സുരക്ഷാവീഴ്ചകള്‍ വരുത്തുന്ന അപകടങ്ങള്‍

By :  Sub Editor
Update: 2025-01-02 10:21 GMT

കൊച്ചി കലൂര്‍ അന്താരാഷ്ട്ര ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം അതീവ ഗൗരവമര്‍ഹിക്കുന്നതാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വേദി തയ്യാറാക്കിയതെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉമ തോമസിന് സംഭവിച്ച അത്യാഹിതത്തിന് സംഘാടകരും ബന്ധപ്പെട്ട അധികാരികളും ഉത്തരവാദികളാണ്.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനചടങ്ങിനെത്തിയ ഉമ തോമസ് കുറ്റകരമായ അനാസ്ഥയുടെ ബലിയാടായി മാറുകയായിരുന്നു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം സംഭവിച്ചത്. മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളെ അഭിവാദ്യം ചെയ്ത ശേഷം ഉമ തോമസ് മുന്നോട്ട് നടക്കുന്നതിനിടെ ക്യൂ മാനേജറിന്റെ കുറ്റിയില്‍ പിടിക്കുകയായിരുന്നു. ഇതോടെ നിലതെറ്റി എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു. മൂന്ന് കുറ്റികളും നാടയുമുള്‍പ്പെടെയാണ് ഉമ തോമസ് താഴേക്ക് പതിച്ചത്. താഴെ ഗ്രൗണ്ടിലേക്ക് കടക്കാനുള്ള പ്രവേശനദ്വാരത്തില്‍ പാകിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഉമതോമസ് പാലാരിവട്ടം റിനൈ ആസ്പത്രില്‍ വെന്റിലേറ്ററിലാണുള്ളത്. ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഇതുവരെയുള്ള വിവരം. ബോധം വീണ്ടുകിട്ടിയിട്ടില്ല. അപകടനില തരണം ചെയ്‌തെന്ന് പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വി.ഐ.പി ഗാലറിയിലെ 13 വരി കസേരകള്‍ക്ക് മുകളില്‍ രണ്ട് തട്ടുകളിലായി കെട്ടി ഉയര്‍ത്തിയ താല്‍ക്കാലിക വേദി തികച്ചും അശാസ്ത്രീയവും അപകടകരവുമായിരുന്നു. ഗാലറിയുടെ ഇരുമ്പ് കൈവരിക്കും മുകളിലായാണ് വേദി നിര്‍മ്മിച്ചത്. വേദിയില്‍ കയറുന്നവരുടെ സുരക്ഷക്ക് വേണ്ടി ഒരു സംവിധാനവും ഒരുക്കിയില്ലെന്നറിയുമ്പോള്‍ എത്ര വലിയ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാകും. വേദിയുടെ മുന്നില്‍ കൈവരിക്ക് പകരം എയര്‍പോര്‍ട്ടുകളിലും മറ്റും തിരക്ക് നിയന്ത്രിക്കാന്‍ കുറ്റികളില്‍ നാട വലിച്ചുകെട്ടുന്ന സംവിധാനം മാത്രമാണുണ്ടായിരുന്നത്. ഈ കുറ്റികളാകട്ടെ ഒന്ന് തൊട്ടാല്‍ വീഴാന്‍ പാകത്തിലുള്ളതുമായിരുന്നു. സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്‌തെങ്കിലും ഇതില്‍ മാത്രം നടപടി ഒതുങ്ങരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേണം. കലയ്ക്കും വിനോദത്തിനും വേണ്ടിയുള്ള പരിപാടികള്‍ എത്ര വലുതായാലും ചെറുതായാലും ആരുടെയും ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യമുണ്ടാക്കരുത്.

Similar News