അതിതീവ്ര മഴയും കെടുതികളും

Update: 2025-05-22 10:37 GMT

കേരളത്തില്‍ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴ വ്യാപകനാശനഷ്ടങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ശക്തമായ വേനല്‍മഴ ലഭിക്കാതിരുന്ന കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ ആശ്വാസകരമായെങ്കിലും അത് ആശങ്കയിലേക്ക് വഴിമാറാന്‍ അധികസമയം വേണ്ടിവന്നില്ല. മാവുങ്കാല്‍ കല്യാണ്‍ റോഡില്‍ ദേശീയപാതയിലെ സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇതുമൂലമുണ്ടായ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായിട്ടില്ല. ഗതാഗതസ്തംഭനം ഇപ്പോഴും തുടരുകയാണ്. ദേശീയപാതയോരത്ത് പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്നുണ്ട്. ചെര്‍ക്കളക്കും ബേവിഞ്ചക്കുമിടയില്‍ ദേശീയപാതയോരത്ത് വ്യാപകമായി കുന്നിടിച്ചതിനാല്‍ ഈ ഭാഗത്തും മണ്ണിടിച്ചില്‍ രൂക്ഷമാണ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നു. കനത്ത മഴയില്‍ നീലേശ്വരം മുതല്‍ പള്ളിക്കര വരെ ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് വാഹനഗതാഗതത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു. പെരിയയില്‍ കേന്ദ്ര സര്‍വകലാശാലയ്ക്കടുത്ത് സര്‍വീസ് റോഡിലെ ചെളിയില്‍ കണ്ണൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് താഴ്ന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. സര്‍വീസ് റോഡിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പലയിടങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് നടത്തിയത്. ആവശ്യമായ മുന്‍കരുതലും സുരക്ഷയും ഏര്‍പ്പെടുത്താതെയാണ് ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. കാലിക്കടവ്, നീലേശ്വരം ടൗണില്‍ വെള്ളം കയറിയിട്ടുണ്ട്. ചെര്‍ക്കളയിലും കറന്തക്കാടും കനത്ത മഴയില്‍ മരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നത്. റോഡരികുകളില്‍ അപകടാവസ്ഥയിലുള്ള നിരവധി മരങ്ങളുണ്ട്. പല ഭാഗങ്ങളിലും മരങ്ങള്‍ വാഹനങ്ങളുടെ മുകളില്‍ പതിക്കുകയാണ്. വടക്കന്‍ കേരളത്തിലും കൊച്ചിയിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മഴയില്‍ കോഴിക്കോട് നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. കോഴിക്കോട്ടെ നിരവധി കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടില്‍ മഴ ശക്തമാണ്. പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന ജില്ല വയനാടാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. അന്തരീക്ഷ ഘടകങ്ങള്‍ അനുകൂലമായതിനാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴയുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയും മുന്‍കരുതലും വേണം. സ്വയം സുരക്ഷയും ഉറപ്പാക്കണം.

Similar News