കര്‍ഷകരെ കയ്യൊഴിയരുത്

By :  Sub Editor
Update: 2025-04-17 10:55 GMT

സംസ്ഥാനത്ത് കര്‍ഷകരുടെ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലമായാലും വേനല്‍ക്കാലമായാലും വന്‍തോതിലുള്ള കൃഷിനാശമാണ് കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കാലം തെറ്റിയെത്തുന്ന മഴയിലും വെയിലിലും കൃഷി നശിക്കുന്നു. കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ നടത്തുന്ന നാശത്തിന് പുറമെയാണ് പ്രതികൂല കാലാവസ്ഥയും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം വരുത്തിവെക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അതിര്‍ത്തി പ്രദേശങ്ങളിലെയും മലയോരപ്രദേശങ്ങളിലെയും കര്‍ഷകര്‍ കഴിയുന്നത് പ്രതിസന്ധിയുടെ മുള്‍മുനയിലാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യമാണ് കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകജീവിതത്തെ നരകതുല്യമാക്കുന്നത്. രാവും പകലും അധ്വാനിച്ചുണ്ടാക്കുന്ന കാര്‍ഷികവിളകളൊക്കെ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നു. കൃഷി മുഖ്യ ഉപജീവനമായി കാണുന്ന നിരവധി കുടുംബങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ കൃഷിയില്‍ നിന്ന് പിന്തിരിയാന്‍ പലരും നിര്‍ബന്ധിതരാകുന്നു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. ഇന്‍ഷൂറന്‍സ് പരിരക്ഷ കൃത്യമായി ലഭിക്കാത്തത് കര്‍ഷകര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. കൃഷിനാശം മൂലമുള്ള കടുത്ത സാമ്പത്തികബാധ്യത നേരിടുന്നതിനിടയിലാണ് ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി ലഭിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. കൃഷിവകുപ്പ് നല്‍കുന്ന വിള ഇന്‍ഷൂറന്‍സിലൂടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത ഇന്‍ഷൂറന്‍സ് പരിരക്ഷയിലൂടെയും ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് വന്‍തുകയാണ്. 2023 സെപ്തംബര്‍ വരെയുള്ള തുക മാത്രമാണ് കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പരിരക്ഷ വഴി കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സഹായവും ഒരുവര്‍ഷക്കാലമായി മുടങ്ങിക്കിടക്കുകയാണ്. 2024 ഏപ്രില്‍ വരെയുള്ള അപേക്ഷകര്‍ക്ക് മാത്രമാണ് ജില്ലയില്‍ നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. 2024-25 വര്‍ഷത്തെ നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാസര്‍കോട് ജില്ലയില്‍ 112 കര്‍ഷകര്‍ക്കായി 10.84 ലക്ഷം രൂപയാണ് അപേക്ഷ പ്രകാരം നഷ്ടപരിഹാരമായി ലഭിക്കാനുള്ളത്. കര്‍ഷകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങള്‍ എത്രയും വേഗം കൊടുത്തുതീര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. നാടിനെ അന്നമൂട്ടുന്ന കര്‍ഷകര്‍ അവഗണിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.

Similar News