ആഘോഷപ്പൊലിമയിലേറി ഓണം വന്നേ...

Update: 2025-08-28 09:53 GMT
പുതിയകാലത്ത് യൂട്യൂബില്‍ ഇറങ്ങിയ പുതിയ പാട്ട് വീഡിയോകളില്‍, വൈറല്‍ ആണെങ്കില്‍ മാത്രം ഒറ്റയായും തെറ്റയായും നമ്മള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ പഴയ ഭാവം, അതിന്റെ ഭംഗി നമുക്ക് തിരിച്ചുകിട്ടാന്‍ ഇനി സാധ്യതയില്ല. മതമാത്സര്യങ്ങള്‍ ഇല്ലാതെ, മനുഷ്യമനസ്സിനെ ഐക്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ആഘോഷമാണ് ഓണമെന്ന് നിസ്സംശയം പറയാം.

ഓണക്കാലം എന്നും ആഘോഷത്തിന്റെതും ബാല്യകാല സ്മരണകളുടേതും കൂടിയാണ്. അത്തവും ചിത്തിരയും പിന്നിട്ട് ഓണനാളുകള്‍ ഇന്ന് ചോതിയിലെത്തി. പൊന്നോണത്തിലേക്ക് ഇനിയും ആഘോഷവും സന്തോഷവും നിറഞ്ഞ ഏഴ് നാളുകള്‍ കൂടി.

ഓണം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെ മനസ്സിലും ആദ്യമെത്തുക പൂക്കളമാണ്. അതോടൊപ്പം തിരുവാതിരയും പുലികളിയും മാവേലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും അങ്ങനെയങ്ങനെ പലതും, സ്മരണകളായി മനസ്സില്‍ കൂടുകൂട്ടും. ആഘോഷത്തിന്റെ പ്രതീതി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കാം.

അത്തം പത്തോണം എന്ന വാക്ക് ഏറെ പ്രസിദ്ധമാണല്ലോ. മലബാറില്‍, പ്രത്യേകിച്ച് കാസര്‍കോട്-കണ്ണൂര്‍ വടക്കന്‍ മേഖലയില്‍ ഉത്രാടവും തിരുവോണവും മാത്രമാണ് കൂടുതലായി ആഘോഷം ഉണ്ടാവുക. എന്നാല്‍ പണ്ടുമുതലെ തെക്കന്‍ മേഖലകളില്‍ അത്തം നാള്‍ തൊട്ട് 10 ദിവസത്തെ നീണ്ട ആഘോഷച്ചടങ്ങുകളാണ്. അത്തം മുതല്‍ ഓരോ ദിവസത്തിനും പ്രത്യേകതയുള്ള ആഘോഷ രീതികളും ഉണ്ട്. എന്നാല്‍ പുതിയ കാലത്ത്, സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം, ചിലയിടങ്ങളില്‍ മാറി ചിന്തിച്ചും പ്രവര്‍ത്തിച്ചു തുടങ്ങുന്നുണ്ട്.

ഓണാഘോഷം അല്ലെങ്കില്‍ ഓണക്കാലമെത്തി എന്നത് നമ്മള്‍ ആദ്യം കേട്ട് തുടങ്ങുന്നത്, ഓണത്തിന് പത്തിരുപത് ദിവസം മുമ്പേയുള്ള ബിസിനസ് പരസ്യങ്ങളിലൂടെയാണ്. ഓഫറുകളുടെ പെരുമഴക്കാലം എന്ന് സ്വയം വിശേഷിപ്പിച്ച് പലതരത്തിലുള്ള കച്ചവടങ്ങള്‍ പൊടിപൊടിക്കും. നമ്മുടെ ഉപഭോക്തൃ സംസ്‌കാരത്തിന്റെ പാരമ്യതയെ ഓര്‍മ്മിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ്, ഓണക്കാലം എന്നത്.

കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായിട്ടാണ് ഓണം കരുതപ്പെടുന്നത്. കേരളീയരുടെ മനസ്സില്‍ മാത്രമല്ല, ജീവിതരീതികളിലും ഓണത്തിന് സവിശേഷമായൊരു സ്ഥാനമുണ്ട്.

ഓണത്തിന്റെ തുടക്കമാണ് 'അത്തം'. ഓണപ്പുലരി വിളിച്ചോതുന്ന പത്ത് ദിവസങ്ങളിലെ ആദ്യത്തെ ചുവട്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം വരുമ്പോഴാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഉള്ളില്‍ കുളിരു കോരിച്ച് പുതുമ നിറച്ച് 'അത്തം' വന്നെത്തി.

അത്തം ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വീടുകളുടെ മുന്നില്‍ വിരിയുന്ന പൂക്കളങ്ങളാണ്. വീട്ടിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സന്തോഷത്തോടെ ഒന്നുചേര്‍ന്ന്, ആദ്യ ദിവസത്തില്‍ ചെറിയൊരു വട്ടത്തില്‍ പൂക്കളരി ആരംഭിക്കും.

പൂക്കുടയുമേന്തി നാടന്‍ പൂക്കള്‍ ശേഖരിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്ളത്തെ പൊലിപ്പിക്കുന്ന കാഴ്ചയാണല്ലോ. ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നതും.

പിന്നാലെ ദിവസങ്ങള്‍ കഴിയുന്തോറും വൃത്തവും ഭംഗിയും കൂട്ടി തിരുവോണം വരെയെത്തും. പൂക്കളുടെ നിറപ്പകിട്ടില്‍ മാത്രമല്ല, അതിലൂടെ കുടുംബസ്‌നേഹം, കൂട്ടായ്മ, പങ്കുവെയ്ക്കല്‍ എന്നിവയും പ്രകടമാകുന്നു.

ഒത്തുകൂടല്‍ എന്നത് പുതിയ കാലത്ത് അത്രത്തോളം സാധിക്കുന്ന ഒന്നല്ല. ഓരോ അണുകുടുംബത്തിലും ഓണാഘോഷങ്ങള്‍ നടക്കുകയും കൂട്ടുകുടുംബങ്ങളിലേക്ക് ഫോട്ടോഷൂട്ടിന് വേണ്ടി എത്തിച്ചേരുകയും ചെയ്യുന്ന പുതിയ കാലത്ത്, ഓണത്തിന്റെ രീതികളും ഭാവവും ഒക്കെ മാറുന്നു.

അത്തം തുടങ്ങിയാല്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേ ആവേശമാണ്. വഴികളില്‍ കച്ചവടക്കാര്‍ പൂക്കളും ഓണസാധനങ്ങളും വില്‍ക്കുന്ന കാഴ്ച, കൂട്ടമായി കളരി ഒരുക്കുന്ന കുട്ടികളുടെ കളിവിളികളും, ഓണപ്പാട്ടുകളും, ആഘോഷത്തിന്റെ മണവും ഒരുമിച്ച് സമൂഹജീവിതത്തെ സമ്പന്നമാക്കുന്നു.

പൊന്നോണം വരാനിരിക്കുന്നതായി ഓര്‍മ്മിപ്പിക്കുന്ന സന്തോഷത്തിന്റെ സംഗീതം അത്തം ദിവസങ്ങളില്‍ എല്ലായിടത്തും മുഴങ്ങും. കുറച്ചുകാലം മുമ്പ് വരെ ഓണാഘോഷം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഓണത്തിന്റെ പാട്ടുകള്‍ എത്തിത്തുടങ്ങുമായിരുന്നു. ഒപ്പം മാവേലിയെ ചേര്‍ത്തുള്ള കോമഡി കാസറ്റുകളും. പൂവിളിയുടെ പാട്ടുകള്‍ എങ്ങും കേള്‍ക്കാമായിരുന്നു.

പുതിയകാലത്ത് യൂട്യൂബില്‍ ഇറങ്ങിയ പുതിയ പാട്ട് വീഡിയോകളില്‍, വൈറല്‍ ആണെങ്കില്‍ മാത്രം ഒറ്റയായും തെറ്റയായും നമ്മള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ പഴയ ഭാവം, അതിന്റെ ഭംഗി നമുക്ക് തിരിച്ചുകിട്ടാന്‍ ഇനി സാധ്യതയില്ല. മതമാത്സര്യങ്ങള്‍ ഇല്ലാതെ, മനുഷ്യമനസ്സിനെ ഐക്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ആഘോഷമാണ് ഓണമെന്ന് നിസ്സംശയം പറയാം. അത്തം വെറും ഒരു ദിവസത്തിന്റെ, ആഘോഷത്തിന്റെ തുടക്കം മാത്രമായല്ല കേരളീയര്‍ വരവേറ്റത്. ഐക്യത്തിന്റെ പ്രതീകം കൂടിയാണത്. ചെറിയൊരു പൂവ് കളരിയില്‍ ചേര്‍ക്കുന്ന ഓരോരുത്തരും സമൂഹത്തിലെ ഐക്യം, സ്‌നേഹം, സഹകരണം എന്നിവയ്ക്കാണ് പ്രതീകമായിത്തീരുന്നത്. ഈ വര്‍ഷത്തെ തിരുവോണം സെപ്റ്റംബര്‍ അഞ്ചിനാണ്. സെപ്റ്റംബര്‍ അഞ്ചിന് തന്നെയാണ് നബിദിനവും വന്നെത്തുന്നത് എന്നത് മറ്റൊരു പ്രത്യേകത. ഓരോ ദിവസവും പുതിയ പ്രതീക്ഷകളും ഒരുക്കങ്ങളുമായി കടന്നുപോകും. തിരുവോണം എത്തുമ്പോള്‍ മാത്രമേ അത്തം ദിവസത്തില്‍ തുടങ്ങിയ ആ സന്തോഷം പരിപൂര്‍ണ്ണത കൈവരിക്കുകയുള്ളൂ.

'അത്തം തുടങ്ങുമ്പോള്‍' കേരളത്തിന്റെ ഹൃദയത്തിലേക്ക് ഒരു പുതു ഉത്സവകാലം കടന്നുവന്നു. അത് പ്രകൃതിയുടെ പുതുമയും മനുഷ്യരുടെ കൂട്ടായ്മയും സ്‌നേഹവും സന്തോഷവും ചേര്‍ന്നൊരു മഹോത്സവത്തിന്റെ തുടക്കമാണ്. അത്തം, ഒരു കലണ്ടര്‍ ദിനം മാത്രമല്ല കേരളത്തിന്റെ ജീവന്‍ മുഴുവന്‍ ആഘോഷിക്കുന്ന ഒരു അനുഭവത്തിന്റെ തുടക്കം തന്നെയാണ്. അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം. ഇങ്ങനെ ചിങ്ങം എന്ന മലയാള മാസത്തിലെ 10 നക്ഷത്രങ്ങള്‍ കടന്നുപോകുമ്പോള്‍ പുതിയൊരു ഊര്‍ജ്ജവം ആവേശവും നല്‍കിക്കൊണ്ട് നമ്മള്‍ ഓരോരുത്തരും ഒരു പുതിയ മനുഷ്യനായി മാറും.

ഓണാശംസകള്‍.

Similar News