പുഷ്പ 2 കേസ്; തെലുഗ് സിനിമാ വ്യവസായികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

Update: 2024-12-26 05:48 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രമീയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായ പശ്ചാത്തലത്തില്‍ തെലുഗ് സിനിമാ വ്യവസായികള്‍ ഇന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണും. സംസ്ഥാന സര്‍ക്കാരുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം. നേരത്തെ അല്ലു അര്‍ജുനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു.

നടന്‍ നാഗാര്‍ജുന, നിര്‍മ്മാതാവ് നാഗ വംശി എന്നിവര്‍ക്കൊപ്പം അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദും സംഘത്തിലുണ്ടാവും. കൊണ്ടാ സുരേഖ വിവാദം, കണ്‍വെന്‍ഷന്‍ ഹാള്‍ തകര്‍ത്ത സംഭവം എന്നിവയ്ക്ക് ശേഷം നാഗാര്‍ജുന ആദ്യമായാണ് മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്. അല്ലു അര്‍ജുന്റെ അമ്മാവന്‍ കൂടിയായ ചിരഞ്ജീവിയും ദില്‍ രാജു, നാഗ വംശി, രാഘവേന്ദ്ര റാവു, ദഗ്ഗുബട്ടി വെങ്കടേഷ് , ദഗ്ഗുബട്ടി സുരേഷ് ബാബു, ഏഷ്യന്‍ ബാലാജി എന്നിവരുള്‍പ്പെടെ 36 പേരാണ് സംഘത്തിലുള്ളത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീ തേജ് വേഗത്തില്‍ സുഖം പ്രാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ചൊവ്വാഴ്ച ആശുപത്രി സന്ദര്‍ശിച്ച ദില്‍ രാജു പറഞ്ഞിരുന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍, മൈത്രി മൂവീസ്, സംവിധായകന്‍ സുകുമാര്‍ എന്നിവര്‍ രണ്ട് കോടി രൂപ നല്‍കാനും ധാരണയായിരുന്നു.കുട്ടിയുടെയും സഹോദരിയുടെയും അച്ഛന്റെയും ഭാവി സുരക്ഷിതമാക്കാന്‍ പണം വിനിയോഗിക്കുന്നത് ഉറപ്പാക്കുമെന്ന് ദില്‍ രാജു പറഞ്ഞു.

Similar News