അന്നത്തെ ദിവസം വൈകുന്നേരം അസര്‍ നിസ്‌ക്കാരം കഴിഞ്ഞ് കുന്നിലെ പള്ളിയിലെ തെക്കന്‍ മൊയിലാര്‍ച്ചയും കണ്ണന്‍ ബെളിച്ചപ്പാടനും അപ്പിച്ചിയുടെ കടമുറ്റത്തെ ബെഞ്ചില്‍ വന്നിരിക്കും. രാവിലെ ഒത്ത് കൂടിയവരില്‍ പലരും അവരുടെ കൂടെ ചേരും. നാട്ടുവര്‍ത്തമാനങ്ങളും കഥകളും ബഡായി പറച്ചിലും പൊട്ടിച്ചിരിയുമായി നേരം പോവും. കുട്ടികളായ ഞങ്ങള്‍ ആ പരിസരത്ത് നില്‍ക്കുന്നത് കണ്ടാല്‍ ബയ്യെത്തും. ഞങ്ങള്‍ ഓടി മറയും.
അപ്പിച്ചി ചെമ്മാന്‍ച്ചാന്റെ കടയാണ് എന്റെ കുട്ടിക്കാലത്തെ കാവുഗോളി ഗ്രാമത്തിലെ പലരും ഒത്തുചേരുന്ന ഒരിടം. ചെറിയൊരു കൂട് പീടിക. ബീഡാ, ബീഡി, സിഗരറ്റ്, മിഠായി കൂടാതെ അല്ലറ ചില്ലറ അടക്കയുടെയും തേങ്ങയുടെയും പുകയിലയുടെയും കച്ചവടം. രാവിലെ കട തുറന്ന് കഴിഞ്ഞാല്‍ ചെമ്മാന്‍ച്ച നാലാളുകള്‍ കേള്‍ക്കെ ഉറക്കെ പത്രം വായിക്കും. ആ പത്രവായന കേള്‍ക്കാന്‍ വയസ്സന്മാര്‍ ചുറ്റിലും കാതോര്‍ത്തിരിക്കും. ബീരാന്‍ചാന്റെ മമ്മീന്‍ച്ച, കാട്ടിലെ ഉമ്പായിച്ച, കുഞ്ഞിരാമേട്ടന്‍, കറിതാള് കണ്ണന്‍, ചട്ട്ണി അംബുവേട്ടന്‍, ചിരികണ്ഠന്‍ കാരണവര്‍, ബൊമ്പായി കുഞ്ഞമ്മദ്ച്ച, തൂവക്കാളി മമ്മൂച്ച, മൂസി മമ്മദ്ച്ച, കല്ലന്‍കൈ മമ്മദ്ച്ച, അദ്രായിന്‍ച്ചാന്റെ മമ്മദ്ച്ച, കെ.കെ പുറം ഔക്കര്‍ച്ച ഇവരെല്ലാം ദിവസവും മുടങ്ങാതെ വന്നിരിക്കും. പത്രവായന കേട്ടുകഴിഞ്ഞാല്‍ കുമാരേട്ടന്റെയോ രാഘുവേട്ടന്റെയോ ഹോട്ടലില്‍ നിന്ന് ഒരു ചായ കുടിച്ച് ഒരു ബീഡിക്ക് തീ കൊളുത്തി മീനിനായി കാത്തിരിക്കും. ഏകദേശം എട്ടര മണിയാകുമ്പോള്‍ മൊയി പൊയമീനുമായി എത്തും. ഈര്‍ക്കിലിയില്‍ കോര്‍ത്ത പൊയമീന്‍ പാളയില്‍ വെച്ച് കൊണ്ടാണ് മീന്‍കാരി മൊയ്യിന്റെ വരവ്. അപ്പിച്ചിയുടെ കടക്ക് മുന്നില്‍ കൂടിയവര്‍ മീന്‍കാരിയുടെ ചുറ്റും കൂടും. കോപ്പക്ക് എത്ര മൊയി? ബീരാന്‍ച്ചാന്റെ മമ്മിന്ച്ച ഘനമുള്ള ചരക്കൂറ്റോടെ ചോദിക്കും.
ഏത് കോപ്പെ ബേണ്ടിയെ മമ്മീന്‍ഞ്ഞാപ്പളെ?
നോങ്ങല്‍ന്റെ കോപ്പക്കെത്ര?
നോങ്ങല്‍ന്റെ കോപ്പക്ക് ഒരു മുപ്പത് ഉറുപ്പിയതന്ന്രീ...
നുപ്പത് ഉറുപ്പിയ ജാസ്തിയായിപ്പോയിപ്പാ.
അപ്പൊ നിങ്ങോ എത്ര തരും.
ഇരുപത് ഉറുപ്പിയ തരും.
അത് നല്ലോണം കൊറഞ്ഞുപോയി മമ്മിഞ്ഞാപ്പളെ...
അവസാനം ഇരുപത്തിയഞ്ച് ഉറുപ്പിയക്ക് ഖബൂലാക്കും. മമ്മീന്‍ച്ച ഒരു കോപ്പ മീനുമായി വീട്ടിലേക്ക് നടക്കും. ഈര്‍ക്കിലിയില്‍ കോര്‍ത്ത മീനിനെയാണ് ഒരു കോപ്പ മീനെന്ന് പറയുന്നത്. വലിയ കോപ്പയാണെങ്കില്‍ പത്ത്, പന്ത്രണ്ട് മീനുണ്ടാവും. ചെറുതാണെങ്കില്‍ എട്ടിന് താഴേവരുള്ളൂ. പൊയമീന്‍ മാത്രമാണ് ഈര്‍ക്കിലിയില്‍ കോര്‍ത്ത് കോപ്പയാക്കി കൊണ്ടുവരുന്നത്. കടലില്‍ നിന്ന് പിടിച്ച മത്തി, അയല മുതലായ മീനുകള്‍ ഇലയില്‍ വാരിയിട്ട് പൊതിഞ്ഞ് കെട്ടിയാണ് പണ്ട് കാലത്ത് ആവശ്യക്കാര്‍ക്ക് കൊടുത്തിരുന്നത്.
രാവിലെ എട്ട് മണിക്ക് തന്നെ കുട്ടികള്‍ സ്‌കൂളില്‍ പോകാനായി റോഡിന്റെ ഇരുവശങ്ങളിലും കൂട്ടത്തോടെ ബസിന് കാത്ത് നില്‍ക്കും. വണ്ടിക്കാരന്‍ അന്തിന്‍ച്ചാന്റെ കാളവണ്ടി കൊ ട്ടക്കല്ല് നിറഞ്ഞ റോഡിലൂടെ കടകടാ ശബ്ദത്തോടെ നീങ്ങുന്നുണ്ടാവും. പെട്രോളും ഡീസലും ഒഴിക്കാതെ ഓടുന്ന അക്കാലത്തെ ഏക വണ്ടിയാണ് കാളവണ്ടി. പെട്രോളിന് പകരം കാളകള്‍ക്ക് പുല്ലും വയ്‌ക്കോലും പിണ്ണാക്ക് വെള്ളവും കഞ്ഞി വെള്ളവും കൊടുത്താല്‍ മതി. പാവം കാളകള്‍ നല്ലോണം അധ്വാനിച്ചോളും. മൈലേജ് ഏറെ കിട്ടും. പണ്ട് കാലത്ത് കല്ല്യാണ നാളില്‍ വധുവരന്മാരെ കൊണ്ടുപോയിരുന്നത് ഇതേ ശകടത്തിലിരുത്തിക്കൊണ്ടാണ്.
അന്നത്തെ ദിവസം വൈകുന്നേരം അസര്‍ നിസ്‌ക്കാരം കഴിഞ്ഞ് കുന്നിലെ പള്ളിയിലെ തെക്കന്‍ മൊയിലാര്‍ച്ചയും കണ്ണന്‍ ബെളിച്ചപ്പാടനും അപ്പിച്ചിയുടെ കടമുറ്റത്തെ ബെഞ്ചില്‍ വന്നിരിക്കും. രാവിലെ ഒത്ത് കൂടിയവരില്‍ പലരും അവരുടെ കൂടെ ചേരും. നാട്ടുവര്‍ത്തമാനങ്ങളും കഥകളും ബഡായി പറച്ചിലും പൊട്ടിച്ചിരിയുമായി നേരം പോവും. കുട്ടികളായ ഞങ്ങള്‍ ആ പരിസരത്ത് നില്‍ക്കുന്നത് കണ്ടാല്‍ ബയ്യെത്തും. ഞങ്ങള്‍ ഓടി മറയും. മൊയിലാര്‍ച്ചയും ബെളിച്ചപ്പാടനും മിത്ത് കഥകളാണ് അധികവും വിളമ്പിയിരുന്നത്. മൊയിലാര്‍ച്ച ആദ്യം തുടങ്ങും. എന്റെ ചങ്ങായിമാരെ ഞാനിന്നലെ രാത്രി കടപ്പുറത്തെ അബ്ബാസിന്റെ വീട്ടില്‍ മൗലൂദ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നവഴി ഗോളി മരത്തിന്നടിയിലെത്തിയപ്പോള്‍ ഒരു സ്ത്രീയുടെ കരച്ചിലും ചിരിയും. സാറാ എന്ന യക്ഷിയാണതെന്ന് ഞമ്മക്ക് പുടികിട്ടി. വേറെ വല്ലവരാണെങ്കില്‍ പേടിച്ച് അവിടെ തന്നെ മയ്യത്തായേനെ. ഞാന്‍ അരക്ക് കെട്ടിയ ഏലസ്സില്‍ മുറുകെപ്പിടിച്ച് ബദ്രീങ്ങളെയും മുഹ്‌യുദ്ദീന്‍ ഷൈഖിനെയും മനസ്സില്‍ വിചാരിച്ച്, എന്തൊക്കെയോ ദിക്ക്‌റ് ചൊല്ലിയെന്ന് ഞമ്മക്കന്നെ നിശ്ചയമില്ല. പടച്ചോന്റെ കാവല്‍ ഒന്ന് കൊണ്ട് മാത്രം ഞാനവിടെ നിന്നും കയിച്ചലായി എന്ന് പറഞ്ഞാല്‍ മതി.
അടുത്തത് വെളിച്ചപ്പാടന്റെ ഊഴം. ബണ്ണാറക്കുളത്തിന്റെ അടുത്തുള്ള ബനത്തിന്റെ അടിയിലൂടെ ആരും പോയര്‍ണ്ട. സന്ധ്യ കഴിഞ്ഞാല്‍ അവിടെ ഭൂതത്തിന്റെയും യക്ഷികളുടെയും വിളയാട്ടമാണ്. ഞാനൊരിക്കല്‍ യക്ഷിയെ കണ്ടതാണ്. തെങ്ങോളം വലിപ്പം വരും. ബനത്തിലേക്ക് യക്ഷി കയറുമ്പം എന്റെ മുഖത്തേക്ക് ഒരു നോക്ക് നോക്കീന്. തിരിഞ്ഞുനോക്കാതെ നാമം ജപിച്ച് ഒരോട്ടം. ആ ഭാഗത്തേക്ക് ആരും പോകരുത്. യക്ഷി മാത്രമല്ല, ചില സമയത്ത് അവിടെ ഒറ്റ മുലച്ചിയെയും കുളിയനെയും ഒക്കെ കാണാറുണ്ട്. എല്ലാരും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്. ഇനിയെന്തൊക്കെ ഇടങ്ങേറുകളാ വരാന്‍ പോണേ. ഭഗവതീ കാത്തോളണേ.
വെളിച്ചപ്പാടിന്റെയും തെക്കന്‍ മൊയിലാര്‍ച്ചാന്റെയും കഥകള്‍ കേട്ട് നിരീശ്വര വാദിയായ കുഞ്ഞിരാമേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. എന്നാല്‍ ഈ കഥ കേട്ട മമ്മിന്‍ച്ച അന്ന് രാത്രി പേടിച്ച് ഉറങ്ങിയിട്ടില്ലത്രേ. മൊയിലാര്‍ച്ചയും ബെളിച്ചപ്പാടനും അന്ധവിശ്വാസങ്ങളെ കൂട്ടുപിടിച്ച് ഇത്തരം കഥകള്‍ മെനഞ്ഞുണ്ടാക്കി ഒരു ഫിയര്‍ സയ്ക്കോസിസ് സൃഷ്ടിക്കുകയാണ് ചെയ്തത്. തെക്കന്‍ മൊയിലാര്‍ച്ച കുന്നിലെ പള്ളിയില്‍ നിന്ന് മഗ്രിബ് ബാങ്ക് വിളിച്ച് കഴിഞ്ഞാല്‍ കാവുഗോളി ഗ്രാമമാകെ ഭയാനകമായ ഒരു മൂകത പടരും. ഇശാ നിസ്‌കാരം കഴിഞ്ഞ് ആളുകള്‍ പള്ളി മുറ്റത്ത് നിന്ന് പിരിഞ്ഞാല്‍ പിന്നെ നാട്ടുവഴിയില്‍ ആളനക്കം കേള്‍ക്കില്ല. കുറുക്കന്മാരുടെയും നായ്ക്കളുടെയും കുറുനരികളുടെയും കാട്ടുപന്നികളുടെയും വിളയാട്ടമായിരിക്കും.