കുട്ടികള്‍ക്കെതിരായ കൊടും ക്രൂരതകള്‍

By :  Sub Editor
Update: 2025-04-15 10:25 GMT

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ കൊടും ക്രൂരതകള്‍ വര്‍ധിച്ചുവരികയാണ്. കുടുംബപ്രശ്‌നങ്ങളുടെയും ലൈംഗിക ചൂഷണങ്ങളുടെയും സാമൂഹിക അരാജകത്വത്തിന്റെയുമൊക്കെ ഇരകളായി കുട്ടികള്‍ ക്രൂരതകള്‍ നേരിടേണ്ടിവരികയും കൊല്ലപ്പെടുകയുമൊക്കെ ചെയ്യുന്നു. ഏറ്റവുമൊടുവില്‍ ഒരു നരാധമന്‍ ആറുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യ മന:സാക്ഷിയെ നടുക്കുന്നതാണ്. ചാമ്പക്ക പറിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ തന്ത്രപൂര്‍വ്വം വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് കുട്ടി അറിയിച്ചതോടെ കുളത്തില്‍ തള്ളിയിടുകയാണുണ്ടായത്. കുട്ടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാതെ കുട്ടിയെ മുക്കിത്താഴ്ത്തുകയായിരുന്നു. ശ്വാസം കിട്ടാതെ പ്രാണന് വേണ്ടി പിടഞ്ഞാണ് ആ കുഞ്ഞ് ലോകത്തോട് വിടപറഞ്ഞത്. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലും പ്രതിക്ക് യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. മനുഷ്യവര്‍ഗത്തിന്റെ കാപട്യങ്ങളും ജീവിതവും എന്താണെന്ന് തിരിച്ചറിയാനുള്ള പ്രായമാകാത്ത നിഷ്‌ക്കളങ്കനായ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് യാതൊരു മനഃസാക്ഷിയുമില്ലാതെ നഷ്ടപ്പെടുത്തിയത്. സമാനമായ പല തരത്തിലുള്ള ക്രൂരതകള്‍ക്കും കുട്ടികള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പാണ് നാടോടികുടുംബത്തിലെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവമുണ്ടായത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ കൊണ്ടുപോയി ഒരു കെട്ടിടത്തിന്റെ മറവില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാറുള്ളത്. ഇപ്പോള്‍ കേരളത്തിലും ഇത് സാധാരണ സംഭവങ്ങളാകുകയാണ്. ലഹരിക്കും പ്രത്യേക മനോവൈകൃതങ്ങള്‍ക്കും അടിമകളായ വ്യക്തികള്‍ കുട്ടികളുടെ ജീവനും ജീവിത സുരക്ഷിതത്വത്തിനും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ലൈംഗികാവശ്യങ്ങള്‍ക്കും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കും ഇരകളാക്കി കുട്ടികളെ നിരന്തരം ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ ഈ ഭൂമിയില്‍ ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. ഇവരെ വെറുതെ വിട്ടാല്‍ പിന്നെയും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകും. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും ചെയ്ത ക്രൂരതകളില്‍ ലവലേശം കുറ്റബോധമില്ലാത്തവരുമായ കുറ്റവാളികള്‍ക്കുള്ള ശിക്ഷ നല്‍കുന്നതില്‍ കാലതാമസമുണ്ടാകരുത്. കേസ് കുറേക്കാലം കെട്ടിക്കിടക്കുമ്പോള്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ ലഘൂകരിക്കപ്പെടാന്‍ ഇടവരുത്തും. വെറുതെ വിട്ടെന്നും വരാം. അതിനിടവരുത്താത്ത വിധത്തിലുള്ള നിയമനടപടികളുണ്ടാകണം.

Similar News