സൗദി സിനിമകള്‍ മുംബൈയില്‍; സൗദി ഫിലിം നൈറ്റ്‌സ് ജനുവരി 31ന് തുടങ്ങും

Update: 2025-01-22 07:28 GMT

റിയാദ്; സൗദിയിലെ കലാകാരന്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരെ മുംബൈയില്‍ സൗദി ഫിലിം നൈറ്റ്‌സ് സംഘടിപ്പിക്കുമെന്ന് സൗദി ഫിലിം കമ്മീഷന്‍ അറിയിച്ചു.മൊറോക്കോ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നടത്തിയ പ്രദര്‍ശനങ്ങളുടെ വിജയം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലും പരിപാടി സംഘടിപ്പിക്കുന്നത്. ആഗോളതലത്തില്‍ സിനിമാറ്റിക് സര്‍ഗ്ഗാത്മകതയും സാംസ്‌കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.സിനിമാ നിര്‍മ്മാതാക്കള്‍ വ്യവസായ പ്രതിഭകള്‍ തുടങ്ങി പ്രമുഖരെ ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം സൗദി ഫീച്ചര്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കും.

മുംബൈയിലെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയാണ് വേദി. ഡല്‍ഹിയിലും ഹൈദരാബാദിലും പ്രദര്‍ശനം സംഘടിപ്പിക്കും. സംവാദത്തിന്റെയും ആത്മബന്ധത്തിന്റെയും വേദിയാക്കി മാറ്റുന്നതിന്റെ ഭാഗമായി സിനിമാ നിര്‍മ്മാതാക്കള്‍, ചലച്ചിത്ര നിരൂപകര്‍, പത്രപ്രവര്‍ത്തകര്‍, സിനിമാ പ്രേമികള്‍ എന്നിവരെ ഒരുമിപ്പിക്കും.സൗദി സിനിമയുടെ മുന്നേറ്റത്തിനും ദേശീയ പ്രതിഭകളെ പരിചയപ്പെടുത്തുന്നതിനും സൗദിയും അന്തര്‍ദേശീയ ചലച്ചിത്ര പ്രവര്‍ത്തകരും തമ്മിലുള്ള സാംസ്‌കാരിക സഹകരണവും വിജ്ഞാന വിനിമയവും വളര്‍ത്തിയെടുക്കുന്നതിനും, ആഗോളതലത്തില്‍ ഒരു മുന്‍നിര സിനിമാ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ പദവി ഉറപ്പിക്കാനും ഫിലിം കമ്മീഷന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തുന്നത്.

Similar News