പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ കൂടിക്കൂടി വരികയാണ്. പുഴകള്‍ അടക്കമുള്ള ജലാശയങ്ങള്‍ മലിനമായിക്കൊണ്ടിരിക്കുന്നു. അറവുമാലിന്യങ്ങളും മറ്റും പുഴകളിലും മറ്റും തള്ളുന്നു.
വിവിധതരം മാലിന്യങ്ങള്‍ക്കു പുറമെ വിഷമയ പദാര്‍ത്ഥങ്ങളുടെ പുറന്തള്ളലുകള്‍ കേരളത്തിന്റെ പാരിസ്ഥിതിക ശുചിത്വത്തെയും സൗന്ദര്യത്തെയും ബാധിക്കുകയും അതുവഴി പരിസ്ഥിതിയുടെ സ്വാഭാവിക സ്വാംശീകരണ ശേഷിയെ കുറയ്ക്കുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതിയുടെ സ്വാംശീകരണ ശേഷികൊണ്ട് അര്‍ത്ഥമാക്കുന്നത് പരിസ്ഥിതിയിലേക്ക് അതായത് ഒരു പ്രദേശത്തെ ജലം, മണ്ണ്, അന്തരീക്ഷം, ജൈവ പരിസ്ഥിതിക്ക്, പ്രകൃതി വിഭവങ്ങളുടെ ഗുണമേന്മയെ ബാധിക്കാത്ത വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മലിനീകരണം എന്നതാണ്. ഇപ്രകാരം ജലത്തിന്റെ സ്വാംശീകരണ ശേഷി എന്നത് ആ ജലാശയത്തിന് ഹാനികരമല്ലാത്ത രീതിയിലും ജല ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമല്ലാത്ത രീതിയിലും ജലം ഉപയോഗിക്കുന്ന മനുഷ്യര്‍ക്ക് ദോഷകരമല്ലാത്ത രീതിയിലും മാലിന്യങ്ങളോ വിഷ പദാര്‍ത്ഥങ്ങളോ ആഗിരണം ചെയ്ത് സ്വയം ശുചീകരിക്കപ്പെടുന്നതിനുള്ള ജലത്തിന്റെ കഴിവാണ്. അതുപോലെതന്നെ വായുവിന്റെ കാര്യത്തില്‍ വ്യവസ്ഥാപിതമായ ഗുണമേന്മയെ ബാധിക്കാത്ത രീതിയില്‍ കലര്ത്തപ്പെടാന്, വ്യാപിപ്പിക്കപ്പെടാന്, ആഗിരണം ചെയ്യപ്പെടാന്‍ കഴിയുന്ന പരമാവധി മലിന വായുവിന്റെ അളവാണ്. മണ്ണിന്റെ കാര്യത്തില്‍ അതിന്റെ ഉല്പാദനക്ഷമതയ്ക്കോ ഫലപുഷ്ടതയ്ക്കോ ദോഷം വരാത്ത രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മലിനീകരണ തോതാണ്. ചിട്ടയില്ലാത്ത റോഡ് നിര്‍മ്മാണവും നദികളിലെ ജലസംഭരണ നിര്‍മ്മിതികളും ജലനിര്ഗ്ഗമനത്തെ തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ട്. മിക്ക നീര്‍ച്ചാലുകളും മണ്ണടിഞ്ഞും മാലിന്യം നിറഞ്ഞും ഒഴുക്കു നിലച്ച് നശീകൃതാവസ്ഥയിലാണ്. ജൈവാവശിഷ്ടങ്ങള്‍, വളത്തിന്റെ ശേഷിപ്പുകള്‍ എന്നിവ വിവേചനരഹിതമായി ജലാശയങ്ങളിലേക്ക് തള്ളുന്നത് കളകളുടെ അനസ്യൂതമായ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ജലാശയങ്ങളില്‍ അമിത പോഷണ പ്രശ്നങ്ങള്‍ വ്യാപകമാക്കുന്നതിനും ഇത് കാരണമാകുന്നു. ജലാശയങ്ങളിലെ വര്‍ദ്ധിതമായ ജീവവായു ആവശ്യകതയും മണ്ണിടിച്ചിലും ജലാശയങ്ങള്‍ ചുരുങ്ങുന്നതിനും നശീകൃതമാകുന്നതിനും കാരണമാകുന്നു. 1990നു ശേഷമുള്ളകാലം സേവനമേഖല ദ്രുതഗതിയില്‍ വളര്‍ന്നതിന്റെ ഫലമായി മാലിന്യങ്ങളുടെ വര്‍ദ്ധന കാരണമുള്ള ജല മലിനീകരണം, ജലനിര്‍ഗമന ചാലുകളുടെ മാര്‍ഗ തടസ്സങ്ങള്‍ മൂലമുള്ള വെള്ളക്കെട്ട് കൊതുക് ജന്യ സാംക്രമികരോഗങ്ങള്‍ ഇവ വര്‍ധിക്കാന്‍ കാരണമാകുന്നു. ജലത്തിന്റെ ഗുണനിലവാരം, സാംക്രമികരോഗങ്ങളുടെ വര്‍ധന മുതലായ സൂചകങ്ങള്‍ വെച്ചു നോക്കുമ്പോള്‍ കേരളം ജീവിക്കാന്‍ അനുയോജ്യമല്ലാത്ത സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്നും പറയേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രത്യേകിച്ച് തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആവര്‍ത്തനവും തീവ്രതയും പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ശുചിത്വത്തിന്റെയും വൃത്തിയുള്ള പരിസരത്തിന്റെയും നിര്‍ണ്ണായക പ്രാധാന്യം മനസ്സിലാക്കി സംസ്ഥാനം ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധങ്ങളായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ഫലപ്രാപ്തിയുണ്ടാകുന്നില്ല. ജലമലിനീകരണം തടയാന്‍ അടിയന്തിര നടപടികള്‍ അനിവാര്യമാണ്.