കാസര്‍കോട് ജില്ലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ വര്‍ധിക്കുകയാണെന്ന യാഥാര്‍ത്ഥ്യം വേദനാജനകം തന്നെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിറയുന്നു. കഴിഞ്ഞ ദിവസത്തെ പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഒരേ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയ മൂന്ന് വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങളാണ്. വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവവും അസുഖം മൂലം പരീക്ഷയെഴുതാന്‍ കഴിയാതിരുന്നതിലുള്ള മനോവിഷമം മൂലം പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവവും മറ്റൊരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമെല്ലാം ഒരേ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആത്മഹത്യക്ക് ശ്രമിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികള്‍ ഇതിന് പുറമെയാണ്.
കാഞ്ഞങ്ങാട് മന്‍സൂര്‍ നഴ്‌സിംഗ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരി ആത്മഹത്യക്ക് ശ്രമിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പാണ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസികപീഡനമാണ് പെണ്‍കുട്ടിയെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചത്. അന്ന് മുതല്‍ അബോധാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. മംഗളൂരു കെ.എം.സി ജ്യോതി ആസ്പത്രിയിലാണ് നഴ്സിംഗ് വിദ്യാര്‍ത്ഥിനി ചികിത്സയിലുള്ളത്. വാര്‍ഡന്റെ ഭാഗത്തുനിന്നും മാനസിക പീഡനങ്ങളുണ്ടെങ്കില്‍ തന്നെയും കുടുംബത്തിന്റെ പിന്തുണയോടെ നിയമപരമായി നേരിടാനുള്ള അവസരം പെണ്‍കുട്ടിക്ക് പ്രയോജനപ്പെടുത്താമായിരുന്നു. അതല്ലെങ്കില്‍ ആ നഴ്സിംഗ് കോളേജില്‍ തുടരുന്ന കാര്യത്തില്‍ പുനപരിശോധന നടത്താമായിരുന്നു. മാര്‍ഗങ്ങള്‍ പലതുണ്ടായിട്ടും ആത്മഹത്യയെക്കുറിച്ച് പെണ്‍കുട്ടി ചിന്തിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് വേദനാജനകം. ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കുടുംബത്തോട് പറഞ്ഞാലും പിന്തുണ ലഭിക്കണമെന്നില്ല എന്നത് വേറൊരു വസ്തുത. ആസ്പത്രിയില്‍ പെണ്‍കുട്ടി മരണത്തോട് മല്ലടിക്കുന്നതിനാല്‍ കുടുംബം വളരെ ആശങ്കയിലാണ്.
അസുഖം മൂലം പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് തൃക്കരിപ്പൂരിലെ പതിനേഴുകാരി ജീവനൊടുക്കിയത്. ആ പരീക്ഷ വീണ്ടും എഴുതി വിജയിക്കാനുള്ള അവസരമുണ്ടെന്ന കാര്യം ഓര്‍ക്കാതെയാണ് ഈ പെണ്‍കുട്ടി കടുംകൈ ചെയ്തത്. ഇതുവരെ എഴുതിയ പരീക്ഷകളിലെല്ലാം ഉന്നത വിജയം കൂടി കരസ്ഥമാക്കിയിരുന്ന വിദ്യാര്‍ത്ഥിനിയാണ് നിസാര കാര്യത്തിന്റെ പേരില്‍ സ്വന്തം ജീവന്‍ കളഞ്ഞത്. ചെറിയ വെല്ലുവിളി പോലും താങ്ങാന്‍ കഴിയാത്ത വിധം ദുര്‍ബലമാകുകയാണ് പല വിദ്യാര്‍ത്ഥികളുടെയും മാനസികാവസ്ഥ. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയെന്നും ആണ്‍കുട്ടിയെന്നുമുള്ള ഭേദമില്ല. പ്രണയനൈരാശ്യത്തിന്റെ പേരിലുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകളും സംഭവിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഇടപെടലുകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.