ആധുനിക വൈദ്യശാസ്ത്രവും അനുബന്ധമായിട്ടുള്ള ശസ്ത്രക്രിയകളും തങ്ങളുടെ മാത്രം കുത്തകയാണെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആ മേഖലയിലേക്കുള്ള ഇതര ഡോക്ടര്‍മാരുടെ 'കടന്നുകയറ്റം' അവര്‍ പ്രതിരോധിക്കുന്നത്.
പ്രസിദ്ധമായ ഒരു സംസ്‌കൃത ശ്ലോകം ഉണ്ട്. അതിന്റെ സാരാംശം ഇതാണ്: 'വൈദ്യരാജന് നമസ്‌കാരം. വൈദ്യരാജന്‍ യമരാജന്റെ ജേഷ്ഠനാണ്. യമരാജന്‍ രോഗികളുടെ ആയുസ്സ് ഹനിക്കുന്നു. വൈദ്യ രാജന്‍ രോഗിയുടെ ആയുസ്സും ധനവും ഹനിക്കുന്നു.'
ആധുനിക വൈദ്യശാസ്ത്രവും അനുബന്ധമായിട്ടുള്ള ശസ്ത്രക്രിയകളും തങ്ങളുടെ മാത്രം കുത്തകയാണെന്ന് അലോപ്പതി ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ആ മേഖലയിലേക്കുള്ള ഇതര ഡോക്ടര്‍മാരുടെ 'കടന്നുകയറ്റം' അവര്‍ പ്രതിരോധിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ തങ്ങളുടെ മുന്നിലെത്തുന്ന രോഗികളോട് മാനുഷിക പരിഗണന വെച്ച് പെരുമാറുകയാണ് പ്രഥമമായി ചെയ്യേണ്ടത്. രണ്ടാമതാണ് പ്രതിരോധത്തിന് പ്രസക്തി. അലംഭാവവും അശ്രദ്ധയും സര്‍വ്വോപരി അപ്രമാദിത്വ ചിന്തയുമായിട്ടാണ് ഭൂരിപക്ഷം ഡോക്ടര്‍മാര്‍ രോഗികളെ സമീപിക്കുന്നത്. ചികിത്സാരംഗം വഷളാകാന്‍ ഇതാണ് പ്രധാന കാരണം. നല്ല ഡോക്ടര്‍, ആധുനികമായ അറിവിന്റെ കാര്യത്തില്‍ സമ്പന്നനാകണം. ഭാരിച്ച കണ്‍സള്‍ട്ടേഷന്‍ കാരണം പത്രം വായിക്കാന്‍ പോലും സമയം കിട്ടാത്ത ഡോക്ടര്‍മാര്‍ ധാരാളം. ആര്‍ദ്രത എന്ന വികാരം കൂടി ഇവര്‍ക്ക് അന്യമാണെന്നിരിക്കെ രോഗിയുടെ നില തികച്ചും പരിതാപകരം തന്നെ. സ്‌നേഹമാണ് ശരിയായ ഔഷധം. മരുന്നില്ലായ്മയാണ് മരുന്ന് എന്ന ആപ്തവാക്യത്തിന്റെ അര്‍ത്ഥം ഇതാണ്. ഇന്നത്തെ മിക്ക ഡോക്ടര്‍മാര്‍ക്കും ഇത് അറിയാം. പക്ഷേ അത് അറിയുമെന്ന് അവര്‍ ഭാവിക്കുന്നില്ല. രോഗിയോട് ചിരിക്കുകയോ സൗഹൃദം കാണിക്കുകയോ ചെയ്താല്‍ സ്റ്റാറ്റസ് ഇടിഞ്ഞു താഴുമെന്ന മിഥ്യാധാരണക്കാരായ ഡോക്ടര്‍മാര്‍ ധാരാളം ഉണ്ട്. ഒരു പക്ഷേ പരിശോധന ഫീസ് ഗണ്യമായി കുറഞ്ഞാലോ എന്ന ആശങ്കയുമാകാം കാരണം.
സൗഹൃദ സംഭാഷണത്തിനിടയില്‍ ഒരു സുഹൃത്ത് പറഞ്ഞു: 'മകന് മെഡിസിന് സീറ്റ് കിട്ടാന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ 48 ലക്ഷം രൂപ നല്‍കേണ്ടിവന്നു.' എങ്കില്‍ അഞ്ചോ ആറോ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ എത്ര ലക്ഷം വേണ്ടിവരും? പിന്നെ പിജിക്ക് സീറ്റ് കിട്ടാന്‍ എത്ര ലക്ഷം? മൊത്തം കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഏതാണ്ട് രണ്ടുകോടി രൂപ ചിലവാകും. പ്രാക്ടീസ് തുടങ്ങുന്നത് മുതല്‍ പ്രസ്തുത രണ്ടുകോടി രൂപ സ്വരൂപിക്കാന്‍ ആണ് ഏത് ഡോക്ടറും ശ്രമിക്കുക. പണം വാരിയെറിഞ്ഞ് പണം കോരിയെടുക്കാനുള്ള ഉപാധിയായി അലോപ്പതി വൈദ്യ മേഖല മാറിക്കഴിഞ്ഞു. അലോപ്പതി ചികിത്സ ഇന്ന് ഏറ്റവും വില കൂടിയ ചികിത്സാരീതിയാണ്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഈ മേഖല അപ്രാപ്യവുമാണ്.
ഉയരം കുറവാണെന്ന വേവലാതിക്കാരന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് 50 ഇഞ്ചക്ഷന്‍. ഒരു ഇഞ്ചക്ഷന് വില 5000 രൂപ. 50 ഇഞ്ചക്ഷന്റെ വില 2.5 ലക്ഷം രൂപ. എഴുതുമ്പോള്‍ കൈ വിറക്കുന്നതായി പരാതിപ്പെട്ട ഒരു രോഗിക്ക് മറ്റൊരു ഡോക്ടര്‍ നാല്ഇഞ്ചക്ഷന്‍ നിര്‍ദ്ദേശിച്ചു. ഒന്നിന്റെ വില പതിനായിരം രൂപ. സന്ധിവാത ശമനത്തിന് ഉപയോഗിക്കുന്ന 'അരാവ' എന്ന ഔഷധം ഒരു വര്‍ഷം ഉപയോഗിക്കാന്‍ ചിലവ് 1.25 ലക്ഷം രൂപ. ഇവ ഉപയോഗിക്കുമ്പോള്‍ രക്തശുദ്ധീകരണം ആവശ്യമായി വന്നാല്‍ അതിന് ചിലവ് 10.5 ലക്ഷം രൂപ വേറെയും.
വൃക്ക മാറ്റിവെക്കല്‍, ഹൃദയ ശസ്ത്രക്രിയ- എല്ലാത്തിനും വേണം ലക്ഷങ്ങള്‍. ഇതേ ഉയര്‍ന്ന വില നിലവാരത്തിന് സമാനമായി ആയുര്‍വേദ ചികിത്സയും കൊണ്ടുപോകാനല്ല ആയുര്‍വേദ ഡോക്ടര്‍മാര്‍ ശ്രമിക്കേണ്ടത്. മറിച്ച് ചിലവ് കുറഞ്ഞ രീതിയാകണം. അലോപ്പതി ഡോക്ടര്‍മാര്‍ അവരുടെ പരിശോധനാ ഫീസ് 400ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തിയാല്‍ ആയുര്‍വേദ ഡോക്ടര്‍മാരും അതേ അനുപാതത്തില്‍ തങ്ങളുടെ ഫീസും വര്‍ധിപ്പിക്കുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ ആവശ്യത്തിലും അധികം വിലകൂടിയ ഔഷധങ്ങള്‍ 'പ്രിസ് ക്രൈബ്' ചെയ്യുന്നത് ആയുര്‍വേദ ഡോക്ടര്‍മാരും അനുകരിക്കുന്നുണ്ട്. അലോപതി ഡോക്ടര്‍മാരില്‍ ചിലര്‍ കാണിക്കുന്ന ജാഡ പല ആയുര്‍വേദ ഡോക്ടര്‍മാരിലുമുണ്ട്.
ഈ നില തുടര്‍ന്നാല്‍ സാധാരണക്കാരായ രോഗികള്‍ക്ക് എവിടെയാണ് അഭയം? ഇങ്ങനെയാണ് സിദ്ധന്മാരെയും മന്ത്രവാദികളെയും ആശ്രയിക്കാന്‍ രോഗികള്‍ നിര്‍ബന്ധിതരാകുന്നത്. ഈ അവസ്ഥ മനസ്സിലാക്കി ആയുര്‍വേദ ഡോക്ടര്‍മാര്‍ പരിശോധന ഫീസ് ലഘുവാക്കാനും മരുന്നുകളുടെ എണ്ണം/അളവ് കുറക്കാനും തയ്യാറാവണം. മാത്രമല്ല സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ചാര്‍വാകനും ചരകനും ധന്വന്തരിയും നിര്‍ദ്ദേശിച്ച രീതിയില്‍ നിന്ന് അല്‍പം വ്യതിചലിച്ച് പരീക്ഷണ/നിരീക്ഷണങ്ങളിലൂടെ ആയുര്‍വേദത്തിന് ഒരു പുതുജീവന്‍ നല്‍കാനുള്ള ശ്രമവും ആവശ്യമാണ്. ഇതെല്ലാം ബഹുജന സഹകരണത്തോടെ നിര്‍വഹിക്കപ്പെടുകയും വേണം. ഇതൊന്നും ചെയ്യാന്‍ സന്നദ്ധമാകാതെ 'പൗരാണികം' എന്നെല്ലാം ഉച്ഛരിച്ച് കേവലം നിഷ്‌ക്രിയരായിരുന്നാല്‍ ഈ വൈദ്യശാഖയുടെ വളര്‍ച്ച മുരടിച്ചു പോകും. ആയുര്‍വേദത്തിന് ശസ്ത്രക്രിയ സൗകര്യവും കൂടി അനുവദിക്കപ്പെട്ടെന്ന് ഇരിക്കട്ടെ. അലോപ്പതി ആയുര്‍വേദ ശാഖകള്‍ തമ്മില്‍ നേര്‍ യുദ്ധം ഉടലെടുക്കാന്‍ മാത്രമേ ഇത് ഇടവരുത്തൂ. മനുഷ്യാരോഗ്യത്തിന് സര്‍വ്വ പ്രാധാന്യം നല്‍കുന്ന നല്‍കേണ്ടുന്ന രണ്ട് വൈദ്യ വിഭാഗങ്ങള്‍ അന്യോന്യം ശത്രുത മനോഭാവത്തോടെ മുന്നേറിയാല്‍ ഫലം എന്താകും?
വാല്‍ക്കഷണം: അലോപ്പതി/ആയുര്‍വേദ മേഖലകളില്‍ രോഗികളോട് ദയാപൂര്‍വ്വം പെരുമാറുകയും കൃത്യമായി ചികിത്സ നല്‍കുകയും ചെയ്യുന്ന ധാരാളം ഡോക്ടര്‍മാര്‍ ഉണ്ട്. ഇത്തരക്കാരാണ് ചികിത്സാരംഗത്തെ നൈതികത (മെഡിക്കല്‍ എത്തിക്‌സ്) കാത്തുസൂക്ഷിക്കുന്നത്.