ചിത്രത്തില്‍ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോജു ജോര്‍ജ് ചുരുളി തന്റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് മറ്റുള്ളവര്‍ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു. അപ്പ ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മക്കള്‍ ജോജുവിനോട് പറഞ്ഞു. വൈകിയെങ്കിലും ഈ തിരിച്ചറിവ് ജോജുവിനെങ്കിലും ഉണ്ടായത് നന്നായി.
വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന കഥയെ ആധാരമാക്കി എസ്. ഹരീഷ് തിരക്കഥയും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും നിര്‍വഹിച്ച് 2021 നവംബര്‍ 19ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചുരുളി എന്ന സിനിമ വീണ്ടും വിവാദമാവുകയാണ്. ചിത്രത്തില്‍ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോജു ജോര്‍ജ് ചുരുളി തന്റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് മറ്റുള്ളവര്‍ മക്കളെ കളിയാക്കുന്നുവെന്നും പറഞ്ഞു.
ചുരുളിയിലെ ജോജുവിന്റെ കഥാപാത്രം പറയുന്ന തെറികള്‍ മക്കളെ അവരുടെ സഹപാഠികള്‍ കാണിച്ചിരുന്നു. അത് കണ്ട് മക്കള്‍ക്ക് തലകുനിക്കേണ്ടി വന്നു. അപ്പ ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മക്കള്‍ ജോജുവിനോട് പറഞ്ഞു. വൈകിയെങ്കിലും ഈ തിരിച്ചറിവ് ജോജുവിനെങ്കിലും ഉണ്ടായത് നന്നായി.
അനിയന്ത്രിതമായി അസഭ്യ വാക്കുകള്‍ ഉപയോഗിക്കുന്ന ചുരുളി സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കണമെന്ന ഹരജിയില്‍ സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുളള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സന്ദര്‍ഭത്തില്‍ കേരള ഹൈക്കോടതി ചുരുളിയിലെ ഭാഷാപ്രയോഗങ്ങള്‍ ഭീകരമാണെന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കോടതി നേരില്‍ കണ്ടിരുന്നു. സിനിമ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന കലാമാധ്യമം ആയതിനാല്‍ ഈ സിനിമ തിയേറ്ററില്‍ നിന്ന് നീക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഒ.ടി.ടിയില്‍ റിലീസ് ചെയ്തത് സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അന്ന് വിശദീകരിച്ചിരുന്നു. അഭിഭാഷകയായ തൃശ്ശൂര്‍ സ്വദേശി ഫയല്‍ ചെയ്ത ഹരജി ജസ്റ്റീസ് എന്‍. നഗരേഷ് ആണ് പരിഗണിച്ചത്.
ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിട്ടുള്ള അസഭ്യ വാക്കുകളിലൂടെ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതായി ഹരജിക്കാരി ആരോപിച്ചിരുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സിനിമ കാണുന്നതിന് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും തടസമില്ല. ഒരു ഇന്ത്യന്‍-മലയാള ഭാഷാ സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ സിനിമ എന്നായിരുന്നു ചിത്രത്തിന്റെ വിശേഷണം.
മയിലാടുംപറമ്പില്‍ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ തേടി ചുരുളിയില്‍ കൂലിപ്പണിക്കാരുടെ വേഷത്തില്‍ എത്തുന്ന രഹസ്യ പൊലീസുകാരായ ആന്റണിയും ഷാജിവനും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കുറ്റവാളികള്‍ ആയിരുന്നവരുടെ ലോകമാണ് ചുരുളി. ചോദിക്കാനും പറയാനും ആരുമില്ലാത്ത ലോകം. നിയമവ്യവസ്ഥയ്ക്ക് അപ്പുറമാണ് ഈ ലോകം. ചുരുളിക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗരാജ്യം. ലൈംഗികച്ചുവയുള്ള അധമപ്രയോഗങ്ങളും അസഭ്യ പ്രയോഗങ്ങളും സാധാരണീകരിക്കപ്പെടുന്ന ഒരിടം.
സിനിമയുടെ നിര്‍മ്മിതിയില്‍ ഉടനീളം പ്രയോജനപ്പെടുത്തിയ അസംസ്‌കൃത വസ്തുവാണ് തെറി ഭാഷ. അത് ഭീകരം മാത്രമല്ല കേട്ടാല്‍ അറയ്ക്കുന്ന വഷളന്‍ പ്രയോഗങ്ങള്‍ കൂടിയാണ്. വാറ്റു ചാരായത്തോടൊപ്പം അനായാസം വാര്‍ന്നുവീഴുകയാണ് വഷളന്‍ ഭാഷ. തെറി പ്രയോഗങ്ങളില്‍ ലിംഗ പദവി തുല്യത കാണാനാകും. ശരീരത്തിലെ ലൈംഗിക അവയങ്ങളെയും ലൈംഗികബന്ധങ്ങളെയും തെറിക്കായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീയെ പുരുഷന്റെ ലൈംഗിക കാമനയ്ക്കുള്ള വസ്തുവായി കണക്കാക്കുന്ന തെറി പരാമര്‍ശങ്ങളുമുണ്ട്.
നീതിവ്യവസ്ഥകളെ പരിഹസിച്ച് അപരലോകം സൃഷ്ടിക്കുകയും അധമ ഭാഷയെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട് ഇവിടെ. നീതിന്യായ വ്യവസ്ഥകളുടെ അഭാവത്തിലും പരിഷ്‌കൃത സംവിധാനങ്ങളുടെ അപര്യാപ്തതയിലും സ്വര്‍ഗരാജ്യത്തിലാണ് തങ്ങള്‍ എന്ന് വിശ്വസിക്കുന്ന ചുരുളിയിലെ മനുഷ്യര്‍ തികച്ചും സാങ്കല്‍പിക സമൂഹമാണ്. അവര്‍ ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ പ്രതിനിധാനം ചെയ്യുന്നില്ല. തെറി ഭാഷയുടെ കര്‍തൃത്വം സംവിധായകന്‍ ആരുടെയും തലയില്‍ കെട്ടിവയ്ക്കുന്നുമില്ല. തെറി പരിശീലനം ലക്ഷ്യം വയ്ക്കുന്നുമില്ല. പക്ഷേ ഇത്തരം സിനിമ പൊതുസമൂഹത്തില്‍ സാംസ്‌കാരിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.
സിനിമ കല എന്നതിനോടൊപ്പം ഒരു സാംസ്‌കാരിക ഉല്‍പ്പന്നം കൂടിയാണ്. സിനിമയുടെ ചിത്രീകരണം, സ്വഭാവം, വര്‍ണ്ണ സൂചനകള്‍, പശ്ചാത്തല സംഗീതം, ഭാഷ, താര നിര്‍ണയം തുടങ്ങി സിനിമയെ രൂപപ്പെടുത്തുന്ന ഘടകങ്ങളിലെല്ലാം സംസ്‌കാരം പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ സാംസ്‌കാരിക വ്യവഹാരങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമേ സിനിമയെ വിലയിരുത്താനാവൂ. സഭ്യമേത് സഭ്യേതരമേത് എന്ന വരമ്പുകള്‍ നിര്‍ണയിക്കേണ്ടതും അത് പാലിക്കേണ്ടതുമാണ്. പ്രത്യേകിച്ചും കുടുംബസമേതം ഒ.ടി.ടിയില്‍ ചിത്രം കാണേണ്ടി വരുമ്പോള്‍. അധമമെന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള ഭാഷണങ്ങള്‍ക്ക് പ്രയോഗസാധുത ലഭിക്കും വിധം അവയെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് അക്ഷന്തവ്യമായ അപരാധമാണ്. ചുരുളി ഒരു സാംസ്‌കാരികച്ചുഴിയാണ് സൃഷ്ടിച്ചത്. അത് പൊതുസമൂഹത്തെ മലിനമാക്കി. വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയായിരുന്നു ചുരുളി എന്ന സിനിമ.
'ധിക്കാരിയുടെ കാതല്‍' എന്ന പുസ്തകത്തിലെ 'രാഷ്ട്രീയ പ്രവര്‍ത്തനവും ആഭാസ സാഹിത്യവും' എന്ന പ്രബന്ധത്തില്‍ സി.ജെ. തോമസ് എഴുതി, 'അശക്തി ബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് തെറി പറയല്‍'. തെറിക്കൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. (താനിപ്പോള്‍ തെറി ചുമന്ന് നടക്കുകയാണെന്ന് നടന്‍ ജോജു അഭിമുഖത്തില്‍ പറഞ്ഞിരുന്നു). ഭാഷാപ്രയോഗങ്ങള്‍ തെറിയായി മാറുന്നത് അശക്തി ബോധത്തില്‍ നിന്നാണെന്ന് ആറുപതിറ്റാണ്ടുമുമ്പ് സി.ജെ. തോമസ് എഴുതിയതിന് ഇന്നും പ്രസക്തിയുണ്ട്. ഗ്രാമ്യഭാഷ, നാടന്‍ ശൈലി, വാമൊഴി വഴക്കം, വന്യ സാഹചര്യ ഭാഷ എന്നൊക്കെ പറഞ്ഞ് ഇത്തരം ആഭാസങ്ങളെ ന്യായീകരിക്കരുത്. മര്യാദയും ആദരവുമില്ലാത്ത ഈ അധമ ഭാഷണങ്ങള്‍ വിഷലിപ്തവും മനുഷ്യവിരുദ്ധവുമാണ്. കേരള സംസ്‌കാരത്തിന്റെ മരണ മണിയാണ് ഇവിടെ മുഴങ്ങിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വിടുവായത്തവും അശ്ലീലവും ആഭാസത്തരങ്ങളും തെറിയും ഒരു കലയില്‍ പ്രയോഗിക്കുമ്പോള്‍ അതിര്‍വരമ്പുകള്‍ ഉണ്ടാകണം. 'സംസ്‌കാരം' എന്ന വാക്കിനര്‍ത്ഥം 'അപരനെക്കുറിച്ചുള്ള കരുതല്‍' എന്നാണ്. പൊതുസമൂഹത്തെ കുറിച്ചുള്ള ഒരു കരുതല്‍ ഇതിന്റെ സൃഷ്ടികര്‍ത്താക്കകള്‍ക്ക് ഇല്ലാതെ പോയിട്ടുണ്ട്. അതാണ് വീണ്ടും സമൂഹത്തില്‍ തിരിച്ചടികള്‍ സമ്മാനിക്കുന്നത്; തെറി ചുമന്ന് നടക്കുകയും അതിന്റെ പേരില്‍ ഇപ്പോള്‍ വിലപിക്കേണ്ടിയും വരുന്ന സാഹചര്യമൊരുക്കുന്നത്.