കേരളത്തോട് എന്തിനീ ക്രൂരത

By :  Sub Editor
Update: 2025-02-04 11:05 GMT

ഇക്കഴിഞ്ഞ ശനിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണ്. ഇതിനുമുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റുകളിലും കേരളത്തിന് കാര്യമായ പരിഗണനയൊന്നും ലഭിച്ചിരുന്നില്ലെങ്കിലും പേരിനെങ്കിലും കുറച്ച് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന് ഒരു പരിഗണനയും നല്‍കിയില്ലെന്നറിയുമ്പോള്‍ നമ്മുടെ സംസ്ഥാനം ഇന്ത്യയില്‍ തന്നെയാണോ എന്ന് തോന്നിപ്പോകുകയാണ്.

പതിനാല് പ്രധാനപ്പെട്ട ആവശ്യങ്ങളുടെ പട്ടിക കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒന്നുപോലും കേന്ദ്രം പരിഗണിച്ചില്ല. കേരള മനഃസാക്ഷിയെ ആകെ ഉലച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഒരു ചില്ലിക്കാശുപോലും ബജറ്റില്‍ നീക്കിവെച്ചിട്ടില്ല. വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. പ്രധാനന്ത്രി നരേന്ദ്രമോദി വയനാട് ജില്ലയിലെ ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഇവിടത്തെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുകയും അടിയന്തിര സഹായം നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുന്നുണ്ടായിട്ടില്ല. കേരള ജനതയെ മനുഷ്യരായി കേന്ദ്രം പരിഗണിക്കുന്നില്ലേയെന്ന ശക്തമായ ചോദ്യമാണ് ഇതോടെ ഉയര്‍ന്നുവന്നിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന കക്ഷി ഭരണത്തിലുള്ള ബീഹാറിന് വാരിക്കോരിയാണ് ആനുകൂല്യങ്ങളും സഹായവും നല്‍കിയിരിക്കുന്നത്. കേന്ദ്രം അവതരിപ്പിച്ചത് ബീഹാര്‍ ബജറ്റാണോ എന്ന സംശയമാണ് ഉയരുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നിര്‍ത്തലാക്കിയതടക്കമുള്ള കേന്ദ്ര നയങ്ങള്‍ കാരണം കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. 24,000 കോടി രൂപയുടെ പാക്കേജ് വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ഇത് ഒരുവിധത്തിലും പരിഗണിക്കപ്പെട്ടില്ല. വിഴിഞ്ഞം തുറമുഖ വികസനത്തിനായി ആവശ്യപ്പെട്ട 5000 കോടി രൂപയുടെ കാര്യവും കേന്ദ്രം അവഗണിച്ചു. പ്രവാസി ക്ഷേമപദ്ധതിക്കായി 3940 കോടി രൂപയും വന്യജീവിശല്യം തടയുന്നതിന് ആയിരം കോടി രൂപയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതം നേരിടാന്‍ 4500 കോടി രൂപയും കടലാക്രമണം തടയാനും തീരശോഷണത്തിന് പരിഹാരം കാണാനും 2329 കോടി രൂപയും നെല്ല് സംഭരണത്തിന് 2000 കോടി രൂപയും ഉന്നത വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനായി 2117 കോടി രൂപയും വേണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളോടെല്ലാം കേന്ദ്രബജറ്റ് മുഖം തിരിച്ചു. കേരളത്തിലെ റബ്ബര്‍ കര്‍ഷകരോടും അലിവ് കാണിച്ചില്ല. റബ്ബറിന് മിനിമം വില ഉറപ്പാക്കുന്ന പദ്ധതിക്കായി ആയിരം കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചപ്പോള്‍ കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാല്‍ സഹായം ലഭിക്കുമെന്ന വിവാദ പരാമര്‍ശമാണ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയത്.

കേരളത്തിനൊപ്പം നില്‍ക്കേണ്ട മന്ത്രിയാണ് കേന്ദ്രത്തിന്റെ കേരള വിരുദ്ധനിലപാടിനെ ന്യായീകരിക്കുന്നതെന്നതാണ് വിരോധാഭാസം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി കാണണമെന്ന ഭരണഘടനാ തത്വം മറന്നാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് തിരുത്താന്‍ ആവശ്യമായ ശക്തമായ ഇടപെടലുകളുണ്ടാകണം.

Similar News