ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യമാണ് ഈജിപ്ത്. പ്രഭാതം തുടങ്ങുന്നത് നാലേകാലോടുകൂടിയാണ്. സൂര്യന്‍ അസ്തമിക്കുന്നത് എട്ട് മണിയോടെയും.
ഈജിപ്തില്‍ ഇപ്പോള്‍ പകലുകള്‍ ദൈര്‍ഘ്യമേറിയതും രാത്രികള്‍ കുറഞ്ഞതുമാണ്. പ്രഭാതം തുടങ്ങുന്നത് നാലേകാലോടുകൂടിയാണ്. സൂര്യന്‍ അസ്തമിക്കുന്നത് എട്ട് മണിയോടെയും. ചില്ല് ജനാലയിലൂടെ നോക്കിയാല്‍ ഞാന്‍ താമസിക്കുന്ന നസ്‌റ് പട്ടണത്തിന്റെ ആകാശക്കാഴ്ച്ച കാണാം. കെയ്‌റോയിലെ നസ്‌റ് സിറ്റിയില്‍ ഇസ്ലാമിക് റിസര്‍ച്ച് സെന്ററിന്റെ എട്ടാമത്തെ നിലയിലാണ് ഞങ്ങളുടെ താമസം. ഏത് സമയത്തും ആകാശ വീചികളില്‍ കെയ്‌റോ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പറക്കുന്ന വിമാനങ്ങളുടെ ഇരമ്പലുകള്‍... ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യമാണ് ഈജിപ്ത്. ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയാണ് നിലവിലെ പ്രസിഡണ്ട്. 2012ല്‍ നടന്ന അറബ് വസന്ത വിപ്ലവത്തില്‍ കടപുഴകി വീണ ഹുസ്‌നിമുബാറകിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മൂര്‍സിയായിരുന്നു അബ്ദുല്‍ ഫത്താഹ് സീസിക്ക് തൊട്ട് മുമ്പുള്ള പ്രസിഡണ്ട്. വെറും പട്ടാള മേധാവിയായിരുന്ന സീസിയെ സുപ്രീം പട്ടാള ജനറലും ഈജിപ്തിന്റെ പ്രതിരോധ മന്ത്രിയുമായി ഉയര്‍ത്തിക്കൊണ്ട് വന്നത് മുര്‍സിയായിരുന്നു. അവസാനം പാശ്ചാത്യ ഒത്താശയോടെയും സിയോണിസ്റ്റ് സഹായത്തോടെയും മുര്‍സിയെ അട്ടിമറിച്ച് പട്ടാളഭരണം കൊണ്ടുവന്ന് ഈജിപ്തിന്റെ പരമാധികാരിയായി വാഴുകയാണ് അബ്ദുല്‍ഫത്താഹ് സീസി. ഈ അട്ടിമറിയെ തുടര്‍ന്ന് ബന്ധനത്തിലായ മുര്‍സി ജയിലില്‍ വെച്ച് മരണപ്പെടുകയാണുണ്ടായത്. മരണത്തില്‍ ദുരൂഹത ഇന്നും നിലനില്‍ക്കുന്നുണ്ട്. ജനങ്ങളില്‍ മൂന്നില്‍ രണ്ടും ദാരിദ്രരേഖക്ക് കീഴിലാണ്. പണപ്പെരുപ്പമാണെങ്കില്‍ 36.4 ശതമാനത്തിന് മേലെയാണ്. കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും വേദനിപ്പിക്കുന്ന കാഴ്ചകള്‍ നഗരങ്ങളിലും ഗല്ലികളിലും വ്യാപകമാണ്. ലോകപ്രശസ്ത അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ലോകതലത്തില്‍ പ്രബോധകര്‍ക്കും ഇമാമീങ്ങള്‍ക്കും നല്‍കിവരുന്ന രണ്ട് മാസത്തെ പഠനകോഴ്‌സിന് വേണ്ടിയാണ് ഈജിപ്തിലെത്തിയത്. ആഴ്ചയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് ക്ലാസ്. വെള്ളിയും ശനിയും അവധിദിനങ്ങള്‍.
അലക്‌സാണ്ട്രിയ
കെയ്‌റോ നഗരത്തില്‍ നിന്ന് 224 കിലോമീറ്റര്‍ അകലെയാണ് അലക്‌സാണ്ട്രിയ സിറ്റി സ്ഥിതിചെയ്യുന്നത്. ട്രെയിന്‍ മാര്‍ഗമാണ് ഞങ്ങള്‍ പോയത്. വിശാലമായി പരന്നു കിടക്കുന്ന കൃഷിപ്പാടങ്ങളാണ് യാത്രയില്‍ പകുതിയിലധികവും. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ബി.സി 334ലാണ് ഈ നഗരം സ്ഥാപിക്കുന്നത്. അതുകൊണ്ടാണ് അലക്‌സാണ്ട്രിയ എന്ന പേര് വന്നതും. എ.ഡി 664ല്‍ ഖലീഫ ഉമറി(റ.)ന്റെ കാലത്ത് അംറുബ്‌നുല്‍ ആസ്(റ.) ഈജിപ്ത് കീഴടക്കുന്നത് വരെ അലക്‌സാണ്ട്രിയ ആയിരുന്നു രാജ്യത്തിന്റെ തലസ്ഥാനം. മെഡിറ്ററേനിയന്‍ സമുദ്ര തീരത്ത് 30 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ നഗരം നിലകൊള്ളുന്നത്. രാജ്യത്തിന്റെ കയറ്റു-ഇറക്കുമതിയുടെ ഏറ്റവും വലിയ ഇടനിലം കൂടിയാണ് അലക്‌സാണ്ട്രിയ നഗരം. പൗരാണിക കാലം മുതല്‍ തന്നെ വാണിജ്യ, സാംസ്‌കാരിക, വൈജ്ഞാനിക മേഖലകളില്‍ ഈ നഗരം ആഗോളതലത്തില്‍ തന്നെ അതിന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഒരുപാട് മഹാന്മാരുടെ മഖ്ബറകള്‍ കുടികൊള്ളുന്ന ഇടം കൂടിയാണ് അലക്‌സാണ്ട്രിയ. അലക്‌സാണ്ട്രിയയിലേക്ക് ഞങ്ങള്‍ എത്തുന്നത് അതിരാവിലെയാണ്. സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്തുന്ന അറബിയ(മിനി ബസ്)യില്‍ കയറി നിര്‍മ്മാണ ഭംഗികൊണ്ടും വലിപ്പം കൊണ്ടും ശ്രദ്ധേയമായ അലക്‌സാണ്ട്രിയയില്‍ ശ്രദ്ധേയമായ അബുല്‍ അബ്ബാസ് മുര്‍സി പള്ളിയിലേക്ക് പോയി. ഈജിപ്തിലെ ഒട്ടുമിക്ക പള്ളികളും വളരെ ശ്രദ്ധയോടെയും വൃത്തിയിലും പരിപാലിക്കപ്പെടുന്നുണ്ട്. പള്ളി തുറക്കാന്‍ പത്ത് മണിവരെ കാത്തിരുന്നു. അതിനിടക്ക് പ്രാതല്‍ കഴിച്ച് മെഡിറ്ററേനിയന്‍ കടലിന്റെ കാറ്റും കൊണ്ട് പൂഴി മണലിലൂടെ നടന്നു. രാവിലെയാണെങ്കിലും തീരത്ത് കുളിക്കുന്നവരും കട്ടന്‍ ചായ മോന്തി വെയില്‍ കൊള്ളുന്നവരും യഥേഷ്ടമുണ്ട്.
ഈ പള്ളിയിലാണ് പ്രമുഖ പണ്ഡിതനും സൂഫിയുമായ അബുല്‍ അബ്ബാസ് മുര്‍സിയുടെ മഖ്ബറ കുടികൊള്ളുന്നത്. ഹിജ്‌റ 616ല്‍ സ്‌പെയിനിലെ മുര്‍സിയയിലാണ് അദ്ദേഹം ജനിച്ചത്. ഇമാം അബുല്‍ ഹസന്‍ ശാദുലിയുടെ കരങ്ങളിലൂടെയാണ് അദ്ദേഹം വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും ഔന്നത്യങ്ങളിലേക്ക് ഉയരുന്നത്. ഇമാം ശാദുലിക്ക് ശേഷം ശാദുലി ത്വരീഖത്തിന്റെ ശൈഖ്, അബുല്‍ അബ്ബാസ് മുര്‍സിയായിരുന്നു. ഒരുപാട് പ്രഗത്ഭ ശിഷ്യരും അനുയായികളും അദ്ദേഹത്തിനുണ്ടായിരുന്നു. ബുര്‍ദ കാവ്യങ്ങളെഴുതിയ ഇമാം ബൂസ്വൂരി, യാഖൂതുല്‍ അര്‍ഷ്, ഇബ്‌നു അത്വാഉല്ലാഹി സികന്തരി തുടങ്ങി പലരും അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ഇതില്‍ യാഖൂതുല്‍ അര്‍ഷായിരുന്നു അദ്ദേഹത്തിന് ശേഷം ശാദുലി സരണിയുടെ ഖലീഫ. യാഖുതുല്‍ അര്‍ഷും ഇമാം ബൂസ്വൂരിയും തൊട്ടടുത്ത പള്ളികളിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ജുമാ നമസ്‌കാരത്തിന് ശേഷം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കാറ്റാ കോമ്പിലേക്ക് ഞങ്ങള്‍ കയറി. എ.ഡി രണ്ടാം നൂറ്റാണ്ടിലെ റോമന്‍ അന്റോണിയന്‍ ചക്രവര്‍ത്തിമാരുടെ കാലത്തുള്ള ഭൂഗര്‍ഭ ശവക്കല്ലറയാണ് കാറ്റാകോമ്പ്‌സ് ഓഫ് കോമുശ്ശഫാഖ. വൃത്താകൃതിയിലുള്ള ഗോവണിപ്പടിയിലൂടെ വേണം ഇതിലേക്കിറങ്ങാന്‍. ഒരോ തട്ടിലും നൂറ് കണക്കിന് ശവക്കല്ലറകളാണ് കാണാന്‍ കഴിയുക. ഈ ഭൂഗര്‍ഭ നിലയത്തില്‍ പല തുരങ്കങ്ങളും കാണാം. ശക്തമായ വേനല്‍ ചൂടിലും ഭുഗര്‍ഭ നിലയത്തില്‍ ശരീരം കുളിര്‍പ്പിക്കുന്ന തണുപ്പായിരുന്നു. അലക്‌സാണ്ട്രിയയിലെ ഏറ്റവും ആകര്‍ഷകമായ ചരിത്ര കേന്ദ്രങ്ങളിലൊന്നാണ് കോമുശ്ശകാഫയിലെ കാറ്റകോമ്പുകള്‍. പുരാതന ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ വാസ്തുവിദ്യാ ശൈലികളുടെ ശ്രദ്ധേയമായ മിശ്രിതത്തിന് പേരുകേട്ട സ്ഥലം കൂടിയാണിത്. എ.ഡി. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഈ ശ്മശാനം, അലക്‌സാണ്ട്രിയ നഗരം രൂപപ്പെടുത്തിയ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സ്വാധീനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സങ്കീര്‍ണ്ണമായ കൊത്തുപണികളും വിശാലമായ ഇടനാഴികളും ഇന്നും യാതൊരു കേടുപാടുകളും കൂടാതെ നിലനില്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
കാറ്റാകോമ്പ്‌സ് ഓഫ് കോമുശ്ശഖാഫ. ശവക്കല്ലറ റോമന്‍ കാലഘട്ടത്തിലാണ് നിര്‍മ്മിക്കച്ചത്. 1900 സെപ്റ്റംബറില്‍ ഒരു കഴുത ഇവിടെയൊരു ദ്വാരത്തിലൂടെ വീണപ്പോള്‍, അതിനെ തിരയുന്നതിനിടെ യാദൃശ്ചികമായാണ് ഈ അത്ഭുതകരമായ ഭൂഗര്‍ഭ ശവക്കല്ലറ കണ്ടെത്തുന്നത്. ഈ ഭാഗത്തുള്ള ഉദ്ഖനനം 1880ല്‍ തന്നെ തുടങ്ങിയിരുന്നു. മധ്യകാലയുഗത്തിലെ ലോകാത്ഭുതങ്ങളില്‍ പെട്ടതാണ് കാറ്റാകോമ്പ്‌സ് ഓഫ് കോമുശ്ശഖാഫ. അന്ന് രാത്രി സമുദ്രതീരത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ മുറിയിലായിരുന്നു ഞങ്ങള്‍ താമസം. ഫാനോ എസിയോ ഇല്ലെങ്കിലും ജനാലിലൂടെ ഇരച്ചുകയറിവരുന്ന തണുപ്പ് തന്നെ ധാരാളം മതിയായിരുന്നു.
അലക്‌സാണ്ട്രിയ ലൈബ്രറി...
ഞങ്ങളുടെ അടുത്തലക്ഷ്യം ചരിത്ര പ്രസിദ്ധമായ അലക്‌സാണ്ട്രിയ ലൈബ്രറിയായിരുന്നു. ശനിയാഴ്ചയായത് കൊണ്ട് ഉച്ച രണ്ട് മണിവരെ മാത്രമാണ് പ്രവേശനമുള്ളത്. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുമ്പോള്‍ പതിനൊന്ന് മണികഴിഞ്ഞിരുന്നു. മെഡിറ്ററേനിയന്‍ സമുദ്രതീരത്തോട് ചേര്‍ന്ന് വൃത്താകൃതിയിലുള്ള പന്ത്രണ്ട് നിലകളിലുള്ള പടുകൂറ്റന്‍ കെട്ടിടമാണ് ഈ ലൈബ്രറി. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണ് ലൈബ്രറി സ്ഥാപിച്ചതെന്ന അഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൈന്യാധിപനും പിന്നീട് ഈജിപ്ത് ഭരിച്ച ടോളമിയാണ് (ബി.സി 285-247) ഇത് സ്ഥാപിച്ചതെന്ന് കാണാം. പുരാതന ഗ്രീക്ക്-റോമന്‍ കാലഘട്ടത്തിലെ പ്ലേറ്റോ, ഹോമര്‍, ഹെറോഡൊട്ടസ്, സോക്രട്ടീസ് തുടങ്ങി ലോകത്തിലെ മഹാന്മാരായ പല എഴുത്തുകാരുടെയും ചിന്തകരുടെയും വിവിധ കൃതികള്‍ ഈ ലൈബ്രറിയില്‍ ഇടം പിടിച്ചിരുന്നു. വ്യത്യസ്ത പഠനമേഖലകളില്‍ എണ്ണമറ്റ വിഷയങ്ങളെ അധികരിച്ച് ഏകദേശം 4,00,000 മുതല്‍ 7,00,000 വരെ കടലാസ് ചുരുളുകള്‍ ഇതില്‍ ഉണ്ടായിരുന്നു.
അലക്‌സാണ്ട്രിയ തുറമുഖത്ത് വരുന്ന കപ്പലുകളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ച് അതിന്റെ പകര്‍പ്പെടുത്ത്, അത് തിരിച്ച്‌നല്‍കി യഥാര്‍ത്ഥ പതിപ്പ് ഈ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്നു, അലക്‌സാണ്ട്രിയന്‍ തീരത്തേക്കടുക്കുന്ന കപ്പലുകള്‍ ഇതിന് വേണ്ടി പ്രത്യേക പുസ്തകള്‍ നിര്‍ബന്ധമായും കരുതണമായിരുന്നു. കാരണം ഇതൊരു രാജകല്‍പന കൂടിയായിരുന്നു. അക്കാരണത്താല്‍ തന്നെ ഭൂലോകത്തുള്ള അതുല്യമായ പല മഹാഗ്രന്ഥങ്ങളും ഇതില്‍ ഇടം പിടിച്ചു. പുരാതന ലോകത്തെ ആദ്യത്തെ പൊതു സര്‍ക്കാര്‍ ലൈബ്രറിയായി ഇത് കണക്കാക്കപ്പെടുന്നു.
കാലത്തിന്റെ പല ഇടുക്കുകളില്‍ പെട്ട് ഭാഗീകമായോ പൂര്‍ണമായോ ലൈബ്രറി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബി.സി 48ല്‍ സീസര്‍ ചക്രവര്‍ത്തിയുടെ ഈജിപ്ത് ആക്രമത്തിലാണ് ആദ്യമായി ലൈബ്രറിക്ക് കേടുപാടുകള്‍ പറ്റുന്നത്. അന്ന് ലൈബ്രറി ഭാഗീകമായി കത്തിനശിച്ചിരുന്നു. പിന്നെയും കാലാന്തരത്തില്‍ നടന്ന പല ഭൂകമ്പങ്ങളിലും യുദ്ധക്കെടുതികളിലും പെട്ട് ലൈബ്രറിക്ക് നാശം നേരിട്ടു. നിലവിലെ അലക്‌സാണ്ട്രിയ ലൈബ്രറി പുരാതന ലൈബ്രറി നിലനിന്നിരുന്ന അതേസ്ഥാനത്താണ് നിലകൊള്ളുന്നത്. ലൈബ്രറി വീണ്ടെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 1995ലാണ്. ഇതിനുള്ള ചര്‍ച്ചകള്‍ 1974 മുതലേ തുടങ്ങിയിരുന്നു. 2002 ഒക്ടോ. 16ന് അന്നത്തെ ഈജിപ്ത് പ്രസിഡണ്ട് ഹുസ്‌നി മുബാറകിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനം നടന്നത്. ഇന്നും ആയിരങ്ങളാണ് ദിവസവും ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്. പ്രധാനമായും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുള്ള പുസ്തങ്ങളാണ് ലൈബ്രറിയിലുള്ളത്. നിലവില്‍ 80 ലക്ഷത്തോളം പുസ്തങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സ്ഥല സൗകര്യമുണ്ട്. ഇതിന് പുറമെ ഡിജിറ്റല്‍ ആര്‍ക്കൈവുകള്‍, അപൂര്‍വ കയ്യെഴുത്തുപ്രതികള്‍, മള്‍ട്ടിമീഡിയ സൗകര്യം, അന്ധര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ലൈബ്രറികള്‍, മ്യൂസിയങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പ്രദര്‍ശന സ്ഥലങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. പ്രധാന ഹാളില്‍ മാത്രം ഒരേസമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് വായിക്കാം. പ്രധാന കവാടത്തിന് സമീപം 120 ഭാഷകളിലെ വ്യത്യസ്ത അക്ഷരങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. അതില്‍ നമ്മുടെ മലയാളത്തിലെ 'ഉ' എന്ന അക്ഷരവും കാണാം. സമയം പോയതറിഞ്ഞില്ല. ഉച്ചയോടെ ഞങ്ങല്‍ ലൈബ്രറിയില്‍ നിന്ന് പുറത്തുകടന്ന് ഒരു കരിമ്പ് ജ്യൂസ് കുടിച്ച് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു. ട്രെയിന്‍ വഴി നാല് മണിക്കൂര്‍ യാത്രയുണ്ട് കെയ്‌റോയിലേക്ക്.
പൗരാണികതയുടെ മഹാകലവറയാണ് ഈജിപ്ത്. സംസ്‌കാരങ്ങളുടെ കുത്തൊഴുക്ക് കൊണ്ട് നിബിഢമാണ് നൈല്‍ കര. അദൃശ്യമായ കാന്തിക ശക്തികൊണ്ട് ഇന്നും ലോകരെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ് ക്ലിയോപാട്രയുടെ കറുത്ത മണ്ണ്.