ഇത് പ്രണയ സാക്ഷാത്ക്കാരം; ഗീതാ ഗോവിന്ദം സീരിയലിലെ കാഞ്ചന വിവാഹിതയാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു
താന്‍ വിവാഹിതയാകുന്ന കാര്യം ആരാധകരെ അറിയിച്ച് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗീതാ ഗോവിന്ദം സീരിയലിലെ കാഞ്ചനയായി എത്തുന്ന നടി ജോഷിന തരകന്‍. പരമ്പരയില്‍ ഹാസ്യകഥാപാത്രമാണ് ജോഷിനയുടേത്. തന്റെ കഥാപാത്രത്തിലൂടെ ആരാധകരെ ചിരിപ്പിക്കാന്‍ ജോഷിനയ്ക്ക് കഴിയുന്നുണ്ട്. സാജന്‍ സൂര്യയും ബിന്നി സെബാസ്റ്റ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും 13 വര്‍ഷത്തെ പ്രണയമാണ് സാക്ഷാത്ക്കരിക്കുന്നതെന്നും ജോഷിന പറയുന്നു. ജോഷിനയുടെ അടുത്ത സുഹൃത്തായ നടി അമൃത നായരും എന്‍ഗേജ്‌മെന്റ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഗീതാഗോവിന്ദം പരമ്പരയിലെ മറ്റ് അഭിനേതാക്കളും എന്‍ഗേജ്‌മെന്റില്‍ പങ്കെടുത്തിരുന്നു.
ഇന്റര്‍കാസ്റ്റ് വിവാഹമായിരിക്കും തന്റേതെന്ന് ജോഷിന നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതത്തിനു വേണ്ടിയാണ് ഇത്ര നാളും കാത്തിരുന്നത്. വരന്‍ ശ്രീജു ദുബായില്‍ ഇന്റീരിയര്‍ ഡിസൈനറാണ്. എന്നാല്‍ വിവാഹം എന്നാണെന്ന് ജോഷിന അറിയിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴേ ഇരുവരും തമ്മില്‍ പ്രണയം തുടങ്ങിയിരുന്നുവെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.
വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത അമൃത പങ്കുവച്ചത് ഇങ്ങനെ:
'ശ്രീജുവിന്റെ കാര്യം ജോഷിന നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ട്, ചേട്ടനെ മാത്രമേ കല്യാണം കഴിക്കൂ എന്നും പറയുമായിരുന്നു. ഒന്നോ രണ്ടോ, നാലോ അഞ്ചോ വര്‍ഷത്തെയല്ല, 13 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജോഷിനയും ശ്രീജുച്ചേട്ടനും ഒന്നാകാന്‍ പോകുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു റീലില്‍ ഞാന്‍ വെറുതെ പറഞ്ഞിരുന്നു ജോഷിനയുടെ വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന്. അത് സത്യമായി. ബിന്നിയും താനുമൊക്കെ അല്‍പം വൈകിയാണ് എത്തിയത്. അതിനാല്‍ എന്‍ഗേജ്‌മെന്റ് ചടങ്ങ് കാണാന്‍ സാധിച്ചില്ല - എന്നും അമൃത നായര്‍ വീഡിയോയില്‍ പറയുന്നു.