മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്തവിധം മനസ്സിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍ അസഹിഷ്ണുത ഉടലെടുക്കുന്നു.
ഇന്ത്യയുടെ രാഷ്ട്രഭാഷ ഏതെന്ന ചോദ്യത്തിന് 'നാനാത്വത്തില്‍ ഏകത്വം' എന്ന മനോഹരമായ മറുപടി നല്‍കി ഡി.എം.കെ എം.പി കനിമൊഴി ലോകത്തിന് മുമ്പാകെ വെക്കുന്ന സന്ദേശം പ്രസക്തമാണ്. സ്പെയിനിലെ ഇന്ത്യന്‍ പ്രവാസികളോട് സംസാരിക്കുകയായിരുന്നു അവര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ദൗത്യസംഘത്തിന്റെ ഭാഗമായി സ്പെയിനില്‍ എത്തിയപ്പോഴായിരുന്നു ഒരു ചോദ്യത്തിന് കനിമൊഴി ഇങ്ങനെ മറുപടി നല്‍കിയത്. രാഷ്ട്രഭാഷ, ഹിന്ദി എന്നീ വിഷയങ്ങളെപ്പറ്റി സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രഭാഷ നാനാത്വത്തില്‍ ഏകത്വം എന്നത് മാത്രമാണെന്നും അതാണ് ഈ സംഘം ലോകത്തിന് മുമ്പാകെ വെക്കുന്ന സന്ദേശം എന്നുമായിരുന്നു കനിമൊഴിയുടെ മറുപടി.
എന്താണ് നാനാത്വത്തില്‍ ഏകത്വം?
സമാനതകളില്ലാത്ത വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായാണ് നാനാത്വത്തില്‍ ഏകത്വം എന്ന വാക്യം ഉപയോഗിക്കുന്നത്. ശാരീരികമോ സാംസ്‌കാരികമോ ഭാഷാപരമോ സാമൂഹികമോ മതപരമോ രാഷ്ട്രീയ-പ്രത്യയശാസ്ത്രപരമോ വംശം, വസ്ത്രധാരണം, ഭക്ഷണം കൂടാതെ അല്ലെങ്കില്‍ മാനസികമോ ആയ വ്യത്യാസങ്ങളോടുള്ള കേവലമായ സഹിഷ്ണുതയെ അടിസ്ഥാനമാക്കിയുള്ള ഏകത്വത്തില്‍ നിന്ന് വിഭിന്നമായി 'ഏകതാനതയില്ലാത്ത ഏകത്വവും ഭിന്നതയില്ലാത്ത നാനാത്വവും' എന്ന സങ്കല്‍പ്പമാണ് നാനാത്വത്തില്‍ ഏകത്വം എന്നതിനുള്ളത്. ഈ ആശയവും അനുബന്ധ പദപ്രയോഗവും വളരെ പഴക്കമുള്ളതും പാശ്ചാത്യ, കിഴക്കന്‍ പഴയ ലോക സംസ്‌കാരങ്ങളില്‍ പുരാതന കാലം മുതലുള്ളതുമാണ്. പരിസ്ഥിതിശാസ്ത്രം, പ്രപഞ്ചശാസ്ത്രം, തത്ത്വചിന്ത, മതം, രാഷ്ട്രീയം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇതിന് പ്രയോഗങ്ങളുണ്ട്. സമകാലിക സംഭവ വികാസങ്ങള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതിന് കാരണമായിട്ടുണ്ട്. മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്തവിധം മനസ്സിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുമ്പോള്‍ അസഹിഷ്ണുത ഉടലെടുക്കുന്നു. നാനാത്വത്തില്‍ ഏകത്വത്തെ കുറിച്ച് ഇന്ന് നമ്മുടെ ഇന്ത്യാ രാജ്യത്തുള്ള ഓരോ പൗരന്മാര്‍ക്കും എത്തിച്ചു കൊടുക്കാന്‍ ക്യാമ്പയിനുകള്‍ തന്നെ നടത്താന്‍ ജനാധിപത്യ മതേതര വിശ്വാസികളും സംഘടനകളും മുന്നിട്ടിറങ്ങണം.