കാസര്‍കോട് ജില്ലയിലെ അപകടപരമ്പരകള്‍

By :  Sub Editor
Update: 2024-12-24 09:27 GMT

കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം നടന്ന വാഹനാപകടങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ദേശീയ-സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും മലയോര-തീരദേശ റോഡുകളിലുമെല്ലാം മുന്‍ വര്‍ഷങ്ങളില്‍ നടന്നതിനെക്കാള്‍ കൂടുതല്‍ അപകടങ്ങളാണ് ഇത്തവണ സംഭവിച്ചത്. ദേശീയപാത വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പല ഭാഗങ്ങളിലും അപകടം പതിയിരിക്കുകയാണ്. സുഗമമായ വാഹനഗതാഗതത്തിന് തടസ്സമാകുന്ന വിധത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. നിര്‍മ്മാണം പാതിവഴിയിലായ സ്ഥലങ്ങളിലാണ് അപകടസാധ്യത കൂടുതലുള്ളത്. റോഡിന്റെ ഘടന തന്നെ മാറിയതിനാല്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോഴും സൈഡ് കൊടുക്കുമ്പോഴും നിയന്ത്രണം വിടുന്ന സ്ഥിതിയാണുള്ളത്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്കാണിടവരുത്തുന്നത്. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നതും അശ്രദ്ധയോടെ വാഹനങ്ങളോടിക്കുന്നതും മാത്രമല്ല അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. റോഡിലൂടെ സുഗമമായ യാത്ര അസാധ്യമാകുന്നതും ഒരു കാരണമാണ്. വീതിയേറിയതും കുഴികളില്ലാത്തതുമായ നല്ല റോഡുകളുണ്ടെങ്കില്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. കാസര്‍കോട് ജില്ലയില്‍ ഈ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 146 ആണ്. ഇതില്‍ 70 പേര്‍ അപകട സ്ഥലത്താണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മറ്റുള്ളവരുടെ മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 432 പേരാണ്. 578 പേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഭയപ്പെടുത്തുന്ന കണക്കാണിത്. റോഡിലിറങ്ങാന്‍ യാത്രക്കാര്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് രാത്രിയിലും പുലര്‍ച്ചെയുമാണ്. ഇതില്‍ തന്നെ കൂടുതലും നടന്നത് മഴക്കാലത്താണ്. ജില്ലയില്‍ അപകടങ്ങള്‍ കൂടുതലുള്ള നാല് ബ്ലോക്ക് സ്പോട്ടുകളുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറയുന്നത്. ബോവിക്കാനം-മുള്ളേരിയ റോഡിലെ കോട്ടൂര്‍ വളവ് സ്ഥിരം അപകടമേഖലയാണ്. ഇവിടെ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ കാരണം ജീവന്‍ നഷ്ടമായവര്‍ നിരവധിയാണ്. ഗുരുതരമായി പരിക്കേറ്റവരും ഏറെ. കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ അപകടങ്ങള്‍ പതിവാണ്. പ്രത്യേകിച്ചും കളനാട് ഭാഗം സ്ഥിരം അപകടമേഖലയാണ്. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ അതിഞ്ഞാലില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഇത്തരം സ്ഥലങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്നതോടൊപ്പം എല്ലാ ഭാഗത്തും ശ്രദ്ധ വേണമെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം അപകടങ്ങള്‍ എവിടെയും സംഭവിക്കാം. അപകടങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹനവകുപ്പും പൊലീസും സംയുക്തമായി പരിശോധന നടത്തിവരികയാണ്. അമിത വേഗത അടക്കമുള്ള ഗതാഗത നിയമലംഘനങ്ങള്‍ തടയേണ്ടത് അനിവാര്യമാണ്. അതേസമയം റോഡുകളിലെ അപകടകരമായ വളവുകളും കുഴികളും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചും കുഴികള്‍ നികത്തിയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം.

Similar News