എവിടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍

By :  Sub Editor
Update: 2025-05-02 11:39 GMT

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോള്‍ നിരാശയുടെ പടുകുഴിയിലാണ്. അര്‍ഹതപ്പെട്ട നിരവധി പേരാണ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും തുക ലഭിക്കാതെ കഷ്ടപ്പെടുന്നത്. ഇക്കൂട്ടത്തില്‍ രോഗികളായ വയോധികരും വിധവകളും വികലാംഗരും ഒക്കെ ഉള്‍പ്പെടുന്നുണ്ട്. ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടവര്‍ പകുതി തുക അടക്കുമ്പോള്‍ പകുതി തുക അടക്കുന്നത് സര്‍ക്കാറാണ്. എന്നാല്‍ സര്‍ക്കാറിന്റെ തുക പോയിട്ട് സ്വന്തമായി അടച്ച തുക പോലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇതാകട്ടെ ക്ഷേമനിധി പദ്ധതിയുടെ വിശ്വാസ്യത തന്നെ തകരാന്‍ കാരണമായിരിക്കുകയാണ്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ക്ഷേമനിധിയില്‍ അടച്ച തുകയും സര്‍ക്കാറിന്റെ തുകയും ചേര്‍ത്തുള്ള നല്ലൊരു തുക ലഭിക്കുമെന്ന് കരുതിയവര്‍ക്കൊക്കെ ദുരനുഭവമാണ് ഉണ്ടായിരിക്കുന്നത്. 70 വയസ് കഴിഞ്ഞിട്ട് പോലും ക്ഷേമനിധി തുക ലഭിക്കാത്ത വയോധികര്‍ ഏറെയാണ്. തുക കിട്ടാതെ മരിച്ചുപോയവര്‍ അതിലും കൂടുതലാണെന്നാണ് കണക്കുകള്‍. കേരളത്തിലെ സംഘടിത മേഖലകളില്‍ ഉള്ളവര്‍ക്കും അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുമെല്ലാം ക്ഷേമനിധി ഏര്‍പ്പടുത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ചിലപ്പോള്‍ വൈകി ലഭിക്കും. അതല്ലെങ്കില്‍ കിട്ടാതെ പോകും എന്നതാണ് അവസ്ഥ. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ കോടികള്‍ വകമാറ്റിയതായുള്ള വിവരം ഈയിടെ പുറത്തുവന്നിരുന്നു. ക്ഷേമനിധി ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചുകഴിയുന്നവരില്‍ ഇതുണ്ടാക്കിയ ദുഃഖവും അമര്‍ഷവും വളരെ വലുതാണ്.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുമായി ബന്ധപ്പെട്ടും ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരള മോട്ടോര്‍ തൊഴിലാളി സര്‍വറും പരിവാഹന്‍ വൈബ് സൈറ്റും തമ്മിലെ ലിങ്ക് പുന:സ്ഥാപിക്കാത്തത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. ബോര്‍ഡ് സര്‍വറും പരിവാഹന്‍ വെബ് സൈറ്റുമായുള്ള ബന്ധം വിഛേദിക്കുകയും ക്ഷേമനിധി വിഹിതം അടക്കാതെ വാഹന ഉടമകളില്‍ നിന്ന് നികുതി ഈടാക്കുകയും ചെയ്ത് തുടങ്ങിയതോടെ ഒമ്പതുമാസത്തിനിടെ 87.23 കോടി രൂപയുടെ വരുമാന നഷ്ടമാണ് ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. മറ്റ് ക്ഷേമനിധി ബോര്‍ഡുകളുടെ സ്ഥിതിയും മെച്ചപ്പെട്ട അവസ്ഥയിലല്ല ഉള്ളത്. നിര്‍ധനകുടുംബങ്ങള്‍ പോലും ക്ഷേമനിധിയില്‍ ചേരുന്നത് വാര്‍ധക്യകാലത്ത് മരുന്നിനും ചികിത്സക്കും ആവശ്യമായ തുകയെങ്കിലും കിട്ടുമല്ലോയെന്ന് പ്രതീക്ഷിച്ചാണ്. അതുകൊണ്ടാണ് കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണത്തില്‍ നിന്ന് ക്ഷേമനിധി വിഹിതം അടക്കുന്നത്. എന്നാല്‍ ക്ഷേമനിധി ആനുകൂല്യം കിട്ടാന്‍ വളരെയേറെ കാലതാമസം വരികയോ മരണം വരെയും കിട്ടാതെ വരികയോ ചെയ്താല്‍ ക്ഷേമനിധിയില്‍ ചേരാന്‍ ആളുകള്‍ മടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നത് സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളെ സംശയത്തോടെ വീക്ഷിക്കാന്‍ പൊതുജനങ്ങളെയാകെ നിര്‍ബന്ധിതമാക്കും. ക്ഷേമനിധി പൊതുജനങ്ങളുടെ അവകാശമാണ്. ജനങ്ങളുടെ നികുതിപ്പണത്തിലെ ചെറിയ ശതമാനമാണ് ക്ഷേമനിധിയിലെ ഒരു വിഹിതമായി അവര്‍ക്ക് തിരിച്ചുകിട്ടുന്നത്. അതുകൂടി ഇല്ലാതാവുന്ന സമീപനം ക്ഷേമനിധി എന്ന പദ്ധതിയെ തന്നെ തളര്‍ത്തും. അതിന് ഇടനല്‍കരുത്.

Similar News