കാസര്‍കോട് ജില്ലയില്‍ പിടിമുറുക്കുന്ന ഒറ്റനമ്പര്‍ ചൂതാട്ടം

By :  Sub Editor
Update: 2025-03-20 09:42 GMT

കാസര്‍കോട് ജില്ലയില്‍ ഒറ്റനമ്പര്‍ ചൂതാട്ടം വ്യാപകമാകുകയാണ്. നിരവധി പേരാണ് ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുന്നതിനിടെ പിടിയിലാകുന്നത്. ജില്ലയിലെ നഗരപ്രദേശങ്ങളില്‍ മാത്രമല്ല ഗ്രാമപ്രദേശങ്ങളില്‍ പോലും ഇത്തരം സംഘങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞു. ഒറ്റനമ്പര്‍ ചൂതാട്ടത്തിനിടെ പലരും പൊലീസ് പിടിയിലാകുന്നുണ്ടെങ്കിലും ഇത്തരം കേസുകള്‍ കുറയാന്‍ അത് കാരണമാകുന്നില്ല. ചൂതാട്ടസംഘത്തിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്നത് പെറ്റിക്കേസുകള്‍ മാത്രമാണ്. പിടിയിലാകുന്നവരെ അപ്പോള്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ നോട്ടീസ് നല്‍കി വിട്ടയക്കുന്നു. പിന്നീട് കോടതിയില്‍ പിഴയടച്ചാല്‍ മതിയാകും. അതോടെ കേസില്‍ നിന്നൊഴിവാകുകയും ചെയ്യുന്നു. ഒരിക്കല്‍ പിടിയിലായവര്‍ സ്റ്റേഷനില്‍ നിന്നിറങ്ങിയാലുടന്‍ വീണ്ടും ഒറ്റനമ്പര്‍ ചൂതാട്ടത്തിലേക്ക് തിരിയുന്നു. കുറേനാള്‍ കഴിഞ്ഞാല്‍ ഇതേ ആളുകള്‍ വീണ്ടും പിടിയിലായാലും വിഷയമല്ല. പിഴയടച്ച് പിന്നെയും ചൂതാട്ടത്തിലേക്ക് തിരിയുന്നു. ഒറ്റനമ്പര്‍ ചൂതാട്ടത്തിലൂടെ വന്‍ തുകകള്‍ സമ്പാദിക്കുന്നവരുണ്ട്. അതില്‍ നിന്നും ചെറിയ തുകയാണ് പിഴയായി പോകുന്നത്. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും പിടിയിലായാല്‍ തന്നെയും ചൂതാട്ടസംഘത്തിന് അതൊരു പ്രശ്‌നമായി അനുഭവപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അതേസമയം ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ പെട്ട് വലിയ സാമ്പത്തികനഷ്ടം നേരിടുന്നവരുമേറെയുണ്ട്. അടുത്ത കളിയിലൂടെ ഇത് തിരിച്ചുപിടിക്കാമെന്ന് കരുതി പിന്നെയും ചൂതാട്ടത്തിലേര്‍പ്പെടുന്നു. ഇതൊരു ലഹരിയായി മാറിയാല്‍ പണം നഷ്ടമാകുന്നത് പതിവായാലും എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് ചൂതാട്ടത്തിലേര്‍പ്പെടുന്നവരുണ്ട്. സാമ്പത്തികമായി തകര്‍ന്ന് കടബാധ്യതയില്‍പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റനമ്പര്‍ ചൂതാട്ടം വലിയൊരു സാമൂഹിക വിപത്ത് തന്നെയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ച മുതല്‍ ഒറ്റനമ്പര്‍ ചൂതാട്ടസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ കേസ് ദുര്‍ബലമായതിനാല്‍ ഈ നടപടി എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

ലോട്ടറിഫലം വരുമ്പോള്‍ ഒന്നാംസമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് നമ്പര്‍ പ്രവചിച്ചാണ് ചൂതാട്ടം നടത്തുന്നത്. അവസാനത്തെ ഒറ്റ, രണ്ടക്ക നമ്പറുകള്‍ ഉപയോഗിച്ചും ചൂതാട്ടം നടക്കുന്നുണ്ട്. ദിവസേന നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം ലഭിക്കുന്ന അവസാന അക്കത്തിന്റെ മറവിലാണ് ചൂതാട്ടം നടന്നുവരുന്നത്. ആവശ്യപ്പെടുന്ന നമ്പര്‍ കടലാസില്‍ എഴുതി നല്‍കിയും വാട്‌സ്ആപ്പില്‍ അയച്ചുമാണ് ഏജന്റ് പണം ഈടാക്കുന്നത്. ഈ പണം ഏജന്റ് സംസ്ഥാന ലോട്ടറി നറുക്കെടുപ്പിന് അരമണിക്കൂര്‍ മുമ്പെ ഒറ്റനമ്പര്‍ ചൂതാട്ടത്തലവന് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ലോട്ടറിയുടെ ഫലം പുറത്തുവന്നാലുടന്‍ തന്നെ നമ്പര്‍ ശരിയായവര്‍ക്ക് പണം നല്‍കിത്തുടങ്ങുന്നു. സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായുള്ള ലോട്ടറി ഇടപാടുകള്‍ ലോട്ടറി തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെയും ബാധിക്കുന്നുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തി നടപടി കര്‍ശനമാക്കിയാല്‍ ഒറ്റനമ്പര്‍ ചൂതാട്ടത്തെ നിയന്ത്രിക്കാന്‍ സാധിക്കും.

Similar News