150 വര്‍ഷം മുമ്പ് ഈ പത്രത്തിന്റെ പൂര്‍വപിതാക്കള്‍ തികച്ചും തെറ്റായ, അഹങ്കാര പൂര്‍ണ്ണമായ, ചരിത്രബോധമില്ലാത്ത ഒരു തീര്‍പ്പാണ് വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അവ ഇനിയും തിരുത്തപ്പെടാതിരിക്കാന്‍ ആവില്ല. മുഖപ്രസംഗത്തില്‍ പറയുന്നു. തെറ്റ് തെറ്റുതന്നെ, എത്ര കൊല്ലം കഴിഞ്ഞാലും അത് തിരുത്തണം. സത്യബോധമുള്ളവരുടെ കടമയാണത്.
അരമങ്ങാനത്തിന്റെ കഥ - (സോറി, ലേഖനം) -വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് -എന്തും വിളിച്ചുപറയും. (എല്ലില്ലാത്ത നാവല്ലേ?) പിന്നെ പറയും -'സോറി'. അതുകഴിഞ്ഞ് വീണ്ടും ഒരു മണ്ടത്തരം -പിന്നെ 'സോറി'. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നുപോകുമ്പോള്‍ കാലിടറിയാല്‍, കല്ലില്‍ കാലുതട്ടിയാല്‍ മന്ത്രിക്കും -'സോറി' ആരോട് കല്ലിനോടോ?
ഇത് മലയാളികളായ നമ്മുടെ മാത്രം സ്വഭാവ വൈകല്യമാണ് എന്ന് കരുതേണ്ട. ഇതാ ഒരു അമേരിക്കന്‍ വാര്‍ത്ത -2013 നവംബര്‍ 19ന്റെ മാധ്യമം പത്രത്തില്‍ വായിച്ചത.്
അമേരിക്കയിലെ 'പെന്‍സില്‍ വേനിയ' യില്‍ നിന്നിറങ്ങുന്ന 'പാട്രിയേറ്റ് ന്യൂസ്' എന്ന പത്രമാണ് ഒരു 'സോറി' വാര്‍ത്ത (സ്റ്റോറിയല്ല) പ്രസിദ്ധീകരിച്ചത്. 150 വര്‍ഷം മുമ്പത്തെ എഡിറ്റോറിയലിന് ഒരു തിരുത്ത്. വിലകുറഞ്ഞ അഭിപ്രായങ്ങള്‍ എന്ന പേരില്‍ അന്ന് നല്‍കിയ കുറിപ്പില്‍ യു.എസ്. പ്രസിഡണ്ടായിരുന്ന അബ്രഹാം ലിങ്കണിന്റെ ആ ചരിത്രപ്രസിദ്ധമായ 'ഗെറ്റിസ് ബര്‍ഗ്' പ്രഭാഷണത്തെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു. 87 വര്‍ഷം മുമ്പ് നമ്മുടെ പൂര്‍വപിതാക്കള്‍ ഈ ഭൂഖണ്ഡത്തില്‍ ഒരു രാജ്യത്തിന് പിറവി നല്‍കിയിരിക്കുന്നു എന്ന് തുടങ്ങുന്ന ആ പ്രഭാഷണമാകട്ടെ, യു.എസിന് മാത്രമല്ല, ലോകത്ത് തന്നെയും ഇന്നും ത്രസിപ്പിക്കുന്ന വാക്കുകളായാണ് ആദരിക്കപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് പത്രം അമേരിക്കന്‍ ജനതയോട് മാപ്പപേക്ഷിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
150 വര്‍ഷം മുമ്പ് ഈ പത്രത്തിന്റെ പൂര്‍വപിതാക്കള്‍ തികച്ചും തെറ്റായ, അഹങ്കാര പൂര്‍ണ്ണമായ, ചരിത്രബോധമില്ലാത്ത ഒരു തീര്‍പ്പാണ് വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. അവ ഇനിയും തിരുത്തപ്പെടാതിരിക്കാന്‍ ആവില്ല. മുഖപ്രസംഗത്തില്‍ പറയുന്നു.
തെറ്റ് തെറ്റുതന്നെ, എത്ര കൊല്ലം കഴിഞ്ഞാലും അത് തിരുത്തണം. സത്യബോധമുള്ളവരുടെ കടമയാണത്.
സോറിയാവര്‍ത്തനമില്ലാതെയാണ് ആ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. അന്നത്തെ ശൈലി അതായിരിക്കാം; ശീലവും. എന്നാല്‍ ഇന്നോ? സോറി... സോറി... സോറി...!