പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃത ബോര്‍ഡുകള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി മാറുകയാണ്. വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കും ഇത്തരം ബോര്‍ഡുകള്‍ പ്രശ്നമാകുന്നുണ്ട്. നിയമം ലംഘിച്ചുകൊണ്ടാണ് പല ഭാഗങ്ങളിലും കൂറ്റന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ തിരക്കേറിയ നഗരങ്ങളിലും പാതയോരങ്ങളിലുമൊക്കെ യാത്രാ തടസം സൃഷ്ടിക്കുന്ന വിധത്തില്‍ വലുതും ചെറുതുമായ ബോര്‍ഡുകള്‍ കാണപ്പെടുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകളുടെയും ബോര്‍ഡുകളും ബാനറുകളുമാണ് കൂടുതലുമുള്ളത്. ആഘോഷപരിപാടികളുടെ ബോര്‍ഡുകളും ഉണ്ട്. സിനിമകളുമായി ബന്ധപ്പെട്ട ബാനറുകളും നിയമലംഘനത്തിലൂടെ സ്ഥാപിക്കുന്നുണ്ട്. മഴക്കാലത്ത് പല ബോര്‍ഡുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കൂറ്റന്‍ ബോര്‍ഡുകള്‍ നിലംപതിച്ചുണ്ടാകുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ പോലും അനധികൃത ബോര്‍ഡുകള്‍ കാണാന്‍ കഴിയും. പരിപാടികളുടെ ഭാഗമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞാലും മാറ്റാത്ത സ്ഥിതിയാണുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടാലും കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും അതേ പടിയുണ്ടാകും. പൊതുസ്ഥലങ്ങളിലെ അനധികൃതബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മുമ്പ് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതിന് വിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അനധികൃത ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് പിഴയീടാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘം രൂപീകരിക്കാമെന്നും ഭീഷണിയുണ്ടായാല്‍ പൊലീസ് സംരക്ഷണം തേടാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് ആര്‍ക്കും എന്ത് നിയമലംഘനവും നടത്താമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നശിപ്പിക്കപ്പെടുന്നത് ക്രമസമാധാനത്തിന് ഭീഷണ ിയാവുകയാണ്. ഇതിന്റെ പേരിലാണ് കൂടുതല്‍ സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത്. നടപ്പാതകളിലെ കൈവരികളില്‍ പോലും ബോര്‍ഡ് സ്ഥാപിക്കുന്നതിലെ അനൗചിത്യവും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ അനധികൃത ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണം. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമുണ്ടാകണം.