ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ നാല് പെണ്‍കുട്ടികള്‍ അതിദാരുണമായി മരണപ്പെട്ട സംഭവം കേരളത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഓര്‍ക്കുന്തോറും സങ്കമുളവാക്കുന്ന സംഭവം തന്നെയാണിത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളുടെ മുകളിലേക്കാണ് നിയന്ത്രണം വിട്ട് ചരക്കുലോറി മറിഞ്ഞത്. ഈ ലോറിക്ക് പിറകില്‍ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള മറ്റൊരു ലോറി തട്ടിയിരുന്നു. ഇതോടെയാണ് ചരക്കുലോറി വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പാഞ്ഞു കയറിയത്. കരിമ്പ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇവരില്‍ ഒരു വിദ്യാര്‍ത്ഥിനി മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ലോറി പാഞ്ഞുവരുന്നത് കണ്ട് ഉടന്‍ തന്നെ ചാടി മാറിയത് കൊണ്ടാണ് ഈ കുട്ടിക്ക് രക്ഷപ്പെടാന്‍ സാധിച്ചത്. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സഹപാഠികളുടെ ദാരുണമരണവും നേരില്‍ കണ്ടതിന്റെ ഞെട്ടലും വേദനയും ഈ കുട്ടിയുടെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നത് ദുഃഖസത്യമാണ്. അഞ്ച് പെണ്‍കുട്ടികളും ഒരുമിച്ചാണ് സ്‌കൂളില്‍ പോകുകയും തിരിച്ചുവരികയും ചെയ്യാറുള്ളത്. പരീക്ഷ കഴിഞ്ഞ സന്തോഷത്തോടെ വര്‍ത്തമാനം പറഞ്ഞ് റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കൂട്ടമരണം സംഭവിച്ചതെന്നത് എത്രമാത്രം വേദനാജകനകമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഇതൊരു താങ്ങാനാകാത്ത ആഘാതം തന്നെയാണ്. തങ്ങളുടെ കണ്‍മുന്നില്‍ ചിരിച്ചും കളിച്ചും വളര്‍ന്ന കുട്ടികള്‍ ഇനി മുതല്‍ തങ്ങളോടൊപ്പമില്ലെന്ന തിരിച്ചറിവിനോളം വലിയ വേദന വേറെയില്ല. അനാസ്ഥകളുടെയും നിരുത്തരവാദിത്വത്തിനും ഇരകളായി കുട്ടികള്‍ അടക്കം നിരവധിപേരുടെ വിലപ്പെട്ട ജീവനുകളാണ് നിരത്തുകളില്‍ പൊലിയുന്നത്. ലോറികളുടെ മരണപ്പാച്ചില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഒരു കാരണമാണ്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരിച്ചുവരുന്ന സമയത്തും ലോറികള്‍ നിരത്തിലിറങ്ങാന്‍ പാടില്ലെന്ന നിയമം തന്നെ നിലവിലുണ്ട്. ലോറികളുടെ അമിതവേഗത കാരണം സ്‌കൂള്‍ കുട്ടികള്‍ അപകടത്തില്‍പ്പെടുകയും മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇത്തരമൊരു നിയമം ഉണ്ടാക്കിയത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പടുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി റോഡരികില്‍ നില്‍ക്കുകയായിരുന്ന പത്ത് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഈ സംഭവം വലിയ നോവായി ഇന്നും മലയാളികളുടെ മനസ്സില്‍ നീറിപ്പുകയുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് പകല്‍നേരങ്ങളില്‍ ലോറികള്‍ ഓടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരുടെ ജീവന്‍ നഷ്ടപ്പെടാനും ലോറികള്‍ ഓടിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കാരണമാകുന്നുണ്ട്. രാത്രികാലങ്ങളിലാണ് ലോറികള്‍ കാരണം കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നത്. കഴിഞ്ഞ മാസമാണ് റോഡിലെ ഗതാഗതം നിരോധിച്ച ഭാഗത്ത് ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് നാടോടികള്‍ മരിച്ചത്. മദ്യലഹരിയില്‍ ക്ലീനര്‍ ഓടിച്ചതോടെയാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടത്. ഇതുപോലെ എത്രയോ അപകടങ്ങള്‍. ദേശീയപാത വികസനപ്രവൃത്തികള്‍ നടക്കുമ്പോള്‍ പലയിടങ്ങളിലും നിര്‍മ്മാണം അശാസ്ത്രീയമാകുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ബന്ധപ്പെട്ട അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞ് പരിഹരിക്കപ്പെടേണ്ട ഒരുപാട് പ്രശ്നങ്ങള്‍ പൊതുനിരത്തിലുണ്ട്.