1931ലെ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തിലേക്ക് കാല്‍നടയായി, അതും നഗ്‌നപാദനായി പോയി ഗാന്ധിജിയെ കണ്ടുമുട്ടിയ ഒരതിസാഹസികന്‍ താമസിച്ചിരുന്ന വീടാണിത്. മുളിയാറിലെയും കാടകത്തെയും കാസര്‍കോട്ടെയും സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊടുത്ത തനി ഗാന്ധിയനായ ഒരാളുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന വീട്. 1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍, നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ഹരിജനങ്ങളെ പ്രവേശിപ്പിച്ചു സമൂഹസദ്യ നല്‍കി വിപ്ലവം സൃഷ്ടിച്ചതും ഇതേ വീട്ടില്‍. പറഞ്ഞുവരുന്നത് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതനായ നാരന്തട്ട ഗാന്ധി രാമന്‍ നായരെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മുളിയാറിലെ പുതിയവീട് അങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നിത്യസ്മാരകമായി നിലനില്‍ക്കുകയാണ്. പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹത്തിലും കാടകം വനസത്യാഗ്രഹത്തിലും സജീവ സാന്നിധ്യമായിരുന്നു രാമന്‍ നായര്‍. രണ്ടു തവണ ജയില്‍വാസം അനുഭവിച്ചു.
1968 ഏപ്രില്‍ 30ന് മരണപ്പെട്ട നാരന്തട്ട ഗാന്ധി രാമന്‍ നായര്‍ക്ക് അന്തിമോപചാരമറിയിക്കാന്‍ ഈ വീട്ടില്‍ എത്തിച്ചേര്‍ന്ന കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍, രാമന്‍ നായരുടെ പൗത്രനായ, അന്ന് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന മോഹന്‍ കുമാര്‍ നാരന്തട്ടയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. 'എന്നെങ്കിലും സൗകര്യപ്പെടുമ്പോള്‍ രാമന്‍ നായരുടെ ഓര്‍മ നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്തുവെക്കണം'. പയ്യന്നൂര്‍ ഉപ്പു സത്യാഗ്രഹത്തില്‍ കേളപ്പജിയുടെ വോളന്റീര്‍ ക്യാപ്റ്റന്‍ ആയിരുന്ന രാമന്‍ നായരുടെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ഒരാഹ്വാനമായിരുന്നു അത്. രാമന്‍ നായര്‍ മരണപ്പെട്ട് 56 വര്‍ഷം വര്‍ഷം കഴിഞ്ഞു 2024 ഏപ്രില്‍ 30ന് ഇതേ വീട്ടിലേക്ക് മറ്റൊരു വിശിഷ്ടാതിഥി വരികയുണ്ടായി. അത് സാക്ഷാത് മഹാത്മഗാന്ധിയുടെ പ്രപൗത്രനായ തുഷാര്‍ ഗാന്ധിയായിരുന്നു. മുളിയാറിനെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാക്കിയെടുത്ത അഞ്ചു സേനാനികളുണ്ടായിരുന്നു. രാമന്‍ നായരെ കൂടാതെ മേലത്തു നാരായണന്‍ നമ്പ്യാര്‍, എ.കെ. കൃഷ്ണന്‍ നായര്‍, കെ.പി. മാധവന്‍ നായര്‍, നിട്ടൂര്‍ കോരന്‍ നായര്‍ എന്നിവരാണ് മറ്റു നാലുപേര്‍. 'നാരന്തട്ട ഗാന്ധി രാമന്‍ നായര്‍ ട്രസ്റ്റ് (ഗ്രാന്‍ട്രസ്റ്റ്)' എന്ന പേരില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി മുളിയാറില്‍ ഒരു ട്രസ്റ്റ് തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുകയുണ്ടായി. രാമന്‍ നായരുടെ സ്മരണ നിലനിര്‍ത്താന്‍ മുളിയാറില്‍ അദ്ദേഹം താമസിച്ചിരുന്ന 'പുതിയ വീട്' ഉചിതമായ ഒരു സ്മാരകമാക്കി മാറ്റാനുള്ള പദ്ധതിക്ക് ഗ്രാന്‍ട്രസ്റ്റ് രൂപം നല്‍കിക്കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തെയും അതിലൂടെ ഈ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത ധീരസേനാനികളുടെയും ഓര്‍മ്മകള്‍ വരും തലമുറകള്‍ക്കായുള്ള പൈതൃക സംരക്ഷണമാണ് ഗ്രാന്‍ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്നു ട്രസ്റ്റ് ചെയര്‍മാന്‍ മോഹന്‍ കുമാര്‍ നാരന്തട്ട ഉത്തരദേശത്തോട് പറഞ്ഞു.