ഓര്‍ക്കുക പഠിക്കാനാണ് വരുന്നത്...

Update: 2025-07-03 11:03 GMT
വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്‌കൂളിനകത്തും പുറത്തും മാത്രമല്ല, പൊതുസ്ഥലങ്ങളിലേക്ക് വരെ വ്യാപിക്കുമ്പോള്‍ സ്‌കൂളില്‍ ഒതുങ്ങാത്ത സാമൂഹ്യപ്രശ്‌നമായി ഇത് മാറുന്നു. കാസര്‍കോട്ട് പരിസരബോധമില്ലാതെ നടുറോഡില്‍ പോലും കുട്ടികള്‍ തല്ല് കൂടുന്നതും പരസ്പരം കല്ലെറിയുന്നതും ഇടയ്ക്കിടെയുള്ള കാഴ്ചയാണ്.

കാസര്‍കോട് ജില്ലയിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിക്കടിയുണ്ടാകുന്ന സംഘട്ടനങ്ങളും റാഗിങ്ങും അക്രമങ്ങളുമെല്ലാം വിദ്യാഭ്യാസമേഖലയില്‍ വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. സ്‌കൂള്‍ അധികൃതര്‍ക്ക് പോലും അക്രമവാസനയുള്ള കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്‌കൂളിനകത്തും പുറത്തും മാത്രമല്ല, പൊതുസ്ഥലങ്ങളിലേക്ക് വരെ വ്യാപിക്കുമ്പോള്‍ സ്‌കൂളിലൊതുങ്ങാത്ത സാമൂഹ്യപ്രശ്‌നമായി ഇത് മാറുന്നു. കാസര്‍കോട്ട് പരിസരബോധമില്ലാതെ നടുറോഡില്‍ പോലും കുട്ടികള്‍ തല്ല് കൂടുന്നതും പരസ്പരം കല്ലെറിയുന്നതും ഇടയ്ക്കിടെയുള്ള കാഴ്ചയാണ്. ഇതുകാരണം വാഹനഗതാഗതം സ്തംഭിക്കുകയും കുട്ടികള്‍ തന്നെ അപകടത്തില്‍പ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു.

സ്‌കൂളുകളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടാകുന്ന നിസാര കാര്യങ്ങളെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമാണ് സംഘട്ടനങ്ങളിലേക്ക് വഴിമാറുന്നത്. ബാഹ്യശക്തികള്‍ കൂടി ഇടപെടുമ്പോള്‍ രൂക്ഷമായ അക്രമങ്ങളായി അത് മാറുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങ് നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സൈ്വരജീവിതത്തില്‍ അലോസരമുണ്ടാക്കുന്ന അദൃശ്യശക്തിയായി അതിന്നും നിലനില്‍ക്കുകയാണ്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനെ കൂട്ടുപിടിക്കുന്നത്. വിദ്യാലയങ്ങളില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനും അധ്യാപകരുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധ നേടാനും ഹീറോ പരിവേഷം സ്ഥാപിച്ചെടുക്കാനും ചില കുട്ടികള്‍ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങളെ വെറും കുസൃതികളായി കാണാന്‍ സാധിക്കില്ല. കുട്ടികളല്ലേയെന്ന മനോഭാവത്തോടെ ഉത്തരവാദപ്പെട്ടവര്‍ കണ്ണടച്ചാല്‍ ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

തങ്ങളുടെ കുട്ടികള്‍ നല്ല രീതിയില്‍ പഠിച്ച് മിടുക്കരാകാന്‍ വേണ്ടിയാണ് രക്ഷിതാക്കള്‍ അവരെ സ്‌കൂളുകളിലേക്കയക്കുന്നത്. പഠിച്ച് നല്ലൊരു തൊഴില്‍ നേടി തങ്ങളെ സംരക്ഷിക്കാന്‍ പ്രാപ്തരാകുന്ന നിലയിലേക്ക് കുട്ടികള്‍ വളര്‍ന്നുവരാനാണ് ഓരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. ഇതൊക്കെ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സ്‌കൂളുകളില്‍ സ്വസ്ഥതയോടെയും സമാധാനത്തോടെയും പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. എന്നാല്‍ ചില സ്‌കൂളുകളില്‍ ഈ രീതിയിലുള്ള പഠനാന്തരീക്ഷം ഉണ്ടാകുന്നില്ല. ക്രിമിനല്‍ സ്വഭാവമുള്ള ചില വിദ്യാര്‍ത്ഥികള്‍ ഇത്തരം സ്‌കൂളുകളില്‍ സ്ഥിരം കുഴപ്പക്കാരായി മാറുന്നു. ഇവര്‍ക്ക് പ്രശ്‌നമുണ്ടാക്കാന്‍ നിസാര കാര്യങ്ങള്‍ മതിയാകും. മറ്റ് വിദ്യാര്‍ത്ഥികള്‍ ഷൂസ് ധരിക്കുന്നതും ജീന്‍സ് ധരിക്കുന്നതും മുടി വളര്‍ത്തുന്നതും ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതും ഒക്കെ കാരണങ്ങളാക്കി റാഗിങ്ങും അക്രമങ്ങളും നടത്തുന്നു. നിരന്തരമായ അക്രമങ്ങളും പീഡനങ്ങളം സഹിച്ച് സ്‌കൂളുകളില്‍ തുടരേണ്ടി വരുന്ന കുട്ടികളുടെ മാനസികനില തന്നെ തകരാറിലാകുന്ന സ്ഥിതിയാണുള്ളത്. മാനസികസമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യയെ അഭയം പ്രാപിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകുന്നു. ഇത്തരം സ്‌കൂളുകളിലെ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളുണ്ട്. അക്രമങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

അക്രമങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ പൊലീസിന് പരിമിതികളുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് പൊലീസിന് കേസെടുക്കാനാകില്ല. തുടര്‍ച്ചയായി റാഗിങ്ങും അക്രമവും നടത്തുന്ന കുട്ടികള്‍ക്കെതിരെ സമീപകാലത്തായി പൊലീസ് കേസെടുത്ത് വരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും ഇടപെടലും നടപടിയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. സ്‌കൂളുകളിലുള്ള ആന്റി റാഗിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കുറ്റകൃത്യങ്ങള്‍ പതിവാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തയ്യാറാകണം. കഞ്ചാവിനും മയക്കുമരുന്നിനും പല വിദ്യാര്‍ത്ഥികളും അടിമകളാകാനും ക്യാമ്പസുകളില്‍ റാഗിങ്ങും അക്രമങ്ങളും വര്‍ധിക്കാനും മൂല്യബോധങ്ങളുടെ അഭാവം പ്രധാന കാരണമാണ്. കുട്ടികള്‍ക്കിടയില്‍ സാമൂഹ്യബോധവും രാഷ്ട്രീയബോധവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. ലഹരി മാഫിയകളുടെ സ്വാധീനത്തില്‍ അകപ്പെടുന്ന കുട്ടികള്‍ വിദ്യാലയങ്ങള്‍ക്കും പൊതുസമൂഹത്തിനും വലിയ ബാധ്യതയും തലവേദനയുമായി മാറുന്നു. ചില വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മുതിര്‍ന്നവര്‍ ഇടപെടുമ്പോള്‍ അത് വലിയ അക്രമങ്ങളായി മാറുന്നു. കൊലപാതകങ്ങള്‍ക്ക് വരെ ഇത്തരം അക്രമങ്ങള്‍ കാരണമായെന്ന് വരാം. വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ഭാവിജീവിതത്തെയും ഇത്തരം പ്രശ്നങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു. തുടര്‍ പഠനത്തെ പോലും അത് ദോഷകരമായി ബാധിക്കുകയാണ്.

കുട്ടികളെ മയക്കുമരുന്ന് പോലുള്ള മാരക വിപത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ലഹരിമാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നതിനൊപ്പം കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനും അവര്‍ക്കിടയില്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും കുട്ടികളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും പരിപോഷിപ്പിക്കാനും ഉതകുന്ന പരിപാടികള്‍ വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ അതിനെ പിന്തുണയ്ക്കുക എന്നത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അക്രമവാസനയുള്ള കുട്ടികളെ പോലും സമാധാനത്തിന്റെയും സഹവര്‍തിത്വത്തിന്റെയും പാതകളിലേക്ക് കൊണ്ടുവരുന്ന ഏതൊരു പദ്ധതിയും പ്രോത്സാഹിപ്പിക്കപ്പടേണ്ടതുതന്നെയാണ്.

കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത് പഠിക്കാനാകണം. അവരെ തെറ്റുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ വിദ്യാലയങ്ങളില്‍ നിന്നും നിഷ്‌ക്കാസനം ചെയ്യുക തന്നെ വേണം.

Similar News