നമ്മുടെ കുട്ടികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും കഞ്ചാവുമാണ് ഒരു ഭാഗത്ത് കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റൊരു ഭാഗത്ത് വയലന്‍സ് നിറഞ്ഞ സിനിമകളും അവര്‍ക്ക് പ്രചോദനമാകുകയാണ്. ഏറ്റവുമൊടുവില്‍ ഒരു പത്താംക്ലാസുകാരന് ജീവന്‍ നഷ്ടമാകുന്നിടത്തേക്ക് ഈ വിപത്തുകള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ താമരശേരിയിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. ഇത് വെറുമൊരു ആക്രമണമായിരുന്നില്ല. കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി തന്നെ നടത്തിയ അക്രമമായിരുന്നുവെന്ന് കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കേസിലെ പ്രധാനപ്രതിയായ വിദ്യാര്‍ത്ഥിയുടെ പിതാവിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവ് കൂടി ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയുമായി വിദ്യാര്‍ത്ഥിയുടെ പിതാവിന് ബന്ധമുണ്ടെന്നതാണ് വ്യക്തമായിരിക്കുന്നത്. നഞ്ചക്ക് ഉപയോഗിച്ച് തലക്കടിച്ചതുകൊണ്ടാണ് തലയോട്ടി തകര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. ഈ സംഭവത്തിന് ശേഷവും സംസ്ഥാനത്തെ പല ഭാഗങ്ങളിലും വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. നിസാരകാര്യങ്ങളുടെ പേരിലുള്ള വാക്കുതര്‍ക്കങ്ങള്‍ പോലും സംഘം ചേര്‍ന്നുള്ള ക്രൂരമായ ആക്രമണങ്ങള്‍ക്കിടവരുത്തുകയാണ്.
എം.ഡി.എം.എ. പോലുള്ള മാരകമായ മയക്കുമരുന്നുകളും കഞ്ചാവും ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും സുലഭമാണ്. ലഹരിമാഫിയകളുടെ വലയില്‍ അകപ്പെടുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇതുകാരണം സ്‌കൂളുകളും കുടുംബങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും പെരുകുകയാണ്. ലഹരിക്കടിമപ്പെടുന്ന കുട്ടികള്‍ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ബോധമുള്ളവരായിരിക്കില്ല. ലഹരിമാഫിയകളുടെ പിടിയില്‍ നിന്ന് അത്തരം കുട്ടികളെമോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. ലഹരിവില്‍പ്പനക്കും ഉപയോഗത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരിവിപത്തിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുകയും അക്രമവാസനകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത്തരമൊരു സാഹചര്യമുണ്ടാക്കിയതില്‍ നിന്ന് അവരുടെ രക്ഷിതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. വിദ്യാര്‍ത്ഥികളില്‍ പടരുന്ന അക്രമവാസനകള്‍ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ. സ്‌കൂളുകളില്‍ ഇതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത് പേരിലൊതുങ്ങരുതെന്ന് മാത്രം. നടപടികള്‍ പ്രായോഗികമാകുകയും വിജയത്തിലെത്തുകയും വേണം.