വിസ്മയം വി.എസ്

By :  Sub Editor
Update: 2025-07-22 09:58 GMT
1923ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍  ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു  ജനതയുടെ വികാരമായി മാറിയ 'വി.എസ്' എന്ന  രണ്ടക്ഷരത്തിലേക്ക് മാറിയതും ആ സമര  പോരാട്ടങ്ങളിലൂടെയായിരുന്നു.

വി.എസ്. എന്ന രണ്ടക്ഷരം കേരളത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട വിസ്മയകരമായ ചരിത്രമാണ്. മലയാളക്കരയില്‍ ഒരിക്കലും മായാത്ത നക്ഷത്രമായി വി.എസ്. ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും. അത്രമേല്‍ സമരപുളകിതമായ ജിവിതത്തില്‍ നിന്നാണ് വി.എസ് യാത്രയാകുന്നത്. വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ കേരളം ഒന്നാകെ നൊമ്പരപ്പെടുകയാണ്.

വാക്പ്രയോഗങ്ങളും ഇടപെടലും നിലപാടും സമരാവേശവും കൊണ്ട് കേരളത്തിന്റെ എക്കാലത്തെയും ക്ഷുഭിതയൗവ്വനം എന്ന് അക്ഷരംതെറ്റാതെ വി.എസിനെ വിശേഷിപ്പിക്കാനാവും. എട്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തെ വി.എസ് അച്യുതാനന്ദന്‍ തന്നെ വിലയിരുത്തുക 'സമരം തന്നെ ജീവിതം' എന്നാകും. അതുകൊണ്ടുതന്നെയാകും, അത്രമേല്‍ രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സ്വന്തം ജീവിതത്തെ ആത്മകഥയായി പകര്‍ത്തിയപ്പോള്‍ 'സമരം തന്നെ ജീവിതം' എന്ന തലക്കെട്ടിലേക്ക് വി.എസ് ചുരുക്കി എഴുതിയത്.

1923ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഒരു ജനതയുടെ വികാരമായി മാറിയ 'വി.എസ്' എന്ന രണ്ടക്ഷരത്തിലേക്ക് മാറിയതും ആ സമര പോരാട്ടങ്ങളിലൂടെയായിരുന്നു.

ബാല്യം തന്നെ കഠിനപാതകള്‍ താണ്ടിയായിരുന്നു സാമൂഹിക വ്യവസ്ഥിതിയോട് സമരം പ്രഖ്യാപിക്കും മുമ്പ് സ്വന്തം ജീവിതത്തോടായിരുന്നു വി.എസിന് ആദ്യം പോരടിക്കേണ്ടിവന്നത്. അച്ഛനും അമ്മയും ചെറുബാല്യത്തില്‍ തന്നെ നഷ്ടമായ വി.എസിന് പിന്നീടിങ്ങോട്ട് ജീവിതം തന്നെ സമരമാക്കി മാറ്റേണ്ടിവന്നു. നാല് വയസുള്ളപ്പോഴാണ് അമ്മ അക്കമ്മ മരിച്ചതെങ്കില്‍ അച്ഛന്‍ ശങ്കരന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിടപറഞ്ഞു. പത്താംതരം ജയിച്ച് പഠിച്ച് മിടുക്കനാകണമെന്ന ആഗ്രഹമായിരുന്നു അച്യുതാനന്ദന്. എന്നാല്‍ പിന്നീടങ്ങോട്ട് വി. എസ് ജീവിതസമരങ്ങളിലൂടെ കേരളജനതയുടെ ഹൃദയത്തിലാണ് പഠിച്ച് മിടുക്കനായത്. അച്ഛന്റെ വിയോഗത്തോടെ ജേഷ്ഠനെ സഹായിക്കാനായി തയ്യല്‍കടയിലെത്തിയ വി.എസ്, പിന്നിട് തുന്നിച്ചേര്‍ത്തതൊക്കെയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു. ജൗളിക്കടയില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വി.എസിന്റെ സമരയാത്രകളെ അദ്ഭുതത്തോടെ മാത്രമെ കേരള ജനത നോക്കികണ്ടിട്ടുള്ളു.

1940 മുതല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980ന് ശേഷം 2001 വരെയുള്ള കാലഘട്ടം വി.എസ് പാര്‍ട്ടിക്കുള്ളില്‍ മാത്രമായി നിലയുറപ്പിച്ച കാലമായിരുന്നു. തീര്‍ത്തും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടുമാത്രം മുന്നോട്ടുപോയ കാര്‍ക്കശ്യമുള്ള വി.എസ് ആയിരുന്നു അത്. 2001 ല്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു ജനകീയനായ വി.എസ് എന്ന വിശേഷണത്തിലേക്ക് അദ്ദേഹം മാറിയത്. 


ജേഷ്ഠനെ സഹായിക്കാനായി ജൗളിക്കടയില്‍ എത്തിയ അച്യതാനന്ദന്‍ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ജൗളിക്കടയില്‍ നിന്ന് കയര്‍ ഫാക്ടറിയിലേക്കെത്തിയപ്പോള്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടുപെടാന്‍ തുടങ്ങി. നിവര്‍ത്തന പ്രക്ഷോഭത്തില്‍ ആകൃഷ്ടനായ അച്യുതാനന്ദന്‍ 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ക്ക് തീവ്രത പോരെന്ന് തോന്നിതുടങ്ങിയതോടെ വിപ്ലവ പാര്‍ട്ടിയിലേക്ക് അടുക്കുകയായിരുന്നു. പി. കൃഷ്ണപിള്ളയുടെ കൈപിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ വി.എസ്, പിന്നീട് കൃഷ്ണപിള്ള കാട്ടിയ വഴിയേ നടന്നുനീങ്ങി.

രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനും ജന്മിവാഴ്ചയ്ക്കുമെതിയായിരുന്നു ആദ്യകാല പോരാട്ടം. അതില്‍ ഏറ്റവും പ്രധാനമായിരുന്നു പുന്നപ്രയിലെ വിപ്ലവകാഹളം. തെക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പുന്നപ്ര-വയലാര്‍ പോരാട്ടം സായുധപോരാട്ടത്തിലും രക്തചൊരിച്ചിലിലുമൊക്കെയാണ് കലാശിച്ചത്.


ജന്മി-മുതലാളിമാരുടെ ചൂഷണങ്ങളില്‍ വലഞ്ഞ തൊഴിലാളികളെ ചെങ്കൊടിക്ക് കീഴില്‍ അണിനിരത്താന്‍ വി.എസും ഏറെ വിയര്‍പ്പൊഴുക്കി. വയലോലകളിലും തെരുവുകളിലും നിറതോക്കുകളുമായി പട്ടാളമിറങ്ങിയപ്പോള്‍ വാരികുന്തവുമായി തൊഴിലാളി സഖാക്കള്‍ നേരിട്ടു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇക്കാലത്ത് വി.എസ് ഒളിവില്‍ കഴിഞ്ഞിട്ടുമുണ്ട്. സമരസഖാക്കളെ ആവേശഭരിതമാക്കിയ രാഷ്ട്രീയബോധം പകര്‍ന്നുനല്‍കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

കാസര്‍കോട്ട് നിന്ന് തുടങ്ങിയ പ്രതിഷേധ ജ്വാല; വി.എസിന് മുഖ്യമന്ത്രി കസേരയിലേക്ക് വഴിയൊരുങ്ങി

2001ല്‍ 100 സീറ്റിന്റെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ എ.കെ. ആന്റണി സര്‍ക്കാരിനെ വിറപ്പിച്ച പ്രതിപക്ഷനേതാവ് എന്ന നിലയിലാണ് വി.എസ്. അച്യുതാനന്ദന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനകീയ നേതാവായി മാറുന്നത്. കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് വി.എസ് കേരള ജനതയുടെ വികാരമായി മാറുന്ന പോരാട്ടങ്ങളിലേക്ക് നടന്നുകയറുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഷയങ്ങളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി വിജയം നേടിയ തന്ത്രങ്ങളും ഇക്കാലത്ത് വി. എസ് പയറ്റി വിജയിച്ചെന്നതും ചരിത്രം. മതികെട്ടാനിലെ ഭൂമി കൈയേറ്റവും പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നവും മറയൂരിലെ ചന്ദനക്കൊള്ളയും ഇടമലയാര്‍ കേസും ഐസ്‌ക്രീം പാര്‍ലര്‍ കേസും കിളിരൂറിലെ വി.ഐ.പിയും മുന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ആദ്യഘട്ട പരിശ്രമങ്ങളും കുടംകുളം നിലപാടുമെല്ലാം വി.എസിന്റെ പ്രതിച്ഛായ പാര്‍ട്ടിക്കപ്പുറത്തേക്കുള്ള പുതിയ മാനങ്ങളിലെത്തിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന അഞ്ചുവര്‍ഷം കൊണ്ട് കേരള ജനതയുടെ സമരാവേശമായി മാറിയ വി.എസ് 2006ലെ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനകം പാര്‍ട്ടിയില്‍ ശക്തമായ വിഭാഗിയതയും വി.എസ്- പിണറായി പോരും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളാരും ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടിയെന്ന് യോഗത്തിന് ശേഷം പുറത്തിറങ്ങിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയതും പിന്നീടുണ്ടായ കോളിളക്കവും കേരളം ഒരിക്കലും മറക്കില്ല. പി.ബി അംഗങ്ങളാരും മത്സരിക്കില്ലെന്ന് പിണറായി പറഞ്ഞതിന് പിന്നാലെ, ഇങ്ങ് വടക്ക് കാസര്‍കോട്ടെ തെരുവില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രതിഷേധം അണപൊട്ടി. കാസര്‍കോട് നിന്ന് തലസ്ഥാനം വരെ പാര്‍ട്ടി അണികള്‍ തെരിവിലിറങ്ങുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നില്‍ രാത്രിയില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഒഴുകിയെത്തി. ഒടുവില്‍ പാര്‍ട്ടി തീരുമാനം തിരുത്തി. കേരളത്തിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.എസ് അച്യുതാനന്ദനെ തങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന അറിയിപ്പ് എ.കെ.ജി സെന്ററില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ കേരള ജനതയുടെ ആവേശത്തിന് അതിരില്ലായിരുന്നു. മത്സരിപ്പിക്കരുതെന്ന് പാര്‍ട്ടിയോഗത്തില്‍ നിലപാടെടുത്തവരെല്ലാം വി.എസിനൊപ്പമുള്ള ഫോട്ടോയ്ക്ക് വേണ്ടി ഓടിനടന്നു. ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ വി.എസ് അമര്‍ന്നിരുന്നു.




 


Similar News