കവര്‍ച്ചാ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടണം

By :  Sub Editor
Update: 2025-05-07 10:52 GMT

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചാസംഘങ്ങള്‍ സൈ്വരവിഹാരം നടത്തുകയാണ്. വീടുകളും കടകളും കേന്ദ്രീകരിച്ചാണ് കൂടുതല്‍ കവര്‍ച്ചകളും നടക്കുന്നത്. ഇതിന് പുറമെ വാഹന കവര്‍ച്ചക്കാരും സജീവമാണ്. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ നിരവധി കവര്‍ച്ചാക്കേസുകളാണ് നിരവധി പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കവര്‍ച്ചാ സംബന്ധമായ വാര്‍ത്തയില്ലാതെ പത്രങ്ങള്‍ പുറത്തിറങ്ങുന്ന ദിവസങ്ങള്‍ വിരളമായിരിക്കുന്നു. ഇതുകാരണം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

പ്രവാസികളുടെയും അത്യാവശ്യം സാമ്പത്തികശേഷിയുള്ളവരുടെയും വീടുകളാണ് കവര്‍ച്ചക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നുള്ള മോഷണവും വ്യാപകമാണ്. വിജനമായ റോഡരികുകളിലൂടെയും ഇടവഴികളിലൂടെയും നടന്നുപോകുന്ന സ്ത്രീകളുടെ സ്വര്‍ണമാലകള്‍ ബൈക്കിലെത്തി അപഹരിക്കുന്ന സംഘങ്ങളും സജീവമാണ്. സ്ത്രീകളുടെ സ്വര്‍ണമാലകള്‍ ബൈക്കിലെത്തി തട്ടിയെടുക്കുന്നത് പതിവാക്കിയ ഒരു മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് സമീപകാലത്താണ്. ഇയാള്‍ക്കെതിരെ ബേക്കല്‍, മേല്‍പ്പറമ്പ്, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളിലായി പത്തിലേറെ പിടിച്ചുപറിക്കേസുകളാണുള്ളത്. വിജനമായ പ്രദേശങ്ങളിലൂടെ നടന്നുപോകുന്ന പ്രായമായ സ്ത്രീകളുടെ കഴുത്തില്‍ നിന്നാണ് സ്വര്‍ണ്ണമാലകള്‍ അപഹരിച്ചിരുന്നത്. ഒരേ ആള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസിന് തെളിവ് ലഭിച്ചത്. ഒരാഴ്ച മുമ്പ് പരപ്പയിലെ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായത് കുപ്രസിദ്ധ കവര്‍ച്ചക്കാരനാണ്. ഇയാള്‍ക്കെതിരെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി നിരവധി കവര്‍ച്ചാക്കേസുകളാണുള്ളത്.

കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കവര്‍ച്ചകള്‍ വര്‍ധിക്കുകയാണ്. കവര്‍ച്ചകള്‍ തടയുന്നതില്‍ പൊലീസിന് പരിമിതികളുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിച്ചേ മതിയാകൂ.

വീടുകളില്‍ നടക്കുന്ന കവര്‍ച്ചകള്‍ തടയുകയെന്നത് ഓരോ കുടുംബവും ഉത്തരവാദിത്വമായി ഏറ്റെടുക്കണം. വിലപിടിപ്പുള്ള ആഭരണങ്ങള്‍ വീടുകളിലുണ്ടെന്നത് സംസാരവിഷയമായി മാറാന്‍ പാടില്ല. ഒരുപാട് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതായിരിക്കും ഉചിതം. പല കവര്‍ച്ചാക്കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിയാത്തത് കവര്‍ച്ചകള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമാകുന്നു. പൊലീസ് നടപടി ശക്തമാക്കുന്നതിനൊപ്പം പൊതു സമൂഹത്തിന്റെ ജാഗ്രതയും കവര്‍ച്ചകള്‍ തടയാന്‍ ആവശ്യമാണ്.

Similar News