ഇവരെ തളയ്ക്കാന്‍ നിയമം ഇങ്ങനെ പോര

By :  News Desk
Update: 2025-03-12 10:26 GMT

കേരളത്തിലെങ്ങും മയക്കുമരുന്ന് കടത്തും വില്‍പ്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ ലഹരി മാഫിയകളെ തളയ്ക്കാന്‍ നിയമത്തിന് ശക്തി പോരെന്ന വിലയിരുത്തല്‍ ഏറെ പ്രസക്തമാണ്. എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമവ്യവസ്ഥ പരിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണ്.

മദ്യത്തേക്കാളും കഞ്ചാവിനെക്കാളും മാരകമായ പ്രത്യാഘാതങ്ങളാണ് മയക്കുമരുന്ന് വ്യാപനം കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ മാത്രം മതി. ജീവിതകാലം മുഴുവന്‍ മയക്കുമരുന്നിന് അടിമയായി മാറും. മയക്കുമരുന്നിന് വേണ്ടി മാത്രം സമയവും പണവും കണ്ടെത്തും. പണം കിട്ടാതെ വരുമ്പോള്‍ അക്രമവും പിടിച്ചുപറിയും മാത്രമല്ല കൊലപാതകം വരെ നടത്താനുള്ള മാനസിക വിഭ്രാന്തിയില്‍ മയക്കുമരുന്ന് അടിമകള്‍ എത്തിച്ചേരുന്നു. ഒരു വ്യക്തി മാത്രമല്ല ഇവിടെ നശിക്കുന്നത്. ആ വ്യക്തിയെ ചുറ്റിപ്പറ്റി ജീവിക്കുന്നരാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ലഹരി ഉപയോഗിക്കാത്തവരും സ്വഭാവഗുണമുള്ളവരും ഉത്തരവാദിത്വബോധമുള്ളവരുമാണെങ്കില്‍ പോലും അവിടെ മയക്കുമരുന്നിനോ കഞ്ചാവിനോ മദ്യത്തിനോ അടിമയായ ഒരാളുണ്ടെങ്കില്‍ അതാ കുടുംബത്തെ മൊത്തത്തില്‍ ബാധിക്കും. ലഹരിക്കടിമയായ വ്യക്തി ഏത് കുടുംബത്തിന്റെയും സൈ്വര ജീവിതത്തിന് ഭീഷണി തന്നെയാണ്. ലഹരിക്കടിമപ്പെടുന്നത് വിദ്യാര്‍ത്ഥികളും യുവതീയുവാക്കളുമാണെങ്കില്‍ അത്തരം കുടുംബങ്ങളില്‍ അതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ഭയാനകം തന്നെയായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ലഹരിക്കടത്തും വില്‍പ്പനയും നടത്തുന്നവര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ക്കശമാക്കേണ്ടത് അത്യാവശ്യമാണ്. ലഹരി കടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. എന്‍.ഡി.പി.എസ് നിയമത്തിലെ 68-എഫ് വകുപ്പ് പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. കണ്ടുകെട്ടുന്ന സ്വത്ത് ലഹരി ഇടപാടിലൂടെ സമ്പാദിച്ചതല്ലെന്ന് പ്രതിക്ക് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ സ്വത്തുക്കള്‍ നഷ്ടമാകും. സ്ഥിരം വില്‍പ്പനക്കാരെ കരുതല്‍ തടങ്കലിലാക്കാനും പൊലീസ് നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ രാജ്യത്ത് നിയമഭേദഗതിയുണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിലവില്‍ മയക്കുമരുന്ന് കേസിലുള്ള ശിക്ഷകള്‍ അപര്യാപ്തമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറഞ്ഞ അളവില്‍ എം.ഡി.എം.എ കൈവശം വെക്കുന്നവര്‍ക്ക് പോലും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്നു.

കൂടിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചാലും ലഹരിക്കടത്ത് നടത്തിയാലും കാര്യമായ ശിക്ഷയൊന്നും പ്രതികള്‍ക്ക് ലഭിക്കുന്നില്ല. ഇക്കാരണത്താല്‍ മയക്കുമരുന്ന് മാഫിയകള്‍ക്ക് നിയമത്തെ ഭയമില്ലാത്ത സ്ഥിതിയാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഒഴുക്ക് മുമ്പത്തെക്കാള്‍ ശക്തമാണ്. ലഹരിക്കടത്ത് ഒരു പരിധിവരെയെങ്കിലും തടയാന്‍ നിയമം കര്‍ക്കശമാകുക തന്നെ വേണം.

Similar News