കൊടും കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കുമ്പോള്‍

By :  News Desk
Update: 2025-01-29 08:50 GMT

മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊടുംകുറ്റവാളികള്‍ ജാമ്യത്തിലിറങ്ങിയാല്‍ അത് സമൂഹത്തിന് എത്രമാത്രം ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് പാലക്കാട് ജില്ലയിലെ നെന്മാറയില്‍ നടന്ന ഇരട്ടക്കൊലപാതകം. കേരളം അങ്ങേയറ്റം ഞെട്ടലോടെയും കണ്ണീരോടെയുമാണ് ഈ വാര്‍ത്ത കേട്ടത്.

2019 ആഗസ്ത് 31ന് സജിത എന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര എന്നയാളാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയതായിരുന്നു ചെന്താമര. നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് തൊട്ടടുത്ത വീട്ടില്‍ താമസമാരംഭിച്ച ചെന്താമര സുധാകരനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. ചെന്താമരയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കി വിടുക മാത്രമാണ് പൊലീസ് ചെയ്തത്. കൊലക്കേസ് പ്രതി ജാമ്യവ്യവസ്ഥ ലംഘിക്കുന്നത് തടയാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. ഈ അവസരം മുതലാക്കി തന്റെ കടുത്ത പക തീര്‍ക്കാന്‍ പ്രതി രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തുകയായിരുന്നു. കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെണ്‍മക്കളുടെ ഹൃദയം നുറുങ്ങിയുള്ള നിലവിളികള്‍ ഇവിടത്തെ നിയമപാലനത്തെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യശരങ്ങളാണ്. ഒരു കൊലപാതകി ജാമ്യത്തിലിറങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് മനസ്സിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് അത്യന്തം ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. പ്രത്യേകിച്ചും ആ കൊലപാതകി താന്‍ കൊന്ന വ്യക്തിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലെങ്കിലും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പരാതിക്ക് പുല്ലുവില പോലും കല്‍പ്പിച്ചില്ല. ഒരു കൊലപാതകം നടന്നാല്‍ കേസെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കിയതുകൊണ്ട് മാത്രം അവസാനിക്കുന്നതല്ല പൊലീസിന്റെ ഉത്തരവാദിത്വം. തുടര്‍ന്നും പ്രതി, അല്ലെങ്കില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാലും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും അവര്‍ കാരണം ഭീഷണി നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസ് നടപടി സ്വീകരിക്കേണ്ടതുണ്ട്. വെറുമൊരു അടക്കാമോഷ്ടാവ് ജാമ്യത്തിലിറങ്ങിയതുപോലുള്ള നിസാര സമീപനമാണ് കൊടും കുറ്റവാളിയായ ചെന്താമരയോട് പൊലീസ് കാണിച്ചതെന്നറിയുമ്പോള്‍ നിയമപാലനത്തിനോടുള്ള വിശ്വാസവും ആദരവുമാണ് സമൂഹത്തിന് നഷ്ടമാകുന്നത്.

നെന്മാറ ഇരട്ടക്കൊലയെ ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാനാകില്ല. നമ്മുടെ നിയമവ്യവസ്ഥയുടെ പിടിപ്പുകേടും ജാഗ്രതക്കുറവും തന്നെയാണ് ഇത്തരമൊരു ദാരുണസംഭവത്തിന് വഴിതെളിച്ചത്. കേരളത്തില്‍ എവിടെയും ഇങ്ങനെയുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടാകണം.

Similar News