കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്ന ലഹരിമാഫിയക്കെതിരെ പൊതുസമൂഹത്തിനിടയില്‍ ശക്തമായ രോഷവും പ്രതിഷേധവും ഉടലെടുത്തിരിക്കുകയാണ്. കുട്ടിളെ പോലും ലഹരിക്കടിമകളാക്കി മാറ്റുന്ന മയക്കുമരുന്ന് വ്യാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കുന്നതിലും അപ്പുറം ഭീതിദമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. എം.ഡി.എം.എ പോലുള്ള മാരകമായ മയക്കുമരുന്ന് ഇത്രയും വ്യാപിച്ച ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ഇത്രയൊക്കെ ശക്തമായ നിയമസംവിധാനങ്ങളും അന്വേഷണ ഏജന്‍സികളുമുണ്ടായിട്ടുപോലും ലഹരിമാഫിയകളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ലഹരിക്കടിമകളാകുന്ന കുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു. മയക്കുമരുന്നും കഞ്ചാവും നിരന്തരം ഉപയോഗിച്ച് മാനസികവിഭ്രാന്തിയിലാകുന്ന കുട്ടികള്‍ നടത്തുന്ന അക്രമങ്ങളും മറ്റ് കുറ്റകൃത്യങ്ങളും സമൂഹത്തിന് തലവേദന സൃഷ്ടിക്കുകയാണ്. മയക്കുമരുന്നിന് അടിമകളാകുന്ന യുവാക്കള്‍ നടത്തുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണവും വര്‍ധിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ നടന്ന കൊലപാതകങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ലഹരിമാഫിയകള്‍ നമ്മുടെ നാട്ടില്‍ എത്ര വലിയ ഭീഷണിയായി മാറിയിരിക്കുന്നുവെന്ന് കാണാന്‍ സാധിക്കും. രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളില്‍ മുപ്പതെണ്ണവും ലഹരി ഉപയോഗം മൂലം സംഭവിച്ചതാണെന്നാണ് ഔദ്യോഗിക കണക്ക്. രാസലഹരി ഉപയോഗിച്ച് സ്‌കൂളുകളിലും കുടുംബങ്ങളിലും കുഴപ്പങ്ങളുണ്ടാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടുകയാണ്. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമെല്ലാം കുട്ടികള്‍ ലഹരിക്കടിമകളാകുന്നതിന് ഇടവരുത്തുന്നുണ്ട്. സോഷ്യല്‍മീഡിയയുടെ സ്വാധീനവും തിരക്കും കാരണം പല രക്ഷിതാക്കള്‍ക്കും മക്കളെ ശ്രദ്ധിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും സാധിക്കുന്നില്ല. അവരോട് സംസാരിക്കാനും പ്രശ്നങ്ങള്‍ കേള്‍ക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കാതെ വരുമ്പോഴും അവരെ അവഗണിക്കുമ്പോഴുമാണ് കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നത്. പഠനത്തിന്റെയും മറ്റും പേരില്‍ കുട്ടികളെ മാനസികസമ്മര്‍ദ്ദത്തിലാഴ്ത്തുന്ന രക്ഷിതാക്കളുടെ പെരുമാറ്റ രീതിയും അമിതമായ നിയന്ത്രണങ്ങളും നിരന്തരമുള്ള ശാസനകളുമൊക്കെ കുട്ടികളെ ലഹരിയില്‍ അഭയം പ്രാപിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. മക്കളെ സ്നേഹിക്കുന്ന കാര്യത്തില്‍ കാണിക്കുന്ന പിശുക്കിന് നല്‍കേണ്ടിവരിക വലിയ വില തന്നെയായിരിക്കുമെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിലെത്തുന്നത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന രണ്ട് സ്വകാര്യബസുകളിലെ ഡ്രൈവര്‍മാര്‍ മയക്കുമരുന്നുമായി പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇവര്‍ പതിവായി കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്നവരാണ്. ഇങ്ങനെ എത്രയോ പേര്‍ മയക്കുമരുന്ന് കടത്തുകാരും ഇടനിലക്കാരുമായി സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലുമുണ്ട്. പൊലീസിനും മറ്റ് നിയമസംവിധാനങ്ങള്‍ക്കും പുറമെ പൊതുസമൂഹം ഒന്നിച്ചുനിന്ന് ഈ വിപത്തിനെ ചെറുത്ത് തോല്‍പ്പിക്കണം.