയുന്നു.
ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ 1992ല്‍ വിജയന്റെ വീട്ടിലെത്തിയപ്പോള്‍