തൊഴിലില്‍ ഉറപ്പില്ല, കൂലിയുമില്ല

By :  Sub Editor
Update: 2025-04-18 11:12 GMT

തൊഴിലുറപ്പ് പദ്ധതി നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായി ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ കൂലി മാസങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ പണിയെടുത്തതിന്റെ കൂലി ഇതുവരെയായിട്ടും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. വിഷുവിന് മുമ്പ് പണം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്തായിരിക്കുകയാണ്. മുമ്പ് തൊഴിലുറപ്പ് കൂലി ഒരുമാസം വൈകിയാണെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ഇതാദ്യമായി മാസങ്ങളായി കൂലി ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാറാണ് ഇതിന് ഉത്തരവാദിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രം പണമയക്കുന്നുണ്ടെന്നും സംസ്ഥാനം അത് തൊഴിലാളികള്‍ക്ക് നല്‍കാതെ വകമാറ്റുന്നുവെന്നും എതിര്‍പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടതെന്നറിയാതെ തൊഴിലാളികള്‍ ആശയക്കുഴപ്പത്തിലാണ്.

തൊഴിലുറപ്പിനെക്കുറിച്ച് മുമ്പ് ഉയര്‍ന്ന ആക്ഷേപം പണിയെടുക്കാതെ കൂലി വാങ്ങുന്നുവെന്നായിരുന്നു. ആദ്യമൊക്കെ ഈ ജോലിയുടെ സ്വഭാവം അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. വെയിലും മഴയുമേറ്റാണ് അവര്‍ അധ്വാനിക്കുന്നത്. വിശ്രമസമയം കുറക്കുകയും ജോലി സമയം കൂട്ടുകയും ചെയ്തു. കൂലിയില്‍ നേരിയ വര്‍ധനവ് മാത്രമാണ് വരുത്തിയത്. അതുപോലും കിട്ടാത്ത സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇനി എന്നാണ് പണം അക്കൗണ്ടിലെത്തുന്നതെന്ന തൊഴിലാളികളുടെ ചോദ്യത്തിന് അധികാരികള്‍ മറുപടി നല്‍കുന്നില്ല.

തൊഴിലുറപ്പ് തൊഴിലാളികളോട് അധികൃതര്‍ കാണിക്കുന്ന ഈ ക്രൂരത മാപ്പര്‍ഹിക്കാത്തതാണ്. എന്തോ ഒരു ചതി ഇത്തരമൊരു സമീപനത്തില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ പൊതുവെ കേന്ദ്രസര്‍ക്കാറിന് താല്‍പ്പര്യമില്ല. എന്നാല്‍ പെട്ടെന്ന് നിര്‍ത്തലാക്കാനുള്ള ധൈര്യമില്ല. രാജ്യത്തെ തൊഴിലാളിവര്‍ഗം കേന്ദ്രത്തിനെതിരായി മാറുന്ന സ്ഥിതിയുണ്ടാകും. കേന്ദ്രം തല്‍ക്കാലം അതാഗ്രഹിക്കുന്നില്ല. തൊഴിലുറപ്പ് മേഖലയില്‍ നിന്നും തൊഴിലാളികളെ പിന്മാറാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള തന്ത്രമാണ് കേന്ദ്രം ഇപ്പോള്‍ പ്രയോഗിക്കുന്നതെന്നാണ് കരുതേണ്ടത്. കൂലി കിട്ടാതാകുമ്പോള്‍ തൊഴിലാളികള്‍ സ്വാഭാവികമായും ഈ തൊഴിലില്‍ നിന്ന് പിന്തിരിയും. അതുകൊണ്ട് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് കൂലി നിഷേധമെന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. തൊഴിലുറപ്പ് ജോലിയില്‍ കര്‍ശനമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. തടഞ്ഞുവെച്ചിരിക്കുന്ന കൂലി എത്രയും വേഗം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും തൊഴിലുറപ്പ് ജോലി സംരക്ഷിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ തൊഴിലാളി സംഘടനകള്‍ നടത്തണം. സംസ്ഥാന സര്‍ക്കാറും ഈ വിഷയത്തില്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണം.

Similar News