നടി പാര്‍വതി നായര്‍ക്ക് പ്രണയസാഫല്യം; ആശ്രിത് അശോകുമായുള്ള വിവാഹം ഉറപ്പിച്ചു

Update: 2025-02-04 07:42 GMT

ചെന്നൈ: നടി പാര്‍വതി നായര്‍ക്ക് ഇത് പ്രണയ സാക്ഷാത്കാരം. ഹൈദരാബാദ് സ്വദേശിയായ വ്യവസായി ആശ്രിത് അശോകാണ് പാര്‍വതിയുടെ വരന്‍. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് പാര്‍വതി തന്നെയാണ് വിവാഹിതയാകുന്ന കാര്യം ആരാധകരെ അറിയിച്ചത്. തന്റെ പ്രണയത്തെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാര്‍വതി കുറിപ്പില്‍ വ്യക്തമാക്കുന്നു.ചിത്രങ്ങള്‍ക്കൊപ്പം താരം പങ്കുവച്ച മനോഹരമായ കുറിപ്പും ശ്രദ്ധനേടിയിട്ടുണ്ട്. ആശ്രിതിനെ പരിചയപ്പെട്ട നിമിഷത്തെ കുറിച്ചും പാര്‍വതി മനോഹരമായി വര്‍ണിച്ചിട്ടുണ്ട്.

'എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തി'ല്ലെന്നുമാണ് കുറിപ്പ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

'എന്റെ പ്രണയത്തിനൊപ്പം ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഞാന്‍ ആശ്രിതിനെ ആദ്യമായി കാണുന്നത്. തീര്‍ത്തും യാദൃച്ഛികമായൊരു കണ്ടുമുട്ടല്‍. ആ ദിവസം ഞങ്ങള്‍ മുന്‍പരിചയം ഉള്ളവരെ പോലെ ഒരുപാട് സംസാരിച്ചു, പക്ഷേ സത്യം പറഞ്ഞാല്‍, കൂടുതല്‍ അടുത്തറിയാന്‍ ഞങ്ങള്‍ക്ക് കുറച്ച് മാസങ്ങള്‍ എടുത്തു. തമിഴ് തെലുങ്ക് സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചാണ് വിവാഹം നടക്കുക.'

മോഡലിങ്ങിലൂടെ സിനിമയിലെത്തിയതാണ് പാര്‍വതി. വികെ പ്രകാശ് സംവിധാനം ചെയ്ത 'പോപ്പിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടു. കന്നഡയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്.

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം 'യെന്നൈ അറിന്താലിലെ' കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. വിജയ് നായകനായെത്തിയ 'ഗോട്ടി'ലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

Similar News