കേരളത്തില്‍ പെരുകുന്ന കുറ്റകൃത്യങ്ങള്‍

By :  Sub Editor
Update: 2025-02-05 09:23 GMT

കേരളത്തില്‍ അരും കൊലകള്‍ അടക്കമുള്ള കൊടും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയത് രണ്ട് കൊലപാതകങ്ങളാണ്. അയല്‍വാസിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായി ജയിലില്‍ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഈ യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ഒരു നരാധമന്‍ ഇല്ലാതാക്കിയത്. ഇയാളെ ഇത്രയും നിഷ്ഠൂരമായ കൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചത് അയാളുടെ മനസില്‍ ഉറഞ്ഞുകൂടിയ അന്ധവിശ്വാസം തന്നെയാണെന്നത് മൂന്നുകൊലപാതകങ്ങളുടെയും ഗൗരവം വര്‍ധിപ്പിക്കുന്നു. ഭാര്യയും മക്കളും പിണങ്ങിപ്പോകാന്‍ കാരണം ഈ കുടുംബമാണെന്ന് പ്രതി വിശ്വസിക്കാന്‍ കാരണം ജോത്സ്യന്റെ ഉപദേശമാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം കേരളത്തെ നടുക്കിയ മറ്റൊരു ക്രൂരകൃത്യമാണ് ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം. ജോത്സ്യനും മന്ത്രവാദിയും ആയ വ്യക്തിയുടെ ഉപദേശമാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കാന്‍ പ്രേരണയായതെന്നറിയുമ്പോള്‍ മലയാളിസമൂഹം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെത്തിയിരിക്കുന്നത്. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടിന് കാരണം രണ്ടുവയസുള്ള പെണ്‍കുഞ്ഞാണെന്ന മന്ത്രവാദിയുടെ വാക്കുകേട്ടാണ് കുട്ടിയുടെ അമ്മാവന്‍ കൊടുംക്രൂരത ചെയ്തത്. പിഞ്ചുകുഞ്ഞിനെ അയാള്‍ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു. സമാനമായ നിരവധി കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട്ടെ വ്യവസായി എം.സി. അബ്ദുല്‍ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് ജിന്നുമ്മ അടക്കം നാല് പ്രതികളായിരുന്നു. ഇവിടെയും അന്ധവിശ്വാസം മുതലെടുത്തുള്ള കൊലപാതകമാണ് നടന്നത്. സാത്താന്‍ സേവയുടെ പേരിലുള്ള കൂട്ടക്കുരുതികള്‍ വരെ സംഭവിച്ച സംസ്ഥാനമാണ് കേരളം. നമ്മുടെ നാട് സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പുരോഗതി കൈവരിച്ചിട്ടും അന്ധവിശ്വാസങ്ങളുടെ തടവറയില്‍ കഴിയുന്നവരുടെ എണ്ണം കുറയുന്നില്ലെന്നത് സമൂഹ മനഃസാക്ഷിയെ ഏറെ ഭയപ്പെടുത്തുകയാണ്. ആരെ കൊല്ലാന്‍ പോലും മടിക്കാത്ത ക്രൂരകൃത്യം ചെയ്യാന്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ കാരണമാകുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും കര്‍ശനമായ നടപടികളും ആവശ്യമാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരു ഭാഗത്ത് മനുഷ്യജീവനെടുക്കുമ്പോള്‍ മറുഭാഗത്ത് ലഹരിമാഫിയകളുടെ സ്വാധീനം മൂലമുള്ള കുറ്റകൃത്യങ്ങളും പെരുകുകയാണ്. ഏറ്റുമാനൂര്‍ തെള്ളകത്ത് പെട്ടിക്കടയിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന സംഭവം ഏറെ നടുക്കമുളവാക്കുന്നതാണ്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ശ്യാംപ്രസാദിനെ നിരവധി കേസുകളില്‍ പ്രതിയായ ജിബിന്‍ എന്ന യുവാവാണ് ചവിട്ടിക്കൊന്നത്. പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പൊലീസുകാര്‍ക്ക് പോലും സമൂഹത്തില്‍ രക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന ചോദ്യമാണ് ഈ കൊലപാതകം ഉയര്‍ത്തുന്നത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമായിരിക്കുന്നു.

Similar News