പുലികളുടെ സാന്നിധ്യം ഗൗരവത്തോടെ കാണണം

By :  Sub Editor
Update: 2024-12-17 09:37 GMT

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പുലികളെ കാണുന്നത് പതിവായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്ന് വേണം കരുതാന്‍. വനാതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതലായും പുലികളെ കാണുന്നതെങ്കിലും ജില്ലയിലെ മറ്റ് ജനവാസമേഖലകളിലും പുലികളെ കാണുന്നവരുടെ എണ്ണം കൂടിവരുന്നത് നിസ്സാരമായി കാണാനാകില്ല. പുലികള്‍ എല്ലാ ഭാഗത്തും എത്തിച്ചേരുന്നുണ്ടെന്നതിന്റെ അപകടകരമായ സൂചനകളാണ് ഇതെല്ലാം. ജില്ലയില്‍ മനുഷ്യജീവന്‍ പുലികള്‍ കാരണം ഇതുവരെ നഷ്ടമായിട്ടില്ലെന്നതുകൊണ്ട് പുലിഭീഷണി നിസ്സാരമായി കാണാന്‍ കഴിയില്ല. ഏത് സമയത്തും എന്തും സംഭവിക്കാവുന്ന സ്ഥിതി വിശേഷമാണുള്ളത്. നഗരങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ പോലും പുലി സാന്നിധ്യമുണ്ടാകുന്നു.

ജനങ്ങളാകെ ഭയപ്പാടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുളിയാര്‍ പഞ്ചായത്തിലെ രണ്ടിടങ്ങളിലാണ് പുലികളെ കണ്ടത്. ഒന്നും രണ്ടുമല്ല, നാല് പുലികള്‍. വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി കണ്ടത് മൂന്ന് പുലികളെയാണ്. തലനാരിഴ വ്യത്യാസത്തിലാണ് പെണ്‍കുട്ടി ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നത്. മൂന്ന് പുലികള്‍ക്ക് മുന്നില്‍ ഒരാള്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പുലികള്‍ കുട്ടിയെ ആക്രമിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

കുട്ടികള്‍ സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി പുലികളെ കാണുന്നത് അപായസൂചന തന്നെയാണ്. വളര്‍ത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും നായ്ക്കള്‍ കടിച്ചുകൊല്ലുന്നു. നിരവധി നായകളെ കാണാതായിട്ടുണ്ട്. നായ്ക്കളെ കൊന്ന് തീര്‍ന്നാല്‍ പുലികള്‍ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും തിരിയുമെന്ന കാര്യത്തില്‍ സംശയമില്ല. വീട്ടുമുറ്റങ്ങളിലേക്ക് പ്രവേശിക്കാന്‍ വരെ പുലികള്‍ക്ക് ഭയമില്ലാതായിരിക്കുന്നു. വനംവകുപ്പ് അധികൃതര്‍ പുലികളെ പിടികൂടാനായി കൂടുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും ഒരു പുലി പോലും കുടുങ്ങുന്നില്ല. ഇത് ഏറെ ആശങ്കയ്ക്കിടയാക്കുകയാണ്.

പുലികളെ പല ഭാഗങ്ങളിലായും ആളുകള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ നിരീക്ഷണ ക്യാമറകളിലും പുലിയുടെ ദൃശ്യങ്ങള്‍ പതിയുന്നുണ്ട്. വളരെ മുമ്പ് തന്നെ പുലി ഭീഷണി സംബന്ധിച്ച് ജനങ്ങള്‍ വനംവകുപ്പധികൃതരെ അറിയിച്ചെങ്കിലും ആദ്യമൊന്നും ഇത് വിശ്വസിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. പുലിയല്ല കാട്ടുപൂച്ചയാണെന്ന് പറഞ്ഞ് നടപടികളൊന്നും സ്വീകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു. ഈയിടെ പന്നിക്കെണിയില്‍ കുടുങ്ങി ഒരു പുലി ചത്തതോടെയാണ് പുലികളുണ്ടെന്ന് വിശ്വസിക്കാന്‍ പോലും അധികൃതര്‍ തയ്യാറായത്.

അധികൃതരുടെ നിഷ്‌ക്രിയത്വം പലയിടങ്ങളിലും പുലികള്‍ നിറയാന്‍ കാരണമായിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇനിയെങ്കിലും പുലിഭീഷണിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.

Similar News