പുഴകളിലും കുളങ്ങളിലും ആഴമേറിയ വെള്ളക്കെട്ടുകളിലും കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. ജലാശയങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ മുങ്ങിമരണങ്ങള്‍ അനുദിനം ആവര്‍ത്തിക്കുകയാണ്. അസ്വാഭാവിക മരണങ്ങളില്‍ റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ പിന്നിലുള്ളത് മുങ്ങിമരണങ്ങളാണ്. കുട്ടികളും യുവാക്കളുമാണ് കൂടുതലായി മുങ്ങിമരണങ്ങള്‍ക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. ശ്രദ്ധയും ജാഗ്രതയുമുണ്ടെങ്കില്‍ മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനാകും. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതാണ് പല മുങ്ങിമരണങ്ങള്‍ക്കും ഇടവരുത്തുന്നത്.
ജലസുരക്ഷയെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കണം. നന്നായി പരിശീലനം നേടിയവരില്‍ നിന്ന് മാത്രം നീന്തല്‍ പഠിക്കണം. ഇല്ലെങ്കില്‍ അതും അപകടത്തിന് കാരണമാകും. മുതിര്‍ന്നവരില്ലാതെ കുട്ടികളെ വെള്ളത്തില്‍ നീന്താനോ കുളിക്കാനോ കളിക്കാനോ പോകാന്‍ അനുവദിക്കരുത്. വിനോദയാത്രാ വേളകളില്‍ പലപ്പോഴും ആവേശത്തോടെ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ അപകടത്തില്‍പ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാര വേളകളില്‍ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുന്നതാണ് ഉചിതം. ലൈഫ് ജാക്കറ്റ്, ടയര്‍ ട്യൂബ്, നീളമുള്ള കയര്‍ എന്നിവ കരുതണം. ശരിയായ പരിശീലനം ലഭിച്ചവര്‍ മാത്രം രക്ഷാപ്രവര്ത്തനങ്ങള്ക്കിറങ്ങണം. വെള്ളത്തില്‍ വീണവരെ രക്ഷിക്കാനായി എടുത്തുചാടി അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്ത് വലിച്ചു കയറ്റുന്നതാണ് കൂടുതല്‍ സുരക്ഷിതം. വെള്ളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ജലാശയത്തെക്കുറിച്ച് മനസിലാക്കുന്നത് നന്നായിരിക്കും. ഒഴുക്കും ആഴവും മനസിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് നല്ലത്. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളത്തിലേക്ക് എടുത്ത് ചാടാതിരിക്കുക. ചെളിയില്‍ പൂഴ്ന്നുപോകാം. തല പാറയിലോ, മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം. പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയ ശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തില്‍ ഇറങ്ങരുത്. മദ്യലഹരിയില്‍ ഒരു കാരണവശാലും വെള്ളത്തിലിറങ്ങരുത്. അസുഖമുള്ളവരോ, മരുന്നുകള്‍ കഴിക്കുന്നവരോ വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരരോഗികള്‍, ഹൃദ്രോഗികള്‍ ) ഉള്ളവരും പ്രത്യേകം സൂക്ഷിക്കുക. കൂടെയുള്ളവരോട് അത് പ്രത്യേകം പറയുക. മുങ്ങിമരണങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണവും നടപടികളും ശക്തമാക്കണം.