നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭമാകുമ്പോള്‍

By :  Sub Editor
Update: 2024-12-23 09:03 GMT

നിയമം നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ സുലഭമാണ്. മദ്യവും കഞ്ചാവും മയക്കുമരുന്നും പോലെ തന്നെ നാടിന്റെ മുക്കിലും മൂലയിലും പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു. മധു, ഹാന്‍സ്, മാരുതി, ഹുഡ്ക്ക, ചൈനിഖനി എന്നുവേണ്ട സകല നിരോധിത ലഹരിവസ്തുക്കളും എവിടെയും കിട്ടുമെന്നതാണ് സ്ഥിതി. നിരോധനത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ കച്ചവടമാണ് പുകയില ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്. നഗരങ്ങളിലെ മാത്രമല്ല നാട്ടിന്‍ പുറങ്ങളിലെ കടകളിലും അഞ്ച് രൂപക്കും 10 രൂപക്കും വിറ്റിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനവും വിദ്യാര്‍ത്ഥികളായതിനാലാണ് നിയമം മൂലം നിരോധിച്ചത്. ഇത്തരം ലഹരിവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും വായയില്‍ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിരോധനത്തിന് ശേഷം മുമ്പത്തെക്കാള്‍ കൂടുതല്‍ പുകയില ഉല്‍പ്പന്നങ്ങളാണ് രഹസ്യമായി വിറ്റഴിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലടക്കം പല കടകളിലും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ രഹസ്യമായി വില്‍പ്പന നടത്തുന്നു. കൂടുതലും പെട്ടിക്കടകളിലാണ് ഇത്തരം വസ്തുക്കളുടെ വില്‍പ്പന. പല ഭാഗങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുള്ള കടകളിലും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മയക്കുമരുന്നിനും കഞ്ചാവിനും അടിമകളാകുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും എണ്ണം കൂടുകയാണെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെയാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പളയിലും മൊഗ്രാലിലും നടത്തിയ വാഹനപരിശോധനക്കിടെ 40 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് ഇത്രയും പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നത്. ലോറിയില്‍ ചണച്ചാക്കിനുള്ളില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാഹനങ്ങളും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്ത പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനങ്ങളിലും തീവണ്ടി മാര്‍ഗവുമെല്ലാം കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് വന്‍തോതിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികളില്‍ ചിലരും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കിടയിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നുണ്ട്. മയക്കുമരുന്നും കഞ്ചാവും പോലെ തന്നെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും സമൂഹത്തിന് ആപല്‍ക്കരമാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ വിതരണവും ഉപയോഗവും തടയാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തന്നെ സ്വീകരിക്കണം.

Similar News