രാജ്യത്ത് വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പൊതുചട്ടം കൊണ്ടുവരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. രാജ്യത്ത് മുഴുവന്‍ ബാധകമാകുന്ന പൊതുനടപടിക്രമമാണ് കേന്ദ്രം കൊണ്ടുവരുന്നത്. മനുഷ്യര്‍ക്കും വന്യജീവികള്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സുഗമവുമായ ജീവിതം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുചട്ടം കൊണ്ടുവരുന്നതെന്ന് പറയുന്നു. വിദഗ്ധരുമായും സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തി രൂപരേഖ തയ്യാറാക്കാന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ ജീവിവര്‍ഗത്തെയും കണക്കിലെടുത്തുകൊണ്ടുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വന്യമൃഗശല്യം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇതിനാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വന്യമൃഗശല്യം സംബന്ധിച്ച ആശങ്കയുയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടലുണ്ടാകുന്നത്. അപകടമേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, റേഡിയോ കോളറുടെ ലഭ്യത കൂട്ടല്‍, ജനനനിരക്ക് കൂടിയ ജീവി വര്‍ഗങ്ങളുടെ നിയന്ത്രണം, വനത്തിനുള്ളില്‍ ഇരകളുടെ ലഭ്യത വര്‍ധിപ്പിക്കല്‍, ഗ്രാമീണര്‍ക്ക് പരിശീലനം തുടങ്ങിയവയും കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇതൊക്കെ എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടുതന്നെ അറിയണം. അഭിപ്രായങ്ങള്‍ പറയാനും തീരുമാനങ്ങളെടുക്കാനും എളുപ്പമാണ്. ഇവയെല്ലാം കൃത്യമായും കര്‍ശനമായും നടപ്പാക്കാന്‍ സാധിക്കണം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വിവരണാതീതമാണ്. മനുഷ്യജീവനും കൃഷിക്കുമെല്ലാം വന്യമൃഗങ്ങള്‍ വലിയ ഭീഷണിയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ കാരണം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുലി, കടുവ, ആന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവയെല്ലാം വനമേഖലകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്. വയനാട് പോലുള്ള പ്രദേശങ്ങളില്‍ ആനകളും പുലികളും മനുഷ്യരെ കൊല്ലുന്ന സംഭവങ്ങള്‍ പോലുമുണ്ടാകുന്നുണ്ട്. കാസര്‍കോട് ജില്ലയിലും വന്യമൃഗശല്യം രൂക്ഷമാണ്. ഒരു ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു. മറ്റൊരു ഭാഗത്ത് രാത്രിയും പകലും പുലികള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നു. ഏത് സമയത്തും ആക്രമിക്കപ്പെടുമെന്ന ഭയമാണ് എല്ലാവര്‍ക്കും. കുട്ടികളുടെ സുരക്ഷിതത്വമോര്‍ത്ത് രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. ഈ സാഹചര്യത്തില്‍ പൊതുചട്ടം വന്യമൃഗഭീഷണി നേരിടാന്‍ പ്രയോജനപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്.