വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമാകുകയാണ്. കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തീരപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നു. വരള്‍ച്ചയുടെയെല്ലാം കെടുതികള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജലസ്രോതസുകളെല്ലാം വറ്റി തുടങ്ങുന്നു. കാര്‍ഷിക ജലസേചനവും പ്രതിസന്ധിയിലാണ്. കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ ആശ്വാസമാകേണ്ട കുടിവെള്ളപദ്ധതികള്‍ പോലും പ്രഹസനങ്ങളായി മാറുകയാണ്. പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ജലനിധി പദ്ധതികളെയാണ് കുടിവെള്ളത്തിനായി ഗ്രാമീണ ജനത ആശ്രയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ മുഖേനയുള്ള കുടിവെള്ള വിതരണം സംബന്ധിച്ചും പരാതികളുയരുകയാണ്.
ഏത് തരം പദ്ധതിയായാലും ജനങ്ങള്‍ക്ക് കുടിവെള്ളം അത്യാവശ്യമായി വേണ്ടത് വരള്‍ച്ചയുടെ സമയത്താണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം സമയങ്ങളില്‍ ജില്ലയിലെ പല ഭാഗങ്ങളിലും കുടിവെള്ളമെത്താത്ത അനുഭവങ്ങളാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്. ചിലയിടങ്ങളില്‍ ഈ പദ്ധതി തുടങ്ങിയത് മുതല്‍ക്കേ വെള്ളം ലഭ്യമാകുന്നില്ല. പൈവളിഗെ പഞ്ചായത്തില്‍ ജലനിധി പദ്ധതി വര്‍ഷങ്ങളായി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 13 വര്‍ഷം മുമ്പാണ് പൈവളിഗെ പഞ്ചായത്തില്‍ ജലനിധി പദ്ധതിക്ക് തുടക്കമിട്ടത്. ലക്ഷകണക്കിന് രൂപയാണ് ഈ പദ്ധതിക്ക് ചിലവായത്. എന്നാല്‍ ഒരു തുള്ളി വെള്ളം ചുരത്താന്‍ പോലും ഈ പദ്ധതിക്ക് സാധിച്ചിട്ടില്ല. സ്ഥാപിച്ച പൈപ്പുകള്‍ പലയിടത്തും ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് ഉപഭോക്തൃ വിഹിതമായി 4800 രൂപ വീതമാണ് അധികൃതര്‍ ഈടാക്കിയിരുന്നത്. എന്നിട്ടുപോലും ഇതുവരെ വെള്ളം എത്തിയില്ലെന്നാണ് പദ്ധതിയിലുള്‍പ്പെട്ട കുടുംബങ്ങള്‍ പറയുന്നത്.
ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ജലനിധി പദ്ധതി താളം തെറ്റിയ അവസ്ഥയിലാണുള്ളത്. പുഴകളില്‍ നിന്നും മറ്റ് ജലസ്രോതസുകളില്‍ നിന്നുമുള്ള വെള്ളമാണ് ജലനിധി പദ്ധതി വഴി ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുന്നത്. ജലസ്രോതസുകള്‍ വറ്റിയതോടെ വെള്ളം സംഭരിക്കാനുള്ള മാര്‍ഗങ്ങളും അടഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍ വേനല്‍ക്കാലത്ത് ജലനിധി പദ്ധതിയില്‍ നിന്നുള്ള ജലവിതരണം ചിലപ്പോള്‍ പൂര്‍ണമായും മറ്റ് ചിലപ്പോള്‍ ഭാഗികമായും മുടങ്ങുന്നുണ്ട്. അതേ സമയം പ്രതിമാസതുക പിരിക്കുന്നതിന് മാത്രം മുടക്കം വരുന്നില്ല. കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളവും പദ്ധതിക്ക് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ അതും നിലച്ചിട്ടുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതിപ്രകാരമുള്ള കുടിവെള്ള വിതരണവും പല ഭാഗങ്ങളിലും കാര്യക്ഷമമാകുന്നില്ല. ഈ പദ്ധതിയുടെ പൈപ്പുകള്‍ റോഡുപണിയെ തുടര്‍ന്ന് പലയിടങ്ങളിലും തകര്‍ന്നു. പൈപ്പ് സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഏപ്രില്‍ മാസത്തോടെ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകും. ഈ സാഹചര്യത്തില്‍ കുടിവെള്ളപദ്ധതികള്‍ ഫലപ്രദമാക്കാനും കുടിവെള്ളം എത്തിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.