കാസര്‍കോട്ടെ ആത്മീയ കേന്ദ്രങ്ങളില്‍ ചിലത്...

Update: 2025-09-17 10:09 GMT
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ആത്മീയ കേന്ദ്രങ്ങളാലും സമ്പന്നമാണ്. നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതി കാസര്‍കോടിന്റെ മണ്ണില്‍ അവ തലയുയര്‍ത്തി നില്‍ക്കുന്നു

മാലിക് ദീനാര്‍ മസ്ജിദ്

കേരളത്തിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള പള്ളികളില്‍ ഒന്നാണ് കാസര്‍കോട് തളങ്കരയിലെ മാലിക് ദീനാര്‍ മസ്ജിദ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പെരുമാള്‍ പള്ളി കഴിഞ്ഞാല്‍ കേരളത്തില്‍ ഉണ്ടായ ആദ്യത്തെ പ്രധാന പള്ളികളില്‍ മുഖ്യമാണിത്. നൂറ്റാണ്ടുകളായി കാസര്‍കോടിന്റെ പടിഞ്ഞാറന്‍ തീരത്ത് അറബിക്കടലിനോട് ചേര്‍ന്നുള്ള ഈ പള്ളി സംസ്ഥാനത്തെ പ്രധാന മുസ്ലിം മത കേന്ദ്രം എന്ന ഖ്യാതി നേടിയെടുത്തു. നിര്‍മ്മാണ വൈഭവത്താലും വലിപ്പത്താലും അത്യാകര്‍ഷകമാണ് മാലിക് ദീനാര്‍ പള്ളി. നിര്‍മ്മാണകാലത്തെ ഘടന ഇപ്പോഴും സംരക്ഷിക്കുന്നു. ഹിജ്‌റ വര്‍ഷം 22 റജബ് 13നാണ് ജുമാമസ്ജിദ് നിര്‍മ്മിച്ചതെന്ന് കൊത്തിവെച്ച ആലേഖനങ്ങളില്‍ ഉണ്ട്. പള്ളിയുടെ മുന്‍ഭാഗത്തും വശങ്ങളിലും അതിവിശാലമായ ഖബറിടം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖബറടക്കപ്പെട്ടവരുടെ പേരും വിവരങ്ങളും ഇവിടെ നിന്നും വായിച്ചെടുക്കാം. മീസാന്‍ കല്ലുകളുടെ നീണ്ട നിര. ഈ കല്ലുകള്‍ക്കിടയില്‍ വളര്‍ന്ന് ചാഞ്ചാടുന്ന പ്രത്യേകയിനം ചെടികള്‍. മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഉറൂസിന് ലക്ഷങ്ങള്‍ ആണ് എത്തുന്നത്.


അനന്തപുരം ക്ഷേത്രം

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരത്ത് ഉള്ളത്. ഭൂപ്രകൃതി കൊണ്ടും അനുഷ്ഠാനം കൊണ്ടും വേറിട്ട് നില്‍ക്കുന്നതാണ് ഈ ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് അനന്തപുരം ക്ഷേത്രത്തെ കണക്കാക്കുന്നത്. ചെങ്കല്ല് വെട്ടിയെടുത്ത തടാകത്തിന് നടുക്കാണ് ക്ഷേത്രം. കടുത്ത വേനലില്‍ പോലും ഈ തടാകം വറ്റാറില്ല. സവിശേഷമായ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മണ്ഡപത്തിന്റെ കല്ലില്‍ തീര്‍ത്ത ശില്‍പങ്ങള്‍ മറ്റൊരു കൗതുകമാണ്. ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിലെ പ്രത്യേകതയും കൗതുകമാണ്.


മധൂര്‍ ക്ഷേത്രം

മധുവാഹിനിപ്പുഴയുടെ തീരത്ത് നെല്‍വയലുകളോട് ചേര്‍ന്നാണ് പ്രസിദ്ധമായ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും മൂന്നുനിലകളില്‍ ഉള്ള കൊത്തളങ്ങളും മിനാരങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശില്‍പ വൈഭവത്തിലുള്ള വാസ്തുവിദ്യ തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ടതാണ്. ക്ഷേത്രത്തിന്റെ നമസ്‌കാര മണ്ഡപം പുരാണ കഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്‍പങ്ങള്‍ കൊണ്ട് അലംകൃതമാണ്.


ബേള പള്ളി

കാസര്‍കോട് ജില്ലയില്‍ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ആണ് -കേരള വ്യാകുലമാതാ ദേവാലയം. ജില്ലയിലെ കൊങ്കിണി ക്രൈസ്തവരുടെ ആരാധനാ കേന്ദ്രം. കൊങ്കിണി ഭാഷയിലാണ് ആരാധന. ഗോഥിക് വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിച്ച പള്ളി എല്ലാ മതവിശ്വാസികളെയും ആകര്‍ഷിക്കുന്നു. പള്ളി പുതുക്കിപ്പണിയുമ്പോഴും ആദ്യകാല വാസ്തുവിദ്യാ ശൈലി നിലനിര്‍ത്തിയിരുന്നു.


ആനന്ദാശ്രമം

കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്ന് ആത്മീയ കേന്ദ്രമായ ആനന്ദാശ്രമം നിലകൊള്ളുന്നു. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഇവിടം. പ്രധാന ആശ്രമവും മറ്റു കെട്ടിടങ്ങളും പ്രശാന്തമായ മാന്തോപ്പുകള്‍ക്കും തെങ്ങിന്‍ തോപ്പുകള്‍ക്കും തോട്ടങ്ങള്‍ക്കും ഇടയ്ക്കാണ്. ആശ്രമത്തിന്റെ കിഴക്കേ ഭാഗത്ത് മഞ്ഞംപൊതിക്കുന്നുണ്ട്. ഇവിടെ എത്തുന്നവര്‍ ധ്യാനത്തിനായി ഈ കുന്നിലേക്ക് പോകുന്നു. ഈ കുന്നില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രകൃതി സൗന്ദര്യത്തിന്റെ ഭംഗി നുകരാം.


നിത്യാനന്ദാശ്രമം

സ്വാമി നിത്യാനന്ദന്‍ സ്ഥാപിച്ച കേരളത്തിലെ പ്രമുഖ ആശ്രമങ്ങളില്‍ ഒന്നായ നിത്യാനന്ദാശ്രമം കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് ഏതാനും അപ്പുറത്താണ്. ധ്യാനത്തിനും മറ്റും ഏറെ അനുയോജ്യമാണ് ഇവിടെ. ആശ്രമത്തിനുള്ളിലെ മലഞ്ചെരുവില്‍ തീര്‍ത്ത 43 ഗുഹകള്‍ എന്നും അത്ഭുതം തന്നെയാണ്. മുമ്പ് ആശ്രമം നിന്ന സ്ഥലം വനപ്രദേശം ആയിരുന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച പൂര്‍ണകായ പ്രതിമ ഇവിടെയുണ്ട്.


തൃക്കണ്ണാട്, ഉദയമംഗലം, പാലക്കുന്ന് ക്ഷേത്രങ്ങള്‍

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്. അറബിക്കടലിന് അഭിമുഖമായി പടിഞ്ഞാറ് നോക്കി നിലകൊള്ളുന്ന മലബാറിലെ ഏക ശിവക്ഷേത്രം. ക്ഷേത്രങ്ങളുടെ മുഖം കിഴക്കോട്ടാണ് ഉണ്ടാവാറുള്ളത്. ആ പതിവ് തൃക്കണ്ണാട്ട് തെറ്റിക്കുന്നു. ജനാധിപത്യ മൂല്യമുള്ള ക്ഷേത്രം എന്ന നിലയ്ക്ക് തൃക്കണ്ണാട് ക്ഷേത്രത്തിലെ ഉത്സവത്തില്‍ ചിട്ടകളും പ്രത്യേകതകളും ഉണ്ട്.


ഉദയമംഗലം ക്ഷേത്രത്തില്‍ നിന്നാണ് ഉദുമ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം. മൃതസഞ്ജീവനിക്കായി ഹനുമാന്‍ ആകാശമാര്‍ഗം വരുന്നതിനിടയില്‍ പ്രതിഷ്ഠിച്ച വിഷ്ണുവിഗ്രഹം ഇതാണ്. ഉദയം കാണുന്നിടത്ത് പ്രതിഷ്ഠിക്കണമെന്നാണ് നിര്‍ദ്ദേശം. ഉദയം കണ്ടത് ഇപ്പോഴത്തെ ഉദുമയില്‍. അങ്ങനെയാണ് ഉദുമയായത് എന്ന് പറയപ്പെടുന്നു. ഉല്‍പേതിഷ്ണത്വത്തിന് പേരുകേട്ട നാടാണ് ഉദുമ. ഹിന്ദു മുസ്ലിം മൈത്രിക്ക് മാതൃക കാട്ടുന്ന പ്രദേശം.


ക്ഷേത്രോത്സവങ്ങളില്‍ മുസ്ലീങ്ങള്‍ സഹകരിക്കുന്നു. ഉറൂസുകളില്‍ ഹിന്ദുക്കളും ഭാഗഭാക്കാകുന്നു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിപ്പാടകലെയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രം. ഭഗവതി നിലയുറപ്പിച്ച 'പാല' നിലകൊള്ളുന്ന കുന്ന്. ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് കാഴ്ചകളാണ് പ്രധാനം. കുറുംബാ ഭഗവതിക്ക് കാഴ്ചയായി പുസ്തകങ്ങള്‍ എത്തിയിരുന്നു. 1980ല്‍ കൊക്കാല്‍ പ്രദേശത്തുകാര്‍ ഭരണി ഉത്സവത്തിന് കാഴ്ചയായി പുസ്തകങ്ങള്‍ കൊണ്ടുപോകാനാണ് തീരുമാനിച്ചത്. പതിനായിരം രൂപയുടെ നിരവധി പുസ്തകങ്ങള്‍ കാഴ്ചാ കമ്മിറ്റി വാങ്ങി. പ്രഭാപൂരത്തോടൊപ്പം പുസ്തകങ്ങള്‍ ഏന്തി നാട്ടുകാര്‍ അമ്പലത്തിലേക്ക് ഘോഷയാത്രയായി എത്തി.



 


Similar News