ലഹരിമാഫിയകളുടെ സ്വാധീനം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിനൊപ്പം അവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കും ആക്കം കൂടുകയാണ്. കഞ്ചാവും മയക്കുമരുന്നും മദ്യവും വില്‍ക്കുന്ന സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കൊലപ്പെടുത്തുകയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഏറ്റവുമൊടുവില്‍ കുമ്പളയില്‍ കഞ്ചാവ് പിടികൂടാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവവും നടന്നു. പ്രിവന്റീവ് ഓഫീസര്‍ കെ.കെ പ്രജിത്തിനെ മൂര്‍ച്ചയുള്ള സ്റ്റീല്‍ ദണ്ഡ് കൊണ്ട് കുത്തുകയായിരുന്നു. ഫെബ്രുവരി 26ന് എക്സൈസ് സംഘം 107.18 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഒരു പ്രതിക്ക് കൂടി കഞ്ചാവ് കടത്തുമായി ബന്ധമുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഈ പ്രതിയെ പിടികൂടാനാണ് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പോയത്. പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അക്രമത്തിനിരയായത്. പ്രിവന്റീവ് ഓഫീസറുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. സമീപകാലത്താണ് ലഹരിക്കടിമപ്പെട്ട യുവാവ് പൊലീസുദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത്.തട്ടുകടയിലുണ്ടായ പ്രശ്നത്തില്‍ ഇടപെട്ടപ്പോഴാണ് പൊലീസുകാരന് നേരെ അക്രമം നടന്നത്. ലഹരിയിലായിരുന്ന യുവാവ് പൊലീസുകാരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും ഇവരെക്കുറിച്ചുള്ള വിവരം പൊലീസിനും എക്സൈസിനും നല്‍കുന്നവര്‍ക്കെതിരെയുമെല്ലാം അക്രമങ്ങള്‍ നടക്കുകയാണ്. കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് നിയമപാലകരെയും ലഹരിമാഫിയകള്‍ അക്രമിക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള ഏത് നീക്കത്തെയും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും ചെറുക്കാന്‍ സാധിക്കുമെന്നാണ് ലഹരി മാഫിയകള്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ നാടിന് വലിയ ആപത്തായി മാറിയിരിക്കുന്ന ലഹരി മാഫിയാ സംഘങ്ങള്‍ക്കെതിരെ സാമൂഹ്യപ്രവര്‍ത്തനങ്ങളും നിയമപരമായ ഇടപെടലുകളും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. ലഹരി സംഘങ്ങളെ പിടികൂടാന്‍ പോകുന്നത് പൊലീസായാലും എക്സൈസായാലും സ്വയം സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പൊലീസിലും എക്സൈസിലും ലഹരിമാഫിയകളെ സഹായിക്കുന്നവരുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണം. ലഹരിമാഫിയകള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണ്. ലഹരിക്കടത്ത് മാത്രമല്ല, തങ്ങള്‍ക്ക് നേരെ വരുന്നവരെ കൊലപ്പെടുത്താന്‍ പോലും മടികാണിക്കാത്ത അപകടകാരികളാണിവര്‍. നിയമപാലകര്‍ മാത്രം വിചാരിച്ചാല്‍ ഇവരെ കീഴ്‌പ്പെടുത്താനാകില്ല. നാട് ഒന്നടങ്കം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.