ഈ സംഘടനക്ക് ഒരു ഭരണഘടനയില്ല- ഇംഗ്ലണ്ടിലെ ഭരണഘടന പോലെ. കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന കീഴ്‌വഴക്കങ്ങളുടെ പിന്‍ബലത്തില്‍ സംഘടന നയിക്കപ്പെടുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രായപൂര്‍ത്തി എത്താത്തവര്‍ക്കും മെമ്പര്‍ഷിപ്പ് നേടാം.
കാസര്‍കോട് കുറെകാലം മുമ്പ്, എന്നുവെച്ചാല്‍ ഒരമ്പതു വര്‍ഷം മുമ്പ് സാധാരണ സംഘടനകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഘടന ഉണ്ടായിരുന്നു. ബോളന്മാരുടെ സംഘടന എന്നായിരുന്നു സംഘടനയുടെ പേര്. അതിന്റെ നേതാക്കളും പ്രവര്‍ത്തകരും പ്രധാനികളും എല്ലാം മരിച്ചുപോയി. പുനരുജ്ജീവിപ്പിക്കാന്‍ ആരും മുമ്പോട്ടു വന്നുമില്ല. ആകയാല്‍ ആ സംഘടനയും മരിച്ചുപോയി എന്നു പറയാം.
സൗജന്യമാണെങ്കിലും പ്രസ്തുത സംഘടനയുടെ അംഗമാവുക എളുപ്പമല്ല. അതിന് വിഡ്ഢിത്തങ്ങള്‍ ഏറെ ആവര്‍ത്തിക്കുന്നവരായിരിക്കണം. ചുരുങ്ങിയത് തുടര്‍ച്ചയായി മൂന്ന് വിഡ്ഢിത്തങ്ങളെങ്കിലും ചെയ്തിരിക്കണം എന്ന കര്‍ശനമായ നിബന്ധനയുണ്ട്. മെമ്പറല്ല തുടക്കത്തില്‍ പ്രസിഡണ്ടായിട്ടാണ് ചേരേണ്ടത്. അയാള്‍ ചെയ്യുന്ന പടുവിഡ്ഢിത്ത ഘോഷയാത്രയുടെ ഗൗരവവും പ്രത്യാഘാതവുമൊക്കെ പഠിച്ചതിന് ശേഷം യോഗ്യതയുണ്ടെങ്കില്‍ പ്രസിഡണ്ടിന് മെമ്പറായി പ്രമോഷന്‍ ലഭിക്കും. ഈ സംഘടനക്ക് ഒരു ഭരണഘടനയില്ല- ഇംഗ്ലണ്ടിലെ ഭരണഘടന പോലെ. കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന കീഴ്‌വഴക്കങ്ങളുടെ പിന്‍ബലത്തില്‍ സംഘടന നയിക്കപ്പെടുന്നു. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രായപൂര്‍ത്തി എത്താത്തവര്‍ക്കും മെമ്പര്‍ഷിപ്പ് നേടാം. പക്ഷെ മന്ദബുദ്ധികള്‍ക്കില്ല. പ്രഗത്ഭരായ പല ഭിഷഗ്വരന്മാരും വക്കീലന്മാരും എഞ്ചിനീയര്‍മാരും വ്യവസായികളും ധനാഢ്യരുമെല്ലാം ഈ സംഘടയുടെ അംഗങ്ങളായിരുന്നു ഒരുകാലത്ത്.
അച്ചടിച്ച നോട്ടീസോ പത്രപരസ്യമോ മീറ്റിംഗിന്റെ നിബന്ധനയല്ല. കണ്ടുമുട്ടുന്നവരെ വാക്കാല്‍ അറിയിക്കും. അതും നിര്‍ബന്ധമില്ല. സംഘടനയുമായി ബന്ധപ്പെട്ടവര്‍ ചോദിച്ച് മനസ്സിലാക്കിക്കൊള്ളും-മീറ്റിംഗ് ഉണ്ടോ എന്ന്. സംഘടനക്ക് ആപ്പീസോ, മിനുട്‌സ് ബുക്കോ ഒന്നും തന്നെയില്ല. മെമ്പര്‍മാരും പ്രസിഡണ്ടുമാരും കല്ല്യാണവീട്ടിലോ മരണവീട്ടിലോ കണ്ടുമുട്ടിയാല്‍ ഏതാനും കസാലകള്‍ ഒരു ഭാഗത്ത് നീക്കിയിട്ട് മീറ്റിംഗ് കൂടും. പ്രമേയങ്ങള്‍ പാസ്സാക്കും. തീരുമാനങ്ങള്‍ എടുക്കും. യോഗം അവസാനിക്കുമ്പോഴാണ് സ്വാഗത പ്രസംഗം. സ്വാഗതം ആശംസിക്കുന്ന മാന്യന്‍ സഭയെ അഭിസംബോധന ചെയ്യുന്നതിങ്ങനെ: 'ബോളന്മാരെ, ബോളികളേ, ബോളിമക്കളേ...' സംഘടനയുടെ പ്രസിഡണ്ടാകാനും പിന്നീട് പ്രൊമോഷന്‍ നേടി മെമ്പരാവാനും ചില സുപ്രധാന വിഡ്ഢിത്തങ്ങള്‍ ജീവിതത്തില്‍ ചെയ്തു കൂട്ടിയിരിക്കണമെന്ന കര്‍ശന നിബന്ധനയുണ്ടെന്ന് പറഞ്ഞുവല്ലോ.
എമ്മാതിരി വിഡ്ഢിത്തങ്ങള്‍ ആയിരിക്കണമെന്നതിന് ഒരുദാഹരണം: യാത്രാ സൗകര്യം തീരെ കുറവായിരുന്ന കാലം. നാഷണല്‍ ഹൈവേ ഉണ്ടായിരുന്നില്ല. മംഗലാപുരം പോകാന്‍ തലപ്പാടി വരെ തിരക്കുള്ള ബസ്സില്‍ സഞ്ചരിച്ച് അവിടെ നിന്നു വേറെ ബസ്സില്‍ യാത്ര തുടരണം. ഒരിക്കല്‍ ഒരാള്‍ കാസര്‍കോട് നിന്ന് ബസ്സില്‍ കയറി. കക്ഷത്തില്‍ ഒരു ബാഗ് ഉണ്ട്.
ഒന്നു നിന്നു തിരിയാന്‍ പോലും ഇടമില്ലാതെ അയാള്‍ ഒരു കൈകൊണ്ട് ബസിനുള്ളില്‍ മുകളിലുള്ള ഇരുമ്പ ദണ്ഡ് പിടിച്ചിരിക്കുന്നു. മറ്റേ കൈ ഉപയോഗിച്ച് ബാഗ് കക്ഷത്തില്‍ ഇറുക്കിപ്പിടിച്ചിരിക്കുന്നു. കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ചുകൊണ്ട് മുന്നോട്ടും പിന്നോട്ടും തിരക്കിനിടയില്‍ യാത്രക്കാരെ തള്ളിക്കൊണ്ട് ഒന്നുരണ്ടു തവണ ടിക്കറ്റ്, ടിക്കറ്റ് എന്നു വിളിച്ചു പറഞ്ഞു നീങ്ങിയെങ്കിലും അയാള്‍ക്ക് കീശയില്‍ നിന്ന് കാശെടുക്കാന്‍ കഴിഞ്ഞില്ല. കണ്ട്ടര്‍ ആ യാത്രക്കാരനോട്: 'നിങ്ങള്‍ കീശയില്‍ നിന്ന് കാശെടുക്കൂ, ഞാന്‍ ബാഗ് പിടിച്ചോളാം'. കുറച്ചുനേരം ആലോചിച്ച് യാത്രക്കാരന്‍: 'വേണ്ട, വേണ്ട ബാഗില്‍ പ്രധാനപ്പെട്ട രേഖകളുണ്ട്. അതു ഞാന്‍ തന്നെ പിടിച്ചോളാം. മുകളിലത്തെ ഇരുമ്പ് ദണ്ഡ് നിങ്ങള്‍ പിടിച്ചാലും'.