എന്ന് നന്നാക്കും ഈ റോഡുകള്‍

Update: 2025-01-15 09:21 GMT

അപകടങ്ങള്‍ പെരുകുമ്പോഴും തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ കാണിക്കുന്ന വൈമനസ്യം യാത്രക്കാരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്. കാലവര്‍ഷത്തിന്റെ കാരണം പറഞ്ഞാണ് ഇതുവരെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താതിരുന്നത്. മഴ മാറി ആഴ്ചകള്‍ പിന്നിട്ടെങ്കിലും തകര്‍ന്ന റോഡുകള്‍ അതേ അവസ്ഥയിലാണ്. കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാത പല ഭാഗത്തും തകര്‍ന്നിരിക്കുകയാണ്. മിക്കയിടങ്ങളിലും റോഡില്‍ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാന പാതയില്‍ ചന്ദ്രഗിരിപ്പാലം മുതല്‍ ചളിയങ്കോട് പാലം വരെയാണ് ഏറ്റവും കൂടുതല്‍ കുഴികളുള്ളത്. സംസ്ഥാനപാതയില്‍ ഇത്രയും ഭാഗത്തുള്ള കുഴികളുടെ എണ്ണമെടുത്ത് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് ശാഖ കമ്മിറ്റി കുഴിസര്‍വേ റിപ്പോര്‍ട്ടെന്ന ബോര്‍ഡ് വരെ സ്ഥാപിച്ചുകഴിഞ്ഞു. മുണ്ടാങ്കുളം ജംഗ്ഷനില്‍ സ്ഥാപിച്ച ബോര്‍ഡില്‍ വലിയ കുഴികളുടെ എണ്ണം 33 ഉം ചെറിയ കുഴികളുടെ എണ്ണം 103 ഉം ആണെന്നാണ് സൂചിപ്പിക്കുന്നത്. കുഴികളുടെ ആകെ എണ്ണം 136 ആണ്. ഈ കുഴികള്‍ കാരണം സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുകയാണ്. കുഴികള്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങളുടെ നിയന്ത്രണം വിടുന്നു. റോഡിലെ കുഴികള്‍ നികത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ദേശീയപാത കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് സംസ്ഥാന പാതയിലൂടെയാണ്. ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തി നടക്കുന്നതിനാല്‍ സംസ്ഥാന പാതയിലൂടെയാണ് ദീര്‍ഘദൂര വാഹനങ്ങളടക്കം പോകുന്നത്.

റോഡിന്റെ പ്രവൃത്തിക്കായി ഫണ്ട് അനുവദിച്ചുകിട്ടുന്നതിന് റിപ്പോര്‍ട്ട് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പണം അനുവദിച്ച് കിട്ടിയില്ലെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറയുന്നത്. സംസ്ഥാനപാത മാത്രമല്ല കാസര്‍കോട് ജില്ലയിലെ മലയോര-തീരദേശ റോഡുകളടക്കം ശോചനീയാവസ്ഥയിലാണ്. ഗ്രാമീണ റോഡുകളും തകര്‍ന്നിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തി അധികനാള്‍ ആകാത്ത റോഡുകള്‍ പോലും തകര്‍ന്ന സ്ഥിതിയിലാണ്. അപകടങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമാകുന്നത് റോഡുകളുടെ തകര്‍ച്ച തന്നെയാണ്. ദിവസവും എത്രയോ മനുഷ്യജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിയുന്നത്. അപകടമരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും റോഡുകള്‍ നന്നാക്കാന്‍ അധികൃതര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത. റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും അഴിമതിയിലൂടെ വന്‍ സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ട്. ഫണ്ട് വെട്ടിക്കാന്‍ നിലവാരം കുറഞ്ഞ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നു. ഇതുകാരണം റോഡ് വേഗം തകരുന്നു. യഥാസമയം റോഡ് അറ്റകുറ്റപ്പണികള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യണം.

Similar News