കൊടിയ മര്‍ദ്ദനത്തിന്റെ നോവുകള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്നത്

Update: 2025-08-21 09:07 GMT
ഒരു കുട്ടിയുടെ ശാരീരിക വളര്‍ച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവ ആവശ്യമാണ്. മാനസിക വളര്‍ച്ചയ്ക്ക് പരിലാളന, സുരക്ഷിതത്വം, അംഗീകാരം, വ്യക്തി മഹത്വം, പ്രോത്സാഹനം എന്നിവയും  ആവശ്യമാണ്. കൂടാതെ ആത്മീയ വളര്‍ച്ചക്കും ധാര്‍മ്മിക ജീവിതത്തിനും അനുകൂലമായ സാഹചര്യങ്ങളും കുടുംബത്തില്‍ ഉണ്ടാകണം.

വാപ്പയില്‍ നിന്നും അവരുടെ രണ്ടാം ഭാര്യയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഡനത്തിന്റെ കഥകള്‍ വിവരിച്ച് ഒമ്പത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നോട്ട് ബുക്കിലെഴുതിയ, ഉള്ളുലയ്ക്കുന്ന തീരാനോവിന്റെ വരികള്‍ നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ നോവ് വിതച്ചു. 'എന്റെ അനുഭവം' എന്ന് പേരിട്ട് എഴുതിയ കുറിപ്പ് വായിക്കുന്നത് തന്നെ പൊള്ളുന്ന അനുഭവമാണ്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഭവിച്ച പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദ്ദനത്തിന്റെ വിവരം ആ താളിലൂടെ പുറംലോകം അറിഞ്ഞു. ഒടുവില്‍ സ്‌കൂള്‍ അധികൃതരുടെ മൊഴിയില്‍ നൂറനാട് പൊലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെബീന എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരും ചേര്‍ന്ന് ഇരു കവിളിലും അടിച്ചു, കാല്‍മുട്ട് അടിച്ച് ചതച്ചു. ഒരു വര്‍ഷമായി തുടരുന്ന ക്രൂര പീഡനത്തിന്റെ ചുരുക്കമാണ് നോട്ട്ബുക്കിന്റെ താളില്‍ കുറിച്ചിട്ടിരിക്കുന്നത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് പിതാവും രണ്ടാനമ്മയും ഒളിവിലാണ്.

കുട്ടിയുടെ മേല്‍ നിയന്ത്രണാധികാരം ഉള്ള വ്യക്തി ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചൂഷണം ചെയ്യുകയോ മനപ്പൂര്‍വം അവഗണിക്കുകയോ വഴി കുട്ടിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് മൂന്നുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ക്ക് സ്റ്റേഷന്‍ ജാമ്യം കിട്ടില്ല. കോടതികളും ഇത്തരം അതിക്രമങ്ങളെ വളരെ ഗൗരവത്തിലാണ് പരിഗണിക്കാറുള്ളത്.

ക്രൂരത കാട്ടുന്നവരെ ശിക്ഷിക്കാന്‍ നിയമമുണ്ട്. പക്ഷെ അതിനേക്കാള്‍ ഈ ക്രൂരതകള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അതിഭയാനകങ്ങളാണ്. മാനസികവും ശാരീരികമായ ക്രൂരതകള്‍ ഏറ്റുവാങ്ങുന്നവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണ സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അടിയും മറ്റ് ശാരീരിക ശിക്ഷകളും തലച്ചോറിന്റെ വികാസപ്രക്രിയയെ ദോഷകരമായി ബാധിക്കും. കടുത്ത ശാരീരിക ശിക്ഷ അനുഭവിച്ചവരുടെ തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവര്‍ത്തനത്തിലും ചില പ്രത്യേക അടയാളങ്ങള്‍ കാണാനാകും. ഏഴ് വയസ്സ് വരെ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെല്ലാം തലച്ചോറില്‍ രേഖപ്പെടുത്തുന്നുണ്ട്.

ശാരീരികവും മാനസികവുമായ പീഡനങ്ങളും ശിക്ഷകളും അനുഭവിച്ചവര്‍ മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ രോഗികളായി മാറുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശാരീരിക രോഗങ്ങള്‍ ഇവരില്‍ കൂടുതലാണ്. ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുന്നതും കാണാം. ഇവര്‍ അപകടങ്ങളില്‍ പെടുന്നു. മറ്റുള്ളവരെ അപേക്ഷിച്ചു നേരത്തെ മരിക്കുന്നു. ചിലര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നു.


പിതാവിന്റെയും മാതാവിന്റെയും ക്രൂരമായ ശിക്ഷാ നടപടികള്‍, നിഷേധാത്മകമായ പെരുമാറ്റം, അമിത സ്വാതന്ത്ര്യം, അവഗണന, ധാര്‍മിക അധ:പതനം, മാതാപിതാക്കളുടെ പൊരുത്തക്കേടുകള്‍ എന്നിവയെല്ലാം മക്കളുടെ വ്യക്തിത്വ വികസനത്തെ സാരമായി ബാധിക്കും. ഇത്തരം സമീപനങ്ങള്‍ വൈകല്യങ്ങളില്‍ നിന്ന് വൈകല്യങ്ങളിലേക്കാണ് മക്കളെ കൊണ്ട് ചെന്ന് എത്തിക്കുക.

ആലീസ് മില്ലര്‍ പറയുന്നു; 'വികലമായ എല്ലാ പെരുമാറ്റങ്ങളുടെയും അടിവേരുകള്‍ ബാല്യദിശയിലാണ്. പ്രശ്‌നക്കാരായ കുട്ടികള്‍ സ്വര്‍ഗത്തില്‍ നിന്നോ നരകത്തില്‍ നിന്നോ പൊട്ടിവീഴുന്നതല്ല'. സ്‌നേഹക്കുറവും അവഗണനയും മക്കളെ ക്രൂരന്മാരും പ്രശ്‌നസന്തതികളും കുറ്റവാളികളുമാക്കുന്നു.

മാതാപിതാക്കളുടെ അമര്‍ഷങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും ദേഷ്യവുമാണ് ശാരീരിക ശിക്ഷകളായി പുറത്തുവരുന്നത്. സോഡാക്കുപ്പി തുറക്കുമ്പോള്‍ ഉണ്ടാകുന്ന ചീറ്റല്‍ പോലെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന അമര്‍ഷം മുഴുവന്‍ പ്രഹരശിക്ഷയായി പുറത്തുവരുമ്പോള്‍ വകതിരിവില്ലാതെ കഠിന ശിക്ഷകള്‍ നല്‍കും. ഈ കോപാഗ്‌നിയില്‍ കുട്ടികളുടെ ചിറകുകള്‍ കരിഞ്ഞുപോകും. വളര്‍ച്ച മുരടിക്കും. നൈരാശ്യവും ശൂന്യതാബോധവും അവരില്‍ സംഭവിക്കും. ഒന്നിനും വില കാണാത്ത അവര്‍ എല്ലാം അര്‍ത്ഥശൂന്യമായി കാണും. കടുത്ത മ്ലാനതയിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും സ്‌നേഹരാഹിത്യം കുട്ടികളെ നയിക്കും. യൗവനത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ ധിക്കാരികളും കൊള്ളരുതാത്തവരുമായി മാറും.

കര്‍ക്കശ ചിട്ടകളും കഠിനശിക്ഷകളും നിറക്കുന്ന അന്തരീക്ഷം ശൈശവത്തിന്റെ കശാപ്പു ശാലകളാണ്. കഠിനശിക്ഷാ രീതികളുടെ വിപത്തുകള്‍ വളര്‍ന്നു വരുമ്പോഴാണ് ഉണ്ടാവുക. വീട്ടില്‍ നിന്നും സ്‌ക്കൂളില്‍ നിന്നുമൊക്കെ ഏറ്റുവാങ്ങേണ്ടി വരുന്ന കടുത്ത ശിക്ഷകള്‍ കുട്ടികളുടെ മാനസികാവസ്ഥയെ താറുമാറാക്കും.


ജീവിതകാലം മുഴുവന്‍ അത് മായാത്ത വടുവായി മനസ്സില്‍ കിടക്കും. ശൈശവത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങള്‍ മുതിരുമ്പോള്‍ ധിക്കാരത്തിന്റെ വികല രൂപത്തിലാണ് പുറത്തു വരിക. അവരില്‍ പലരും പിന്നീട് സാമൂഹ്യദ്രോഹികളോ ഏകാധിപത്യ പ്രവണതയുള്ളവരോ മനോരോഗികളോ ഒക്കെയായി മാറും. കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ജീവിത നിലപാടുകള്‍ നിര്‍ണ്ണയിക്കുന്നത്. അഭിമാനക്ഷതമേറ്റ കുട്ടികള്‍ അപകര്‍ഷതാബോധമുള്ളവരാകും.

ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുന്നത് പ്രധാനമായും ആ വ്യക്തിയുടെ തലച്ചോറില്‍ ആറു വയസ്സിനു മുമ്പ് പതിഞ്ഞ വികാരങ്ങള്‍ (ജീവിതാനുഭവങ്ങള്‍) മൂലമാണ്. ചെറുപ്പത്തില്‍ ധാരാളം സ്‌നേഹലാളനകള്‍ അനുഭവിച്ചു വളര്‍ന്ന കുട്ടികള്‍ സല്‍സ്വഭാവികളും ആത്മവിശ്വാസം ഉള്ളവരും മിടുക്കരും ആയിത്തീരും. മറിച്ച് ചെറുപ്രായത്തില്‍ അമിതശിക്ഷ ലഭിച്ചു വളരുന്ന കുട്ടികള്‍ ദു:സ്വാഭാവികളും ആത്മവിശ്വാസം കുറഞ്ഞവരും അന്തര്‍മുഖരും ആക്രമണ സ്വഭാവമുളളവരും സ്വാര്‍ത്ഥരും ആത്മഹത്യാപ്രവണതയുള്ളവരും മനോരോഗികളും മറ്റും ആയിത്തീരാനാണ് സാധ്യത. ക്രൂരതകളിലൂടെ കടന്നുപോകുന്ന ബാല്യം ക്രൂരന്‍മാരെയാണ് സൃഷ്ടിക്കുക.

തല്ലുന്നതും ചീത്ത പറയുന്നതും പരിഹസിക്കുന്നതും ശകാരിക്കുന്നതും ശപിക്കുന്നതും താരതമ്യം ചെയ്യുന്നതും ഭയപ്പെടുത്തുന്നതും സ്‌നേഹത്തിന്റെ നിരാസമാണ്. വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കു. വേദനിപ്പിച്ചാല്‍ ആരായാലും അകന്നുപോകും. സന്തോഷം നല്‍കിയാല്‍ അടുക്കുകയും ചെയ്യും.

ക്രൂരത കാണിച്ചാല്‍ ആനക്ക് മദം പൊട്ടുന്നതുപോലെ ഒരു ദിവസം മാതാപിതാക്കളെ അത്ഭുതപ്പെടുത്തുമാറ് മക്കള്‍ പൊട്ടിത്തെറിക്കും. പിന്നെ നാശങ്ങളുടെ വേലിയേറ്റമാകും സംഭവിക്കുക.

സ്‌നേഹാനുഭവങ്ങള്‍, സ്‌നേഹ സ്പര്‍ശം, ആശ്വസിപ്പിക്കല്‍, പ്രചോദിപ്പിക്കല്‍, അംഗീകരിക്കല്‍, പരിഗണിക്കല്‍, അഭിനന്ദിക്കല്‍ തുടങ്ങിയ എണ്ണമറ്റ ഇടപെടലുകളിലൂടെയാണ് കുട്ടികളുടെ തലച്ചോറ് വ്യത്യസ്തമായ കഴിവുകള്‍ നേടുന്നത്. അവ തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ വ്യത്യാസം ഉണ്ടാക്കുന്നു. അനുഭവങ്ങള്‍ തലച്ചോറിന്റെ ഘടനയെ മാറ്റുന്നുണ്ട്. പോസിറ്റീവ് അനുഭവങ്ങള്‍ ജീവിതത്തെ സന്തോഷ പൂരിതമാക്കും.

വീട്ടിലും വിദ്യാലയത്തിലുമാണ് കുട്ടികളുടെ സ്വഭാവരൂപവത്ക്കരണം നടക്കുക. രണ്ടിടത്തും സ്‌നേഹവും പരിഗണനയും സുരക്ഷിതത്വബോധവും ലഭിക്കണം. മന:ശാസ്ത്രജ്ഞനായ യൂങ് പറയുന്നു; 'സൗഹാര്‍ദ്ദാന്തരീക്ഷവും ഊഷ്മളതയുമാണ്ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായി വേണ്ടത്'.

വനിതാ-ശിശു വകുപ്പ് മുമ്പ് വീടുകളിലെ സാഹചര്യങ്ങള്‍ കണ്ടെടുത്താനുള്ള 'വള്‍നറബിലിറ്റി മാപ്പിങ്' നടത്തിയിരുന്നു. സംസ്ഥാനത്ത് അരക്ഷിതരായ സാഹചര്യത്തില്‍ 5.5 ലക്ഷം കുട്ടികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട സംരക്ഷണവും കൗണ്‍സലിംഗും നല്‍കാന്‍ വനിതാ-ശിശു വകുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

കുടുംബങ്ങളില്‍ കുട്ടികള്‍ അരക്ഷിതരായി മാറുന്നതിന്റെ പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലേക്ക് നയിക്കുന്നത്. വേര്‍പിരിഞ്ഞ് താമസിക്കുന്ന കുടുംബങ്ങള്‍, സ്ഥിരമായ കലഹങ്ങള്‍, കുട്ടികളോടുള്ള സ്‌നേഹക്കുറവും അവഗണനയും, ക്രൂരമായ ശിക്ഷാ നടപടികള്‍, മാതാപിതാക്കളുടെ പൊരുത്തക്കേടുകള്‍, ധാര്‍മ്മിക അധ:പതനം, മാതാപിതാക്കളുടെ രണ്ടാം വിവാഹം, ഒളിച്ചോട്ടം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കുട്ടികളെ അരക്ഷിതരാക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ പല കുട്ടികളും ക്രൂരത കാട്ടുന്നുവരാണ്.

കാരണങ്ങള്‍ തിരക്കിയാല്‍ അവരില്‍ പലരും ബാല്യത്തില്‍ ഏറ്റ മുറിവുമായി മുന്നോട്ടു നീങ്ങിയവരാണെന്ന് കാണാം.

ചിന്തകനായ ആന്റേഴ്സണ്‍ പറയുന്നു; '80 ശതമാനം കുറ്റവാളികളും സ്‌നേഹമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. സ്‌നേഹരാഹിത്യം ക്രൂരതകളുടെ മാനങ്ങളിലേക്കാണ് ഒരാളെ നയിക്കുന്നത്'. മന:ശാസ്ത്രജ്ഞ ലോനോള്‍ട്ടോ പറയുന്നു; 'കുടുംബ സാഹചര്യവും കുട്ടികളെ താന്തോന്നികളും ചട്ടമ്പികളും ആക്കും. പകയുമായി വളര്‍ന്ന കുട്ടി ആക്രമണ സ്വഭാവം കാണിക്കും'.

ഒരു കുട്ടിയുടെ ശാരീരിക വളര്‍ച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം എന്നിവ ആവശ്യമാണ്. മാനസിക വളര്‍ച്ചയ്ക്ക് പരിലാളന, സുരക്ഷിതത്വം, അംഗീകാരം, വ്യക്തി മഹത്വം, പ്രോത്സാഹനം എന്നിവയും ആവശ്യമാണ്. കൂടാതെ ആത്മീയ വളര്‍ച്ചക്കും ധാര്‍മിക ജീവിതത്തിനും അനുകൂലമായ സാഹചര്യങ്ങളും കുടുംബത്തില്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ നല്ല ഒരു തലമുറ ഇവിടെ രൂപീകൃതമാവുകയുള്ളൂ. ചെറുപ്പത്തില്‍ വളരെയധികം പ്രോത്സാഹനങ്ങളും സ്‌നേഹലാളനകളും അംഗീകാരവും പരിഗണനയും ലഭിച്ച കുട്ടികളാണ് വിജയികളായിത്തീരുന്നത്. നമ്മള്‍ സൃഷ്ടിക്കേണ്ടത് വിജയികളായി മാറുന്നവരെയാണ്. അതുകൊണ്ട് ജീവിതശൈഥില്യങ്ങളുടെയും ദുര്‍മാര്‍ഗങ്ങളുടെയും ഇരകളായി കുട്ടികള്‍ മാറാതിരിക്കാന്‍ നമുക്ക് ജാഗ്രത പുലര്‍ത്താം. കുടുംബങ്ങളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ജാഗ്രതയുടെ കരവലയത്തില്‍ സുരക്ഷിതരായി നമ്മുടെ ശിശുക്കള്‍ സന്തോഷത്തോടെ, സ്‌നേഹം അനുഭവിച്ച് സംതൃപ്തരായി വളരട്ടെ. രാഷ്ട്രഭാവി അതുവഴി ശോഭനമാകട്ടെ.

(ട്രെയിനറും മെന്ററുമായ ലേഖകന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ്. ഫോണ്‍: 8075789768)

Similar News