''അയാള്‍ വളരെ ആക്രമണകാരിയായിരുന്നു പക്ഷെ..'' സെയ്ഫിന് കുത്തേറ്റ സംഭവത്തില്‍ കരീന
മുംബൈ : ബാന്ദ്രയിലെ വീട്ടില്‍ നടന്ന മോഷണശ്രമത്തിലും തുടര്‍ന്ന് ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിലും നടി കരീന കപൂര്‍ പോലീസിന് മൊഴി നല്‍കി.
സെയ്ഫുമായുള്ള വഴക്കിനിടെ അക്രമി വളരെ ആക്രമണോത്സുകനായി, ഏറ്റുമുട്ടലിനിടെ സെയ്ഫിനെ ഒന്നിലധികം തവണ അക്രമി കുത്തിയതായി കരീന കപൂര്‍ ഖാന്‍ തന്റെ മൊഴിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍ അപ്പാര്‍ട്ടുമെന്റില്‍ തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ അയാള്‍ ലക്ഷ്യമിട്ടില്ലെന്നും കരീന വ്യക്തമാക്കി. സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന കരീനയെ സ്വന്തം വീട്ടിലേക്ക് സഹോദരി കരീഷ്മ കപൂര്‍ കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി മുംബൈ പോലീസ് ക്രൈംബ്രാഞ്ച് 20 സംഘങ്ങളെ രൂപീകരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സദ്ഗുരു ശരണ്‍ ബില്‍ഡിംഗിലെ സെയ്ഫ് അലി ഖാന്റെ 12-ാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അക്രമി പ്രവേശിച്ചത്. കവര്‍ച്ച ശ്രമത്തില്‍ സെയ്ഫ് പ്രതിയെ കൈകാര്യം ചെയ്യുന്നതിനുടെ ആറ് തവണ കുത്തേറ്റു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ സെയ്ഫ് അല ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായ താരം അപകടനില തരണം ചെയ്തതായും സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.